ഇന്നത്തെ ഭക്ഷണരീതിയും ജീവിതശൈലീയും നമ്മളെ പല രോഗങ്ങളിലും കൊണ്ടെത്തിക്കുന്നവയാണ്. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമമില്ലായ്‌മയും ഹൃദ്രോഗ സാധ്യതയെ വർദ്ധിപ്പിക്കാനും കാരണമാകാം.
പോഷകങ്ങൾ അടങ്ങിയ നല്ല ഭക്ഷണത്തിലൂടേയും ഭക്ഷണക്രമത്തിലൂടേയും ