പോസിറ്റീവ് മില്ലറ്റ്സ് അഥവാ പോസിറ്റീവ് പോഷക ചെറുധാന്യങ്ങൾ ഭക്ഷണം ആക്കുന്നതിലൂടെ രോഗമില്ലാത്ത ജീവിതം സാധ്യമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന, ലോകം “മില്ലെറ്റ്മാന്‍” എന്നപേര് നല്‍കി ആദരിക്കപ്പെടുന്ന വ്യക്തിയാണ് പദ്മശ്രീ ഡോക്ടര്‍ ഖാദര്‍ വാലി. അദ്ദേഹത്തിന്റെ നിരന്തര പഠന, ഗവേഷണ, പരീക്ഷണ, നിരീക്ഷണങ്ങ ളുടെ കണ്ടെത്തലുകള്‍ അനുസരിച്ച് ധാന്യങ്ങളെ മൂന്നായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.
1. പോസിറ്റീവ് ഗ്രെയിൻസ് (Positive Grains)
2. ന്യൂട്രൽ ഗ്രെയിൻസ് (Neutral Millets)
3. നെഗറ്റീവ് ഗ്രെയിൻസ് (Negative Grains)
1. പോസിറ്റീവ് ഗ്രെയിൻസ്
നമ്മുടെ ആരോഗ്യസ്ഥിതി നിരന്തരമായി മെച്ചപ്പെടുത്തുകയും രോഗമില്ലാത്ത അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്ന ധാന്യങ്ങളെയാണ് പോസിറ്റീവ് ഗ്രെയിൻസ് എന്നു പേരിട്ടിട്ടുള്ളത്.
ചാമ (Little Millet), തിന (Foxtail Millet), വരക് (Kodo Millet), കുതിരവാലി (Barnyard Millet), Brown top Millet (കൊറലെ) എന്നിവയാണ് പ്രധാനപ്പെട്ട പോസിറ്റീവ് ഗ്രെയിൻസ്.
ജീവിതശൈലി രോഗങ്ങൾക്കും മറ്റു രോഗങ്ങൾക്കും ഉപയോഗിക്കാവുന്ന പ്രധാനപ്പെട്ട ചെറുധാന്യങ്ങളാണിവ.
2. ന്യൂട്രൽ ഗ്രെയിൻസ്
നമ്മുടെ ആരോഗ്യസ്ഥിതി മോശപ്പെടാതെയും മെച്ചപ്പെടുത്താതെയും തൽസ്ഥിതി നിലനിർത്തുന്ന ചെറുധാന്യങ്ങളെയാണ് ന്യൂട്രൽ ഗ്രെയിൻസ് എന്ന് വിളിക്കുന്നത്.
മുകളിൽ സൂചിപ്പിച്ച 5 മില്ലറ്റുകൾക്ക് പുറമേയുള്ള എല്ലാ ചെറുധാന്യങ്ങളെയും ന്യൂട്രൽ ഗ്രെയിൻസ് എന്ന വിഭാഗത്തിലാണ് അദ്ദേഹം ഉൾപ്പെടുത്തി യിട്ടുള്ളത്.
റാഗി / മുത്താറി / കൂവരക് (Finger Millet ), കമ്പ് / ബാജ്റ / പവിഴച്ചോളം (Pearl Millet ), മണിച്ചോളം / ജോവർ (Sorghum), പനിവരക് (Proso Millet ) തുടങ്ങിയവയെല്ലാം ന്യൂട്രൽ ഗ്രെയിൻസുകളിൽ പെടുന്നവയാണ്..
3. നെഗറ്റീവ് ഗ്രെയിൻസ്
നമ്മുടെ ആരോഗ്യസ്ഥിതി എല്ലായ്പ്പോഴും ഒന്നിനൊന്ന് മോശമാക്കി കൊണ്ടിരിക്കുകയും ഗുരുതരമായ രോഗാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്ന ധാന്യങ്ങളെയാണ് നെഗറ്റീവ് ഗ്രെയിൻസ് എന്ന് പേരിട്ടിട്ടുള്ളത്.
