നമ്മൾ കഴിക്കുന്ന എണ്ണ നമ്മുടെ ഹൃദയാരോഗ്യത്തിനേയും കൊളെസ്ട്രോളിൻറെ അളവിനേയും സാരമായി ബാധിക്കും. അളവു വർദ്ധിപ്പിക്കാനും മറ്റുമായി ഭക്ഷ്യ എണ്ണയിൽ രാസപദാർത്ഥങ്ങൾ ചേർത്താറുണ്ട്. ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു.
ഇന്ത്യയിലെ മുഖ്യ ഭക്ഷണമായ അരിയുടെ തവിടിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയാണ് തവിടെണ്ണ. പല രാജ്യക്കാരും ഇത് ഒരു പ്രധാന ഭക്ഷ്യ എണ്ണയായി ഉപയോഗിക്കുന്നുണ്ട്. ഉയർന്ന താപനിലയിൽ പാചകം ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളിൽ ഏറ്റവും മികച്ച എണ്ണകളിലൊന്നാണ് തവിടെണ്ണ.
തവിട് എണ്ണയുടെ ഗുണങ്ങൾ
38% മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡും 37% പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡും 25% സാച്ചുറേറ്റഡ് ഫാറ്റി ആസിഡുമാണ് തവിടെണ്ണയിലുള്ളത്. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നവയാണ്. അതിനാൽ തവിട് എണ്ണ ഹൃദയാരോഗ്യത്തിന് ഗുണകരമായ എണ്ണകളിലൊന്നാണ്. പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാകട്ടെ ചീത്ത കൊളസ്ട്രോൾ കുറക്കുന്നവയും. ഇവ രണ്ടുമാണ് തവിടെണ്ണയിലെ മുക്കാൽ ഭാഗവും എന്നതിനാൽ ഹൃദയരോഗങ്ങളും രക്തസമ്മർദ്ദവും മറ്റും മൂലമുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് തവിടെണ്ണ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ ഭക്ഷണത്തെകാൾ നല്ലത് തവിടുള്ള അരി
തവിടിൽ നിന്നും പരമാവധി എണ്ണ ഊറ്റിയെടുക്കാനും എണ്ണയുടെ അളവ് വർദ്ധിപ്പിക്കാനും ചേർക്കുന്ന മനുഷ്യശരീരത്തിന് ഹാനികരമായ രാസപദാർത്ഥങ്ങളാണ് പ്രധാന പ്രശനം. കേടായതും പഴകിയതും ഗുണം കുറഞ്ഞതുമായ എണ്ണയെ നല്ല തവിടെണ്ണയെന്നു തോന്നിപ്പിക്കുന്ന രീതിയിലേക്ക് മാറ്റാൻ നടത്തുന്ന രാസപ്രക്രിയകളാണ് മറ്റൊരു അപകടം. സ്വാഭാവിക ഗുണങ്ങളെല്ലാം നഷ്ടപ്പെട്ട് എണ്ണയുടെ രൂപവും ഭാവവും മാത്രമുള്ള ഒരു പദാർത്ഥമായാണ് ഇത്തരം തവിടെണ്ണകൾ നമുക്കു മുന്നിലെത്തുന്നത്.
ഗുണമേന്മയേറിയ അരിയുടെ തവിടിൽ നിന്നാണ് ഏറ്റവും നല്ല തവിടെണ്ണ കിട്ടുന്നത്. മികച്ച അരിയുടെ തവിടിനൊപ്പം മോശം അരിയുടെ തവിടും കറുത്ത് ചീത്തയായ അരിയുടെ തവിടും ഒക്കെ ചേർത്ത് എണ്ണയാക്കി വിൽപ്പനക്കെത്തിക്കുന്നതും കുറവല്ല.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.