കാര്യമായ ലക്ഷണങ്ങളൊന്നുമില്ലാതെ നമ്മുടെ ജീവനെടുക്കുന്ന അസുഖങ്ങളെയാണ് 'സൈലന്റ് കില്ലേഴ്‌സ്' അഥവാ 'നിശബ്ദഘാതകര്‍' എന്ന് വിളിക്കുന്നത്. നമ്മളറിയാതെ തീര്‍ത്തും നിശബ്ദമായി നമ്മെ ആക്രമിക്കുന്ന രോഗങ്ങള്‍ എന്നാണിവയെ അര്‍ത്ഥമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണുകളിൽ കാണുന്ന ചുവന്ന പാടുകള്‍ ഈ രോഗ ലക്ഷണമായിരിക്കാം
- ഈ ലിസ്റ്റിൽ ആദ്യം വരുന്ന രോഗമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. കാണത്തക്ക ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ ബിപിയുള്ളത് അറിയാതെ പോകാന്‍ സാധ്യതകളേറെയാണ്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗൗരവതരമായ പ്രശ്‌നങ്ങള്‍ ഇത് മൂലം സംഭവിക്കാം. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ബിപിയുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കുന്നതിലൂടെയും ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്നതിലൂടെയും ഈ അപകടം മാറ്റിനിര്‍ത്താവുന്നതാണ്.
- 'കൊറോണറി ആര്‍ട്ടറി ഡിസീസ്' അഥവാ ഹൃദയധമനികള്‍ ചുരുങ്ങി വരുന്ന അസുഖമാണ് ഈ പട്ടികയില്‍ പെടുന്ന മറ്റൊന്ന്. ഇതും ഹൃദയത്തെ തന്നെയാണ് പ്രധാനമായും ബാധിക്കുക. ഹൃദ്രോഗങ്ങള്‍ മുതല്‍ ഹൃദയാഘാതം വരെയുള്ള അവസ്ഥയിലേക്ക് ഇതെത്തിക്കാം. ഇതും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകള്‍ കൃത്യമായി നടത്താത്തവരില്‍ വൈകി പ്രത്യക്ഷപ്പെടുന്നതാണ്. മിക്കവാറും ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമാണ് രോഗം കണ്ടെത്തപ്പെടാറ്. ആരോഗ്യകരമായ ജീവിതരീതി തീര്‍ച്ചയായും ഒരു പരിധി വരെ ഈ രോഗത്തെയും തടയും.
ബന്ധപ്പെട്ട വാർത്തകൾ: കൊളസ്‌ട്രോൾ, ഹൃദയാഘാതം, എന്നിവയെ വെല്ലാൻ മുതിരകൊണ്ടൊരു പ്രത്യേക പൊടി
ജീവിതശൈലീരോഗങ്ങളില്‍ ഏറ്റവും സാധാരണമായിട്ടുള്ളതാണ് പ്രമേഹം. ടൈപ്പ്-1 , ടൈപ്പ്- 2 എന്നിങ്ങനെ രണ്ട് തരം പ്രമേഹങ്ങളുണ്ട്. ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുന്നു എന്നതിനാല്‍ തന്നെ പ്രമേഹവും തിരിച്ചറിയപ്പെടാതോ പോകാറുണ്ട്. എന്നാല്‍ ഭാവിയില്‍ ഹൃദയം, വൃക്കകള്‍, കണ്ണുകള്‍ എന്നീ അവയവങ്ങളെയെല്ലാം ഗൗരവതരമായ രീതിയില്‍ ബാധിക്കാന്‍ പ്രമേഹം ഇടയാക്കുന്നു. ജീവിതശൈലീരോഗങ്ങളുണ്ടോയെന്നത് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തുക മാത്രമേ ഇതിന് പ്രതിവിധിയുള്ളൂ. പ്രമേഹമുണ്ടെന്ന് കണ്ടെത്തിയാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡയറ്റ് അടക്കമുള്ള ലൈഫ്‌സ്റ്റൈല്‍ മെച്ചപ്പെടുത്തുകയും വേണം.