തവിട്ടുകളഞ്ഞ അരി, ഗോതമ്പ് തുടങ്ങിയ നമ്മുടെ നിത്യഭക്ഷണത്തിന്റെ ഭാഗമായ ധാന്യങ്ങളെയാണ് നെഗറ്റീവ് ഗ്രെയിൻസ് എന്ന വിഭാഗത്തിൽ പെടുത്തിയിട്ടുള്ളത്.
പോസിറ്റീവ് മില്ലറ്റുകളുടെ ഭക്ഷണക്രമം
പോസിറ്റീവ് മില്ലറ്റുകൾ ഓരോന്നും രണ്ടു ദിവസം വീതം മാറി മാറി കഴിക്കുന്നതാണ് ഉത്തമം. നമുക്ക് ആവശ്യമായ എല്ലാ പോഷകമൂല്ല്യങ്ങളും ശരിയായ അളവിൽ ഇതിൽ നിന്നും കിട്ടും.
പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളുള്ളവരുടെ രോഗാവസ്ഥ എളുപ്പത്തിൽ നിയന്ത്രിക്കാൻ പോസിറ്റീവ് മില്ലറ്റുകൾ കഴിക്കുന്നതിലൂടെ സാധിക്കും.
അരിഭക്ഷണത്തിൽ 395, ഗോതമ്പിൽ 65 എന്നതാണ് കാർബോഹൈഡ്രേറ്റ്, ഫൈബർ അനുപാതം. പോസിറ്റീവ് ചെറുധാന്യങ്ങളിൽ ഈ അനുപാതം പത്തിൽ താഴെയാണ്. കാർബോ ഹൈഡ്രേറ്റ്, ഫൈബർ അനുപാതം ഭക്ഷണത്തിൽ കൂടുതലാണെങ്കിൽ നമ്മുടെ ആരോഗ്യസ്ഥിതി മോശമാക്കുകയും കുറവാണെങ്കിൽ മെച്ചപ്പെടു ത്തുകയും ചെയ്യും.
ഭക്ഷണം കഴിഞ്ഞു അര മണിക്കൂറിനകം അരി, ഗോതമ്പ് എന്നിവയിലെ ഗ്ലൂക്കോസ് ശരീരത്തിലേക്ക് മാറ്റപ്പെടുന്നതിനാൽ ഷുഗർ ലെവൽ പെട്ടെന്ന് കൂടുകയും ചെയ്യും. മിച്ചമുള്ള കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് ആയി മാറ്റപ്പെടുന്നതിനാൽ ശരീരം വണ്ണിക്കുകയും പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്യും.
.ചെറുധാന്യങ്ങളിൽ നിന്നും ഗ്ലൂക്കോസ് ശരീരത്തിലേക്കു മാറ്റപ്പെടുന്നതിന് രണ്ടു മുതൽ എട്ടര മണിക്കൂർ വരെ സമയമെടുക്കും എന്നതിനാൽ ഷുഗർ ലെവൽ നിയന്ത്രിക്കുകയും കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യും.
ആയതിനാൽ രോഗമുള്ളവരും പൊണ്ണത്തടിയുള്ളവരും ചെറുധാന്യഭക്ഷണ ക്രമത്തിലേക്ക് മാറുന്നതാണ് നല്ലത്. പൊണ്ണത്തടിയും അമിത ഭാരവും കുറയ്ക്കാൻ ഒരു മാസക്കാലം മില്ലറ്റ് മാത്രം കഴിച്ചാൽ 3-4 കിലോ കുറയുന്നതായി കാണാം.
ചെറുധാന്യങ്ങളിൽ നിന്നും കഞ്ഞി, പഴങ്കഞ്ഞി, ഉപ്പുമാവ്, പുട്ട്, ദോശ, ഇഡ്ഡലി എന്നിവ എളുപ്പത്തിൽ ഉണ്ടാക്കാം.
എട്ടു മണിക്കൂർ നികക്കെ വെള്ളമൊഴിച്ചു കുതിരാൻ വച്ചതിനു ശേഷമേ ഉപയോഗിക്കാവൂ.