കാല്‍വിരലുകളിലും പാദത്തിനടിയിലുമാണ് ആണിരോഗം സാധാരണയായി കണ്ടുവരുന്നത്. കോണ്‍ ആകൃതിയില്‍ ഉണ്ടാകുന്ന വേദനയോടുകൂടിയ തടിപ്പുകള്‍ വൈറസ് മുഖേനയും അല്ലാതെയും ഉണ്ടാകും. നടക്കുമ്പോഴും നില്‍ക്കുമ്പോഴും ആണി ചര്‍മ്മത്തിനുള്ളിലേക്ക് തള്ളപ്പെടുന്നതിനാല്‍ വേദന അനുഭവപ്പെടുന്നു.വളര്‍ന്നു മുറ്റിയ ആണി നാഡികളുടെ അഗ്രങ്ങളെ സ്പര്‍ശിക്കുന്നതിനാലാണ് വേദന അനുഭവപ്പെടുന്നത്.
ഏതാണ്ട് പത്ത് ശതമാനം യുവാക്കള്‍ക്ക് ആണിരോഗം ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. നഗ്നപാദരായി നടക്കുന്നതും വൃത്തിഹീനമായ പൊതുകുളിയിടങ്ങളുടെ ഉപയോഗവുമാണ് ഈ രോഗമുണ്ടാകാന്‍ പലപ്പോഴും കാരണമാകുന്നത്. കാല്‍വണ്ണയിലുണ്ടാകുന്ന പോറലുകള്‍,ചെറിയ മുറിവുകള്‍ എന്നിവയിലൂടെ വൈറസ് ചര്‍മ്മത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു. ഈ വൈറസ് ചൂടും തണുപ്പുമുള്ള സാഹചര്യങ്ങളില്‍ വളര്‍ച്ചാശേഷി ഉള്ളവയാണ്. കാല്‍, പാദരക്ഷകളില്‍ അധികസമയം നില്‍ക്കുന്നത് ഇത്തരം വൈറസുകള്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നു. കാല്‍വെള്ളയിലെ ആണിരോഗം പാദങ്ങളുടെ ഏത് ഭാഗത്തേക്കും വ്യാപിക്കാം. ഇവയില്‍ ചിലത് വലുപ്പം കൂടുകയും ചുറ്റും ചെറിയ ആണികള്‍ ധാരാളമായി ഉണ്ടാവുകയും ചെയ്യും.
കാലുകളിലുണ്ടാവുന്ന സാധാരണ തഴമ്പുകളില്‍ നിന്നും ആണികളെ തിരിച്ചറിയാന്‍ പ്രയാസമാണ്.ആണിയുടെ ഉപരിതലത്തില്‍ വളരെ ചെറിയ കറുത്തപൊട്ടുകള്‍ കാണാന്‍ കഴിയും എന്ന ഒരു ലക്ഷണം മാത്രമാണ് ആണിയെ തഴമ്പുകളില്‍ നിന്നും വേര്‍തിരിച്ചുനിര്‍ത്തുന്നത്. ചിലരില്‍ വിറ്റാമിന്‍ എയുടെ കുറവുകൊണ്ട് ആണിരോഗം വരാം. ചായ,കാപ്പി,മദ്യപാനം എന്നീ ശീലങ്ങള്‍ അധികമുള്ളവരിലും ഈ രോഗം കാണാറുണ്ട്. കാരണത്തെ ഒഴിവാക്കുക എന്നതാണ് രോഗത്തെ ചികിത്സിക്കുന്നതിനേക്കാള്‍ മുന്‍പ് ചെയ്യേണ്ടത്. ഇത് രോഗത്തിന്റെ തീവ്രത കുറയ്ക്കും.ആദ്യഘട്ടത്തില്‍ സാലിസിലിക് ആസിഡ് ആണികളില്‍ പുരട്ടുന്നത് രോഗം മാറാന്‍ സഹായിക്കും. ക്രമാതീതമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ആണി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്. ചിലപ്പോള്‍ പലപ്രാവശ്യം ഈ പ്രക്രിയ ആവര്‍ത്തിക്കേണ്ടി വന്നേക്കാം.
ആണിരോഗത്തിന് ആയുര്‍വ്വേദത്തില്‍ പ്രതിവിധിയുണ്ട്. എരുക്കിന്‍ പാല്‍ പതിവായി പലവട്ടം ആണികളില്‍ പുരട്ടുന്നത് നല്ലതാണ്. കൂടാതെ പഴുക്കാപാക്കിന്റെ തോട് പിഴിഞ്ഞ നീരില്‍ പൊന്‍കാരം ചാലിച്ച് വെണ്ണ ചേര്‍ത്ത് പുരട്ടുന്നത് ആണിരോഗം ശമിപ്പിക്കുന്നതിന് ഉത്തമമാണ്. കരിംജീരകം കരിച്ച്് വിനാഗിരിയില്‍ ചാലിച്ച് പുരട്ടുന്നതും ഗുണം ചെയ്യും. ആണിരോഗം കൂടി വരുന്നതായി കണ്ടാല്‍ വൈദ്യനെ കണ്ട് ഉള്ളില്‍ മരുന്ന് കഴിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് ഭാവിയില്‍ ദോഷം ചെയ്‌തേക്കാം.
( കടപ്പാട്- ഡോക്ടര്‍ രേഷ്മ ജി ഷൈന്‍ എഴുതി വാസുദേവ വിലാസം സ്വാസ്ഥ്യം എന്ന അനന്തപുരി എഫ്എം പരിപാടിയില്‍ അവതരിപ്പിച്ചത്)