ബന്ധപ്പെട്ട വാർത്തകൾ: ഹൃദയാഘാതത്തെ എങ്ങനെ തിരിച്ചറിയാം?
- 'ഓസ്റ്റിയോപോറോസിസ്' അഥവാ എല്ല് തേയ്മാനം എന്ന രോഗമാണ് മറ്റൊരു നിശബ്ദഘാതകന്‍. ഇതും പലപ്പോഴും ഗുരുതരമായ പൊട്ടലോ പരിക്കോ ഏറ്റ ശേഷമാണ് മിക്കവരും തിരിച്ചറിയുന്നത്. എന്നാല്‍ അപ്പോഴേക്ക് സമയം വൈകിക്കാണും. കാത്സ്യം, വൈറ്റമിന്‍-ഡി പോലുള്ള ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഡയറ്റ് പിന്തുടരുന്നതും, എല്ലുകളെയും പേശികളെയും ബലപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങള്‍ പതിവായി ചെയ്യുന്നതും എല്ല് തേയ്മാനത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു.
- 'സ്ലീപ് അപ്‌നിയ' വളരെ ഗൗരവമുള്ള ഒരു ഉറക്കപ്രശ്‌നമാണിത്. അടിസ്ഥാനപരമായി ശ്വാസഗതിയിലാണ് ഈ രോഗാവസ്ഥയില്‍ വ്യതിയാനം വരുന്നത്. ഉറങ്ങുമ്പോള്‍ ശ്വാസം നേരാംവണ്ണം എടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നു. ഇതുവഴി ഉറക്കം കൃത്യമാകാത്ത അവസ്ഥയുമുണ്ടാകുന്നു. ഇത്തരക്കാരില്‍ ഉറക്കത്തില്‍ വായിലൂടെ ശ്വാസമെടുക്കുന്നതിനാല്‍ കൂര്‍ക്കംവലിയും പതിവായിരിക്കും. 'സ്ലീപ് അപ്‌നിയ'യും ഒരു 'സൈലന്റ് കില്ലര്‍' തന്നെയാണ്. സ്‌ട്രോക്ക് (പക്ഷാഘാതം) പോലുള്ള പ്രശ്‌നങ്ങള്‍ മൂലം പെടുന്നനെ ഉറക്കത്തില്‍ മരണം സംഭവിക്കാനുള്ള സാധ്യതകള്‍ പോലും ഈ അവസ്ഥയിലുണ്ടാകാം. ഇതിന് സമയബന്ധിതമായ ചികിത്സ തേടുകയാണ് ചിതം.
- 'ഫാറ്റി ലിവര്‍ ഡിസീസ്' അഥവാ കരള്‍വീക്കമാണ് മറ്റൊരു നിശബ്ദഘാതകന്‍. രണ്ട് തരം കരള്‍വീക്കമുണ്ട്. ഒന്ന് മദ്യപാനം മൂലമുണ്ടാകുന്നതാണ്. അടുത്തത് പാരമ്പര്യം അടക്കം പല ഘടകങ്ങള്‍ മൂലമുണ്ടാകുന്നതും. രണ്ടിലും ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാം. ഇത് പിന്നീട് 'ലിവര്‍ സിറോസിസ്' എന്ന ഗുരുതരമായ അവസ്ഥയിലെത്തും വരെ തിരിച്ചറിയപ്പെടാതെ പോകാം. ലിവര്‍ സിറോസിസ് പ്രതിവര്‍ഷം നിരവധി ജീവനുകള്‍ അപഹരിക്കുന്നൊരു രോഗമാണ്. ആരോഗ്യകരമായ ജീവിതരീതി. മദ്യപാനം- പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുക എന്നിവയിലൂടെ ഒരു പരിധി വരെ കരള്‍വീക്കത്തെ നേരിടാം. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നതിലൂടെയും കരള്‍വീക്കത്തെ കണ്ടെത്താന്‍ കഴിയുന്നതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.