ഇനി പറയുന്ന ആയുർവേദ മാർഗങ്ങൾ മുഖക്കുരു മാറി മുഖകാന്തി വർധിക്കാൻ സഹായിക്കുന്നവയാണ്:
- പാച്ചോറ്റിത്തൊലി, കൊത്തമ്പാലയരി, വയമ്പ് ഇവയുടെ മിശ്രിതം മുഖത്ത് ലേപമായി ഉപയോഗിച്ചാൽ മുഖക്കുരുവും അതോടനുബന്ധിച്ചുള്ള കറുത്ത പാടുകളും നിശ്ശേഷം മാറും.
- ചണംപയറ് അരച്ച് നെയ്യും പാലും ചേർത്ത് മുഖത്ത് തേക്കുന്നത് നല്ലതാണ്.
- ഉമിയില്ലാത്തതും മിനുസമുള്ളതും ആയ യവത്തിന്റെ പൊടി,ഇരട്ടിമധുരം, പാച്ചോറ്റിത്തൊലി ഇവ അരച്ചുതേച്ചാൽ മുഖത്തിന് സ്വർണതുല്യമായ തിളക്കമുണ്ടാകും.
- പേരാലിൻ തളിര്, നാളികേരത്തിന്റെ ചിരട്ട ഇവ പച്ചവെള്ളത്തിൽ അരച്ച് പുരട്ടാം.
- ഏലാദിഗണ ചൂർണം, നാൽപാമരാദി ചൂർണം, ലോധോദി ചൂർണം ഇവ മുഖക്കുരുവിന് നല്ലതാണ്.
- പഞ്ചവൽക്കാദി തൈലം, ഏലാദി തൈലം ഇവ പുരട്ടുന്നത് നല്ലതാണ്. എണ്ണമയം ഉള്ള ചർമം ആണെങ്കിൽ ഇവയുടെ തന്നെ ചൂർണങ്ങൾ ഉപയോഗിക്കാം.
- മഞ്ചട്ടിപ്പൊടി തേനിൽ ചാലിച്ച് പുരട്ടുക.
- കുങ്കുമാദി തൈലം പുരട്ടുന്നതും അതുപയോഗിച്ചുള്ള നസ്യവും വളരെ ഫലപ്രദമാണ്.
- ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും ചേർത്ത് മുഖത്തിട്ട് ഉണങ്ങിയശേഷം കഴുകിക്കളയുക.
- രക്തചന്ദനം പനിനീരിലോ മുലപ്പാലിലോ പശുവിൻപാലിലോ അരച്ചിടുക.
- ആപ്പിൾ, വെള്ളരിക്ക, പപ്പായ ഇവയിലൊന്ന് അരച്ചെടുത്ത് മുഖത്ത് ലേപനം ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക.
- തുളസിയില നീര് പുരട്ടുക.
- ചെറുനാരങ്ങാനീര് ചെറുചൂടുവെള്ളത്തിൽ കുടിക്കുക.
- ആര്യവേപ്പിലയും മഞ്ഞളും അരച്ചിടുക.
- ചന്ദനം അരച്ച് പുരട്ടുക.
- ചന്ദനവും കുറച്ച് കർപ്പൂരവും അരച്ച് രാത്രി മുഖത്തിടുക.
- മഞ്ഞൾ, ചന്ദനം, പേരാലിന്റെ പഴുത്ത ഇല, കൊട്ടം, വയമ്പ്, ഗോരോചനം എന്നിവ പാലിൽ അരച്ച് പുരട്ടുക.
- കസ്തുരിമഞ്ഞൾ പാൽപ്പാടയിൽ അരച്ച് മുഖത്ത് പുരട്ടുക.
- ഉള്ളി അരച്ച് ചെറുനാരങ്ങാനീരും ചേർത്ത് കിടക്കാൻ നേരം മുഖത്ത് പുരട്ടുക. അതിരാവിലെ ചെറുപയർപൊടിയും വെള്ളവും ചേർത്ത് കഴുകിക്കളയുക.
- തേങ്ങാവെള്ളം കൊണ്ട് മുഖം കഴുകുക. തേങ്ങാവെള്ളം കുടിക്കുന്നതും നല്ലതാണ്.
- കോലരക്ക് പൊടിച്ചിട്ട് വെള്ളം തിളപ്പിച്ച് മുഖം കഴുകുക.
- നിലപ്പനക്കിഴങ്ങ് ആട്ടിൻപാലിൽ അരച്ച് തേനും ചേർത്ത് മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർധിക്കും.
- ഈ ലേപനങ്ങൾകൊണ്ടൊന്നും മുഖക്കുരു മാറിയില്ലെങ്കിൽ ഛർദിപ്പിക്കുക, നസ്യം ചെയ്യുക, വിരേചനം (വയറിളക്കൽ) മുതലായ പഞ്ചകർമ ചികിത്സകൾ ചെയ്താൽ രോഗം പൂർണമായും ശമിക്കുന്നതാണ്.