ഏറെ ഗുണങ്ങള്‍ ഉള്ള ഒരു ധാന്യമാണ് റാഗി. കുട്ടികള്‍ക്കും അതുപോലെ തന്നെ മുതിന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്നതാണ് ഈ ധാന്യം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള റാഗി പഞ്ഞപ്പുല്, മുത്താറി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യയില്‍ ധാരാളമായി കൃഷി ചെയ്യുന്ന ഒരു ധാന്യം കൂടിയാണ് റാഗി. കുട്ടികളില്‍ ഇത് എല്ലുകളുടെ വളര്‍ച്ചയെ സഹായിക്കുന്നതു കൊണ്ട് തന്നെ കുട്ടികള്‍ക്ക് കുറുക്ക് ആക്കി കൊടുക്കാന്‍ നല്ലതാണു മുത്താറി.
മറ്റ് അന്നജ ആഹാരങ്ങളില്‍ ഇല്ലാത്ത അമിനോ ആസിഡുകള്‍, ഐസോല്യൂസിന്‍, മെഥിയോനൈന്‍, ഫിനൈല്‍ അലനൈന്‍ എന്നിവ റാഗിയിലുണ്ട്. കാല്‍സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് മുത്താറി. ചെറിയ കുഞ്ഞുങ്ങള്‍ക്ക് കുറുക്ക് ആക്കികൊടുക്കാന്‍ റാഗി ഏറെ നല്ലതാണ്. ജീവകം സി പ്രത്യേകിച്ചും വിറ്റമിന്‍ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ ഇതിനുണ്ട്.
വണ്ണം കുറയ്ക്കാനും, എല്ലുകള്‍ക്കും, അങ്ങനെ പലതരത്തിലുള്ള ആരോഗ്യത്തിനും റാഗി നല്ലതാണ്. വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാന്‍ എന്ന അമിനോ ആസിഡ് റാഗിയിലുണ്ട്. അരിയിലും മറ്റ് ധാന്യങ്ങളിലും ഉള്ളതിനേക്കാളും വളരെയധികം നാരുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പ് കുറഞ്ഞ ഭക്ഷണമായതിനാല്‍ ശാരീരഭാരം കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. റാഗിയില്‍ ഏറെ കാല്‍സ്യം അടങ്ങിയിരിക്കുന്നു. കാല്‍സ്യത്തോടൊപ്പം ജീവകം ഡിയും ഉള്ളതിനാല്‍ ഇത് എല്ലുകള്‍ക്ക് ശക്തി നല്‍കുന്നു. പതിവായി റാഗി കഴിച്ചാല്‍ എല്ലുകള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നു മാത്രമല്ല പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായിരിക്കും.
നാരുകള്‍ ധാരാളം അടങ്ങിയതിനാലും പോളിഫിനോള്‍ ധാരാളം ഉള്ളതിനാലും, റാഗിയുടെ പതിവായ ഉപയോഗം പ്രമേഹം കുറയ്ക്കുന്നു. റാഗിയില്‍ അടങ്ങിയ അമിനോ ആസിഡുകളായ ലെസിതിന്‍, മെഥിയോനൈന്‍ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കം ചെയ്ത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ നല്ലൊരു മരുന്നാണ് റാഗി. ഇരുമ്പ്, കാല്‍സ്യം, അമിനോ ആസിഡ് ഇതെല്ലാം അടങ്ങിയ റാഗി അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യുന്നു. ഇവയ്‌ക്കെല്ലാം പുറമേ സൗന്ദര്യത്തിനും ഇത് ഏറെ നല്ലതാണ് എന്ന് ഓര്‍ക്കുക, യുവത്വം നിലനിര്‍ത്താന്‍ ഏറ്റവും നല്ലതാണു റാഗി.
ബന്ധപ്പെട്ട വാർത്തകൾ
റാഗി കൃഷി - വലിയ നിക്ഷേപമില്ലാതെ ചെയ്യാം
വിറ്റാമിൻ ഇ സമ്പുഷ്ടമായ അളവിൽ അടങ്ങിയ 'ചെറുപയർ കഞ്ഞി' ശീലമാക്കാം