പ്രായമായവരിൽ ഇപ്പേൾ സർവസാധാരണയായി കണ്ടുവരുന്നതാണ് മറവിരോഗം. വാർധക്യത്തെ നിസ്സഹായകരവും വിഷമകരവുമാക്കുന്ന ഒരവസ്ഥയാണിത്. എങ്കിലും ബന്ധുജനങ്ങളുടെ പരിചരണം ഇവർക്ക് ആശ്വാസം പകരുന്നതാണ്. തലച്ചോറിലെ തകരാർ, ട്യൂമർ, അപകടം എന്നിവ കൊണ്ടോക്കെ മറവി ബാധിച്ചേക്കാം. എല്ലാ ഓർമക്കുറവും മറവിരോഗമായി കാണരുത്. പ്രായാധിക്യത്താൽ ഇതുണ്ടാകുന്നത് സാധാരണമാണ്.
വിഷാദം, ശാരീരികരോഗം, മരുന്നുകളുടെ ഫലം, ക്ഷീണം, ആകാംഷ എന്നിവ കൊണ്ടൊക്കെയും മറവി വന്നേക്കാം. പറയുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുക. നല്ല പരിചിതമായ വഴി, സ്ഥലം ഇവ മാറിപ്പോകുക. സംസാരിക്കുമ്പോൾ മറ്റു വിഷയങ്ങൾ മാറിപ്പറയുക. സ്വന്തക്കാരുടെ പേരും വീട്ടുപേരുമൊക്കെ ഓർമിക്കാൻ പ്രയാസം. ഉപയോഗിക്കുന്ന കണ്ണട, ചെരിപ്പ്, പഴ്സ് ഇവയൊക്കെ എവിടെയെങ്കിലും വച്ചു മറക്കുക. പരിസരബോധമില്ലാതെ മലവിസർജനം നടത്തുക. അമിതമായ ദേഷ്യം, വിഷാദം, മൂകത എന്നിവ പ്രകടിപ്പിക്കുക. ഇവ കാണുന്നുവെങ്കിൽ കുടുംബാംഗങ്ങൾ ഇവരെ നിരീക്ഷിക്കുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്യാം.
ഇവർക്കു ദൈനംദിന ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾക്കു പരസഹായവും വേണ്ടി വന്നേക്കാം. രോഗിക്കു കൃത്യമായ പരിചരണം നൽകണം. പോഷകാഹാരം പ്രത്യേകം ഉള്‍പ്പെടുത്തുക. നടത്തം തുടങ്ങിയ വ്യായാമ രീതികള്‍ ചെയ്യാൻ പ്രേരിപ്പിക്കണം. നല്ല പുസ്തകം. പത്രമാസികകൾ എന്നിവയൊക്കെ വായിപ്പിക്കാൻ ശ്രമിക്കാം. നല്ല ടിവി പരിപാടികള്‍ കാണിക്കുക, പാട്ടു കേൾപ്പിക്കുക എന്നിവയൊക്കെ ചെയ്യാം. കുടുംബാംഗങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഇവർക്കു വേണ്ട പരിഗണന നൽകേണ്ടതാണ്. രോഗിയുമായി ഒരു ന്യൂറോളജിസ്റ്റിനെ കണ്ടാൽ ഈ അവസ്ഥയെക്കുറിച്ചു മനസ്സിലാക്കാം. രോഗലക്ഷണങ്ങളില്‍ ചിലത് കൂടാതിരിക്കാനുള്ള ഔഷധങ്ങളുമുണ്ട്.