ഗർഭകാലം സന്തോഷകാലം
എല്ലാ ഗർഭിണികളും എല്ലാ ഗർഭവും ഒരുപോലെ അല്ല.അതുകൊണ്ട് തന്നെ ഗർഭവുമായി ബന്ധപ്പെട്ട സങ്കീർണതളെ കുറിച്ചും മറ്റും വരുന്ന വാർത്തകൾ കാണുമ്പോൾ പേടിക്കരുത്. എല്ലാ മാസവും കൃത്യമായി ചെക്കപ്പ് ചെയ്യണം. .
കാരണം എന്തെങ്കിലും സങ്കീർണത ഉണ്ടെങ്കിൽ അതു നേരത്തെ കണ്ടെത്താനും പരിഹാരിക്കാനും ഇന്ന് സാധിക്കും. വീട്ടിൽ പുതിയൊരു അതിഥി വരാൻ പോകുന്ന സന്തോഷാവസ്ഥയായി ഗർഭകാലത്തെ കാണണം. കുടുംബാഗങ്ങളുടെ സഹകരണവും കരുതലും ഗർഭിണിക്കു ആവശ്യമാണ്. പ്രത്യേകിച്ച് ഭർത്താവിന്റെ. ഇതു ഗർഭിണികളുടെ മാനസികസംഘർഷം കുറയ്ക്കാൻ സഹായിക്കും.
സമീകൃതാഹാരം കഴിക്കണം. അമിതമായ അരിയാഹാരം, ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ കൂടിയ വിഭവങ്ങൾ കുറയ്ക്കണം. മാംസ്യം കൂടുതലങ്ങിയവ കഴിക്കാം. ഒപ്പം പഴങ്ങളും പച്ചക്കറികളും മീനും കഴിക്കാം. മരുന്നുകൾ മുടക്കരുത്. പ്രസവവേദനയെ കുറിച്ച് നേരത്തെ മനസിലാക്കാം. അമ്മമാരോടും കൂട്ടുകാരോടും ചോദിക്കാം. അമിതമായ ഭയം ഇല്ലാതാക്കാൻ ഇതു സഹായിക്കും.
ഗർഭകാലം ആസ്വദിക്കണം
ഗർഭം ഒരു രോഗമല്ല. ഗർഭകാലം നമ്മൾ ശരിക്കും ആസ്വദിക്കണം. ഇന്ന് ഗർഭിണിയായി കഴിഞ്ഞാൽ അനങ്ങാൻ പാടില്ല, സ്റ്റെപ്പ് കയറാൻ പാടില്ല, വണ്ടിയിൽ പോകാൻ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് പൊതുവെ കണ്ടുവരുന്നത്. പണ്ടുള്ള സ്ത്രീകൾ എല്ലാ ജോലികളും ചെയ്തിരുന്നു. എന്നിട്ടും ആരോഗ്യകരമായി പ്രസവിച്ചിരുന്നു.
ഇന്ന് വൈദ്യശാസ്ത്രം പുരോഗമിച്ചിട്ടുണ്ട്. പ്രസവത്തെ തുടർന്നുള്ള സങ്കീർണതകൾ കുറയ്ക്കാൻ സാധിക്കും. ചെറുതായി ഒന്നു വീണാൽ അബോർഷൻ സംഭവിക്കില്ല. പക്ഷേ അതിനെ തുടർന്ന് പരുക്ക് പറ്റിയാൽ എക്സ്റേ പോലുള്ളവ എടുക്കുന്നത് കുഞ്ഞിനെ ബാധിക്കും. സെർവിക്സ് ദുർബലമായുള്ളവർക്കു മാത്രം ഗർഭകാലത്ത് റെസ്റ്റ് മതി.
ഗർഭിണിക്കു സ്പെഷൽ പലഹാരം
കശുവണ്ടി, തൊലി കളഞ്ഞ, വറുക്കാത്ത നിലക്കടല, ഉണക്കമുന്തിരി, തൊലിയോടുകൂടിയ ബദാം എന്നിവ സമം സമം എടുത്തു മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഇതു നെയ്യിൽ വറുത്തെടുത്തു ചെറിയ നെല്ലിക്കയുടെ വലുപ്പത്തിൽ ഉരുട്ടിയെടുത്തു സൂക്ഷിക്കും. ദിവസവും ഓരോന്നു വീതം കഴിക്കാം. പ്രിസർവേറ്റീവുകൾ ഇല്ലാത്തതിനാൽ അഞ്ചു ദിവസം വരെ ഇവ കേടുകൂടാതെ ഇരിക്കാറുള്ളൂ. പ്രോട്ടീൻ ലഭിക്കാൻ ഈ പലഹാരം കഴിക്കാം