മഞ്ഞളിട്ട് പാൽ കുടിയ്ക്കുന്നത് ശരീരത്തിന് ആന്തരികമായും ചർമത്തിനും ഗുണകരമാണെന്ന് പറയാറുണ്ട്. ശരീരത്തിന് അകത്ത് ഉണ്ടാകുന്ന മുറിവുകൾക്കും കേടുപാടുകൾക്കും മഞ്ഞൾ ഒരു മരുന്ന് പോലെ പ്രവർത്തിക്കുന്നു. കൂടാതെ, മുഖകാന്തി പരിപോഷിപ്പിക്കുന്നതിനൊപ്പം ആരോഗ്യം വളർത്താനും മഞ്ഞൾ ചേർത്ത പാൽ നല്ലതാണ്.
രാത്രി ഉറങ്ങുന്നതിന് മുമ്പാണ് നമ്മൾ കൂടുതലും മഞ്ഞൾ പാൽ കുടിയ്ക്കുന്നത്. മഞ്ഞൾപാൽ കുടിക്കുന്നതിലൂടെ കൊളസ്ട്രോൾ, ചുമ, ജലദോഷം, പനി, സന്ധി വേദന, മലബന്ധം, രക്തശുദ്ധീകരണം എന്നിവയ്ക്കെല്ലാം ആശ്വാസമാകുന്നു.
തണുപ്പ് കാലത്ത് രാത്രി ഉറങ്ങുന്നതിന് മുൻപ് മഞ്ഞൾപാൽ കുടിക്കാൻ ആരോഗ്യ വിദഗ്ധരും നിർദേശിക്കുന്നുണ്ട്.
എന്നാൽ, ഇത് ശരിയായ രീതിയിൽ ഉണ്ടാക്കിയില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഫലം. അതായത്, മഞ്ഞള്‍പാലില്‍ ചേര്‍ക്കുന്ന ഏതെങ്കിലും ഘടകത്തിന്‍റെ അളവിൽ മാറ്റങ്ങൾ ഉണ്ടായാൽ അവ വിപരീത ഫലം തരുന്നു. ഇവ കൂടുകയോ കുറയുകയോ ചെയ്‌താല്‍ ശരീരത്തിനെ ദോഷകരമായി ബാധിക്കുമെന്നത് വ്യക്തം.
മഞ്ഞൾപാലിലെ പാകപ്പിഴകൾ
ചൂടുള്ള പാലിൽ അൽപം മഞ്ഞൾ ചേർത്ത് ഇളക്കിയാണ് മിക്കവരും മഞ്ഞൾപാല്‍ തയാറാക്കുന്നത്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് പാലില്‍ മഞ്ഞള്‍ അസംസ്കൃതമായി അവശേഷിക്കുന്നതിന് കാരണമാകുന്നു, അതായത് ശരീരത്തിന് മഞ്ഞൾ ഗുണകരമായി എത്തുന്നില്ല.
ഇതിൽ നിന്നും ശരീരത്തിന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല എന്നത് മാത്രമല്ല, ചിലർക്ക് ഇത് അലർജി പ്രശ്നങ്ങളുമുണ്ടാക്കുന്നു. അതിനാല്‍, മഞ്ഞള്‍പാല്‍ ഉണ്ടാക്കുമ്പോൾ ശരിയായ രീതിയില്‍ നിർമിക്കാൻ ശ്രദ്ധിക്കുക.
മഞ്ഞൾപാൽ ശരിയായി തയ്യാറാക്കാം
ശരീരത്തിന് ആഗിരണം ചെയ്യാനാകുന്ന രീതിയിലാണ് മഞ്ഞളിട്ട് പാൽ തയ്യാറാക്കേണ്ടത്. ഇതിന് മഞ്ഞളും പാലും മാത്രമല്ല, തേൻ, കുങ്കുമപ്പൂവ് എന്നിവ കൂടി ചേർക്കുന്നതും ഗുണകരമാണ്.
2 കപ്പ് പാൽ, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവയും ഒരു നുള്ള് കുങ്കുമപ്പൂവ്, 1 ടീസ്പൂൺ തേൻ എന്നിവയുമാണ് ഇതിന് ആവശ്യമായ സാധനങ്ങള്‍.
പാൽ ഇടത്തരം തീയിൽ തിളപ്പിക്കുക. പാൽ തിളച്ചു വരുമ്പോൾ തന്നെ ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും കുങ്കുമപ്പൂവും ചേർക്കുക. ശേഷം ഒന്നോ രണ്ടോ മിനിറ്റ് വീണ്ടും പാൽ തിളപ്പിക്കുക. തുടർന്ന് അടുപ്പിൽ നിന്നും മാറ്റിവച്ച് തണുക്കാൻ അനുവദിക്കുക.
ഏകദേശം കുടിയ്ക്കാന്‍ പാകത്തിന് പാൽ ചൂടാകുമ്പോൾ ഇതിലേയ്ക്ക് 1 ടീസ്പൂൺ തേൻ ചേർക്കുക. ഇങ്ങനെ മഞ്ഞൾപാൽ ഇളംചൂടിൽ ചേർത്ത് കുടിച്ചാൽ ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മഞ്ഞള്‍പ്പാല്‍ ഉത്തമമാണ്. തടിയും വയറും കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണ പദാർത്ഥങ്ങൾ പാലിനൊപ്പം കഴിക്കാതിരിക്കൂ
ഇതുകൂടാതെ, ശരീരത്തിന് നിറവും ശോഭയും നല്‍കാന്‍ മഞ്ഞളിനും പാലിനും ഒരുപോലെ സാധിക്കുമെന്നതിനാൽ ഈ പാനീയം ദിവസവും രാത്രി കുടിയ്ക്കുന്നത് ശീലമാക്കുക. മഞ്ഞളില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ശരീര കാന്തി വര്‍ധിപ്പിക്കുമെന്നാണ് പറയുന്നത്.