8-20 സെ.മീ. ഉയരത്തിൽ വളരുന്ന പ്രകൃതമുള്ള വാർഷികച്ചെടിയാണ് പർപ്പടകപ്പുല്ല്. മുഖ്യതണ്ടിൽ ധാരാളം നേർത്ത ശാഖകളും ഉപശാഖകളും ഉണ്ട്.
ഇലകൾ വളരെ നേർത്തതാണ്. 0.5-1.25 സെ.മീ നീളമുള്ള ഇലകളുടെ അഗ്രഭാഗം കൂർത്ത മുനയോടു കൂടിയതാണ്. തണ്ടുകളുടെയും ശാഖകളുടെയും മുട്ടുകളിൽ 2-8 ഇലകൾ വരെ കാണാം. ഇതിന്റെ പൂക്കൾ തണ്ടുകളുടെ മുട്ടുകളിൽ നിന്നാണ് ഉണ്ടായി വരിക.
ഔഷധപ്രാധാന്യം
ആർത്തവം ക്രമമായി ഉണ്ടാകുവാൻ 5-6 ചുവട് പർപ്പടകപ്പുല്ലരച്ച് ഉരുട്ടി നെല്ലിക്ക വലുപ്പത്തിൽ രാത്രിയിൽ കിടക്കുന്നതിന് മുൻപ് കഴിക്കുന്നത് ഗുണം ചെയ്യും.
പർപ്പടകപ്പുല്ല്, പടവലത്തിൻ്റെ ഇല, വേപ്പിൻതൊലി, കടുകു രോഹി ണി, മരമഞ്ഞൾതൊലി, വാടത്താളി, കൊടിത്തൂവ, ബ്രഹ്മി ഇവ തുല്യമായും മുത്തങ്ങ, പുത്തരിച്ചുണ്ട്, കുടകപ്പാലയരി, ചെറുതിപ്പലി ഇവ പകുതിഭാഗവുമായും എടുത്ത് കഷായം വച്ചു സേവിച്ചാൽ പൊങ്ങൻ പനിക്ക് ശമനം കിട്ടും.
പർപ്പടകപ്പുല്ല്, ചന്ദനം, രാമച്ചം, മുത്തങ്ങ, ഇരുവേലി, ചുക്ക് ഇവയെല്ലാം കൂടിച്ചേർന്ന യോഗത്തെ ശീതകഷായം വെച്ചു കുടിച്ചാൽ അഞ്ചാംപനിക്ക് ഫലപ്രദമായ ഔഷധമാണ്.
മഞ്ഞപ്പിത്തം, അഗ്നിമാന്ദ്യം, പലതരം ജ്വരം എന്നീ അസുഖങ്ങൾക്ക് പർപ്പടകപ്പുല്ല് സമൂലമെടുത്ത് അതിൻ്റെ 8 ഇരട്ടി വെള്ളത്തിൽ കഷായം വച്ച് 14 ആക്കി വറ്റിച്ച്; 30 മി.ലി. മുതൽ 60 മി.ലി. വരെ ദിവസം 3 നേരം വീതം കുടിക്കുന്നത് ഫലം ചെയ്യും.
പർപ്പടകപ്പുല്ലും പച്ചമഞ്ഞളും സമമെടുത്ത് കല്ക്കമാക്കി വെളിച്ചെണ്ണ ചേർത്ത് കാച്ചി തേച്ചാൽ ചൊറി, കരപ്പൻ, ചിരങ്ങ് ഇവ മാറികിട്ടും.
വട്ടച്ചൊറിക്ക് പർപ്പടകപ്പുല്ലും പച്ചമഞ്ഞളും ചേർത്ത് എണ്ണ കാച്ചി തേച്ചാൽ ഫലം കിട്ടും.