പൂവരശ്, മാൽവേസി സസ്യകുടുംബത്തിൽ ഉൾപ്പെട്ട ഒരു ഔഷധിയാണ്. തെസിയ പൊപ്പൽനിയ എന്ന് ശാസ്ത്രനാമം. ഇംഗ്ലീഷ് ഭാഷയിൽ “അംബല്ലാ ട്രീ' എന്നാണ് പേര്. പൂവരശിന്റെ പുഷ്പത്തിനും തൊലിക്കും വിത്തിനും ത്വക്ക് രോഗങ്ങൾ ശമിപ്പിക്കാൻ അണുനാശക ശക്തിയുണ്ട്. കേരളത്തിൽ മണലടങ്ങിയ തീരപ്രദേശത്തും കായലോരങ്ങളിലും സമതലങ്ങളിലും ധാരാളം കണ്ടു വരുന്നു.
വീട്ടുവൈദ്യത്തിന്റെ ഭാഗമായി പൂവരശിന്റെ പട്ടയും പൂവും ചേർന്ന് വെള്ളം തിളപ്പിച്ച് കുളിക്കുക, ചൊറിചിരങ്ങുകൾക്ക് ധാരകോരുക, ഔഷധ വീര്യമുള്ള പട്ട കൊണ്ട് എണ്ണകാച്ചി, ബാലചികിൽസയുടെ ഭാഗമായി കരപ്പൻ മുതലായവ നിയന്ത്രിക്കുക, ഇത്തരം പൊടിക്കൈകൾ പ്രാചീന കാലം മുതൽ നിലവിലുണ്ട്. നീരിനും വേദനയ്ക്കും പൂവരശില അരച്ചുപൂശുന്നത് ആശ്വാസമാണ്. അണുനാശക ശക്തിയുള്ള ഔഷധി കൂടിയാണ് ഇത്.
ശീലാന്തി ത്വക്ക് രോഗങ്ങൾക്ക് എല്ലാവിധ ചികിത്സകന്മാരും ഉപയോഗിച്ചുവരുന്നു. ഇതിന് ആയുർവേദത്തിൽ 'പുഷ്പധാ' എന്ന പേരിൽ അറിയപ്പെടുന്നു.
ശീലാന്തിക്കാതൽ കഷായം വെച്ചു കഴിക്കുന്നത് യകൃത്തിനെ ബാധിക്കുന്ന രോഗങ്ങൾക്കു നന്നാണ്. ശീലാന്തിക്കാതൽ കൊണ്ടുണ്ടാക്കുന്ന കട്ടിൽ, കസേര തുടങ്ങിയ
ഉരുപ്പടികൾ ഉപയോഗിക്കുന്നതു വാതഹരമാണ്. ശീലാന്തിട്ട കഷായം വെച്ചു കഴിക്കുകയും അതു തന്നെ കല്ക്കമാക്കി വെളിച്ചെണ്ണ കാച്ചി പുരട്ടുകയും ചെയ്യുന്നത് ത്വക് രോഗത്തിന് ഏററവും നല്ല ചികിത്സയാണ്.
മഞ്ഞപ്പിത്തം വന്ന് കണ്ണിലെ മഞ്ഞനിറം മാറാതെ നിൽക്കുന്ന ഘട്ടത്തിൽ പൂവരശിൻതൊലി ഇടിച്ചു പിഴിഞ്ഞ് വേരിലെ തൊലി കല്ക്കമാക്കി കാച്ചിയെടുക്കുന്ന എണ്ണ തലയിൽ തേച്ചു കുളിക്കുന്നത് വിശേഷമാണ്. ചുരുട്ട, മുട്ട തുടങ്ങിയ ക്ഷുദ്രജീവികൾ കടിച്ചുണ്ടാകുന്ന തടിപ്പിന് പൂവരശിൻ പൂമൊട്ട് അരച്ചു പൂശുക, ശീലാന്തിപ്പട്ടയും ഇലയും അരച്ച് ആവണക്കെണ്ണയിൽ ചാലിച്ചു ലേപനം ചെയ്യുന്നത് നീർക്കെട്ടിനും വേദനയ്ക്കും വിശേഷമാണ്. ശീലാന്തിയുടെ ഇലയും പൂവും കായും പട്ടയും ഔഷധങ്ങൾക്ക് യോഗ്യമാണ്.
ശീലാന്തിട്ട കഷായം വെച്ചു കഴിക്കുകയും ശീലാന്തിമൊട്ടും പട്ടയും അരച്ച് വെളിച്ചെണ്ണ കാച്ചി ദേഹത്തു പുരട്ടുകയും ചെയ്യുന്നത് കുട്ടികൾക്കുണ്ടാകുന്ന കരപ്പനും ചൊറിക്കും അതിവിശേഷമാണ്.