നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് പർപ്പടകപ്പുല്ല്. പർപ്പടപ്പുല്ല് എന്നും പറയും . ഇതിന് കുമ്മാട്ടിപ്പുല്ല് എന്ന് പറയാറുണ്ട്. ഇതിനെ കുമ്മാട്ടിപ്പുല്ല് എന്ന് വിളിക്കാനുള്ള കാരണം കുമ്മാട്ടികളിയിൽ ഈ പുല്ല് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. തൃശ്ശൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി. ഈ ദേശക്കാർ ഓണത്തോട് അനുബന്ധിച്ച് കുമ്മാട്ടിക്കളി ആഘോഷിക്കാറുണ്ട്.
കുമ്മാട്ടി വേഷം കെട്ടുന്നത് പർപ്പടകപുല്ല് കൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് പർപ്പടകപ്പുല്ലിനെ കുമ്മാട്ടിപ്പുല്ല് എന്ന് അറിയപ്പെടുന്നത്. കുമ്മാട്ടികളിയുടെ നിലനിൽപ്പുതന്നെ ഈ പുല്ലിനെ ആശ്രയിച്ചാണന്ന് വേണമെങ്കിൽ പറയാം. വെയിലേറ്റാൽ കുമ്മാട്ടിപുല്ലിന് വളരെ നല്ല സുഗന്ധമണ്. ഈ പുല്ല് ശരീരത്തോട് ചേർത്തു കെട്ടുമ്പോൾ കൂടുതൽ ഓക്സിജൻ പ്രവഹിപ്പിക്കുകയും അതു മൂലം മണിക്കൂറുകളോളം ക്ഷീണിക്കാതെ കുമ്മാട്ടി കളിക്കാൻ ഈ പുല്ല് അവരെ സഹായിക്കും. അത്രയ്ക്കും ഔഷധഗുണമുള്ള ഒരു സസ്യമാണ് പർപ്പടകപ്പുല്ല്. നിലത്ത് പറ്റിച്ചേർന്ന് പടരുന്ന വളരുന്ന ഇവ വർഷത്തിൽ ഏകദേശം 20 സെന്റീമീറ്ററോളം വളരുന്നു. ഇത് സമൂലം ഔഷധയോഗ്യമാണ്.
കഫപിത്തവികാരങ്ങൾ ശമിപ്പിക്കും; ജ്വരം, ചുട്ടു നീറ്റൽ ഇവയെ അകറ്റും; അഗ്നിദീപ്തിയും ദഹനശക്തിയും വർദ്ധിപ്പിക്കും. വിയർപ്പു ണ്ടാക്കും; മൂത്രം വർദ്ധിപ്പിക്കും. ആർത്തവത്തെ ഉണ്ടാക്കും. മാറാതെ സ്ഥിരമായി നിൽക്കുന്ന എല്ലാ വിധ ജ്വരവികാരങ്ങളെയും നശിപ്പിക്കുവാൻ കഴിവുള്ള ഒരുത്തമ ഔഷധം തന്നെയാണ് പർപ്പടകപ്പുല്ല്.
കൂടാതെ മഞ്ഞപ്പിത്തം, സർവാംഗം പുകച്ചിൽ, അഗ്നിമാന്ദ്യം, ജ്വരരോഗിയുടെ കുടലിലുണ്ടാകുന്ന നീർവീഴ്ച, ആമാവസ്ഥ എന്നിവയ്ക്ക് പർപ്പടകപ്പുല്ല് സമൂലം അതിന്റെ എട്ടിരട്ടി വെള്ളത്തിൽ തിളപ്പിച്ച് നേർപകുതിയാക്കി അറുപതു മില്ലി വീതം നാലു മണിക്കൂറിട വിട്ട് ദാഹശമനി പോലെ കുടിക്കുന്നത് അതീവ ഫലപ്രദമാണ്.
പർപ്പടകപ്പുല്ല്, രാമച്ചം, ചന്ദനം, മുത്തങ്ങ, ഇരുവേലി, ചുക്ക് ഇവ കഷായമായിട്ടോ സമം ചതച്ച് വെള്ളത്തിലിട്ട് ഒരു രാത്രി കഴിഞ്ഞ് ശീത കഷായമായിട്ടോ കഴിക്കുന്നത് മസൂരിക, വണ്ണൻ, രക്തപിത്തം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്ക് ഏറ്റവും നല്ല ഔഷധമാണ്