പശക്കൊട്ടയുടെ ഫലത്തിന് വളരെ തീക്ഷ്ണഗുണമുണ്ട്. ഇത് വായിൽ എത്തുമ്പോൾ അധികം ഉമിനീർ സ്രവിക്കുകയും ഓക്കാനവും ഛർദിയും ഉണ്ടാകുകയും ചെയ്യും. അധികം ഉള്ളിൽ കഴിച്ചാൽ ചുട്ടു നീറ്റലും പൊള്ളലും വയറിളക്കവും ഉണ്ടാകും. ഗർഭപാതവും ഇതു മൂലം സംഭവിക്കും. മത്സ്യവിഷം കൂടിയാണ്.
ചികിത്സ
അധികമായി ഉള്ളിൽ കഴിച്ചാൽ ആദ്യം ഛർദിപ്പിക്കുന്നതിനുള്ള മരുന്നുകൾ കൊടുക്കുക, പിന്നീട് സ്നിഗ്ധ ശീതഗുണങ്ങളുള്ള നെയ്യ്, പാൽ ഇവ പല പ്രാവശ്യമായി കുടിപ്പിക്കുക.
ഔഷധഗുണങ്ങളും പ്രയോഗങ്ങളും
പശക്കൊട്ടക് എരിവ് രസങ്ങളുള്ളതും ലഘു തീക്ഷ്ണ ഗുണങ്ങളുള്ളതും ഉഷ്ണവീര്യവും ആമാശയപാകത്തിൽ എരിവുരസമാകുന്നതുമാണ്. ശുദ്ധിചെയ്ത ഫലമാണ് ചികിത്സയ്ക്കുപയോഗിക്കുന്നത്. ഛർദിപ്പിക്കുന്നതിനുവേണ്ടി ഇതിന്റെ കായ് പൊടിച്ച് 4 ഗ്രാം ഉള്ളിൽ കഴിപ്പിച്ചാൽ മതിയാകും.
കൃമിബാധയിലും ചില ഉദരരോഗങ്ങളിലും നെഞ്ചിലെ കഫക്കെട്ട്, ആന തുടങ്ങിയ രോഗങ്ങളിലും കുറഞ്ഞ അളവിൽ ഉള്ളിൽ കഴിക്കാവുന്നതാണ്. ഹിസ്റ്റീരിയ, അപസ്മാരം തുടങ്ങിയ മാനസിക രോഗങ്ങൾക്കും ഇത് ഫലപ്രദമാണ്. വിഷവികാരങ്ങളിൽ, വിശേഷിച്ച് കറുപ്പുവിഷബാധയിൽ, പ്രതിവിഷമായി ഉപയോഗിക്കാം. ഔഷധമായി ഉപയോഗിക്കാവുന്ന അളവ് 1 ഗ്രാം മുതൽ 2 ഗ്രാം വരെയാണ്. കായ് ഇന്ത്യയിൽ സോപ്പിനു പകരമായി ധാരാളം ഉപയോഗിക്കുന്നു.