നാലഞ്ച് മീറ്റർ ഉയരത്തിൽ വളരുന്ന ഒരു മരമാണ് മാതളം. ഇതിൻറെ ഫലമെന്നല്ല തൊലി, കായ, പൂക്കൾ എന്നിവയും ഔഷധവീര്യം ഉള്ളവയാണ്.
മാതളം പ്രധാനമായി രണ്ടുതരമുണ്ട്. ഒന്ന് മധുരിക്കുന്നതും മറ്റൊന്ന് ചവർപ്പ് ഉള്ളതും. രണ്ടും ഔഷധ പ്രാധാന്യമുള്ളവ തന്നെ. കൂടാതെ ഹിമാലയസാനുക്കളിൽ പുളിപ്പുള്ള ഒരു തരവും ഉണ്ട്. ഇതിൻറെ അല്ലികൾ അവിടുത്തുകാർ പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു.
രുചി പ്രദവും അമ്ലപ്രധാനവുമായ മാതളം ശരീരത്തിന് നല്ല കുളിർമയേകാൻ ഉത്തമമാണ്. ഉഷ്ണാധിക്യത്തെ കുറയ്ക്കുവാനുള്ള ഇതിൻറെ ശക്തി സുവിദിതമാണ്.
നെഞ്ചു സംബന്ധമായ അസുഖങ്ങൾക്ക് മാതളത്തോട് പ്രതിവിധിയാണ്.
മാതളത്തോട്, കുരുമുളക്, ചെറുതിപ്പലി, ചവർകാരം എന്നിവ വിധിപ്രകാരം പൊടിച്ചു ശർക്കര ചേർത്തു കുറേശ്ശേ ദിവസവും സേവിച്ചാൽ കഫത്തോടുകൂടിയ ചുമയ്ക്ക് ശമനം ലഭിക്കും.
മാതളപ്പഴത്തിൻറെ മുകൾഭാഗം തുരന്ന് അതിൽ ബദാം എണ്ണ നിറച്ചു സൂക്ഷിക്കുക. അതിൽനിന്നു പിന്നീട് അലികൾ എടുത്തു ദിവസേന സേവിക്കുക. ഇത് കാലപ്പഴക്കംചെന്ന ചുമയ്ക്കുള്ള ഒരു യൂനാനി വിധിയാണ്.
മാതളപ്പഴനീരും തേനും തുവർ ച്ചിലയുപ്പും ചേർത്ത് ശ്വാസസംബന്ധമായ രോഗത്തിന് സേവിക്കാം.
മാതളത്തോട്, നെൽപ്പോരി, തിപ്പലി, പഞ്ചസാര ഇവ പൊടിച്ച് തേനിൽ കഴിക്കുക. ചുമയ്ക്കും ഛർദ്ദിക്കും ഫലപ്രദമായ ഔഷധമാണ്. മാതളത്തോടും താന്നിക്കത്തോടും വായിലിട്ടു ചവച്ച് ഉമനീർ കഴിച്ചാലും തുല്യ ഫലം ലഭിക്കും.
മാതള അല്ലി ഉദരസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കും.
ഭക്ഷണത്തിന് വേണ്ടത്ര രുചി ഇല്ലാതാകുമ്പോൾ മാതള നീർ ഉപയോഗിക്കാം. രക്തസ്രാവത്തോട് കൂടിയ അതിസാരവും മാതള നീര് ശമനം ചെയ്യും. മാതളത്തോട് കൊണ്ടുള്ള കഷായവും അതിസാരം അകറ്റും.
കുടൽ കൃമികളെ നശിപ്പിക്കുവാനും മാതളത്തോട് കഷായം ഉപകരിക്കും. മാതള മരത്തിൻറെ തോലിൽ Punicine എന്നൊരു ആൽക്കലോയിഡ് ഉണ്ട്. ഇതാണ് നാടവിര സംഹാരിയായി വർത്തിക്കുന്നത്.
മൂക്കിൽ നിന്നുണ്ടാകുന്ന രക്തസ്രാവത്തിന് മാതള പൂക്കളുടെ നീരോ പഴനി നീരോ മൂക്കിൽ ഇറ്റിച്ചു ശമനം വരുത്താവുന്നതാണ്.