നമ്മുടെ നാട്ടിൽ ധാരാളമായി വളർത്തിവരുന്ന ഒരു ഫലവൃക്ഷമാണ് പപ്പായ. 5-10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന പപ്പയുടെ തണ്ടിന്റെ മുകൾ ഭാഗത്തായാണ് ഇലകൾ ക്രമീകരിച്ചിരിക്കുന്നത്. അത്ര ബലമില്ലാത്ത തണ്ട് ഒറ്റത്തടിയായി വളരുന്ന പ്രകൃതമാണുള്ളത്. കൊഴിഞ്ഞ ഇലകളുടെ പാടുകൾ തണ്ടിൽ കാണാം. തണ്ടിന്റെ ഉൾഭാഗം പൊള്ളയായതു കൊണ്ടാണ് ബലമില്ലാത്തത്. വേരുകൾ മണ്ണിൽ ആഴത്തിൽ ഇറങ്ങാതെ ഉപരിതലത്തിനു തൊട്ടു താഴെയായി പടർന്നു വളർന്നു കാണപ്പെടുന്നു
ഔഷധപ്രാധാന്യം
പപ്പായയുടെ കറ പുരട്ടിയ പപ്പടം ചുട്ട് കുഞ്ഞുങ്ങൾക്കു കൊടുത്താൽ ദഹനക്കേടുമൂലം ഉണ്ടാകുന്ന ഗ്രഹണി മാറിക്കിട്ടും.
പച്ചകായ് തിന്നുന്നത് ഉദരകൃമി നശിക്കുവാൻ ഫലപ്രദമാണ്.
പഴുത്തകായ് പതിവായി കഴിച്ചാൽ ലൈംഗികശക്തി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
പപ്പായുടെ കറ പുഴുക്കടിക്ക് പുറമേ പുരട്ടിയാൽ ശമനം കിട്ടും.
ആർത്തവം മുടങ്ങിയും അല്‌പമായും വേദനയോടു കൂടിയും ഉള്ളവർക്ക് പച്ചകായ് കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔൺസ് വീതം ദിവസം 2 നേരം കൊടുത്താൽ ആർത്തവം സുഗമമാകും.
പപ്പായ കറിയായി വച്ചു കഴിക്കുന്നത് വിരശല്യത്തിന് നല്ല ഔഷധമാണ്.
പോത്തിറച്ചി, പന്നിയിറച്ചി കറി തയ്യാറാക്കുമ്പോൾ പച്ച പപ്പായയുടെ കഷണങ്ങൾ കൂടി ചേർത്തു വേവിച്ചാൽ ഇറച്ചി വേഗത്തിൽ വെന്തു പാകമാകും
പപ്പായയുടെ കറ പഞ്ചസാരയും ചേർത്തു കഴിച്ചാൽ ഉദര വിരശല്യം ഇല്ലാതാകും.
മൂലക്കുരുവിന്റെ ചികിത്സയിൽ പപ്പായയുടെ വേര് വെള്ളത്തിൽ പുഴുങ്ങിയെടുക്കുക. ഈ വെള്ളം അര ഗ്ലാസ് വീതം തുടർച്ചയായി ദിവസവും കുടിച്ചാൽ മൂലക്കുരുവിന് ശമനമുണ്ടാകും.
പപ്പായയുടെ കറ ആണിയുള്ള ഭാഗത്ത് പതിവായി പുരട്ടിയാൽ ആണി കൊഴിഞ്ഞു പോകും.
പച്ച പപ്പായ മൊത്തമായി ഇടിച്ചു പിഴിഞ്ഞ് നീരു കഴിക്കുന്നത് ആർത്തവ സംബന്ധിയായ പ്രയാസങ്ങൾക്ക് പ്രതിവിധിയാണ്.
പശുവിന് പാൽ കൂടുതൽ കിട്ടുവാൻ പപ്പായ പുഴുങ്ങി കൊടുക്കുന്നത് ഗുണം ചെയ്യും.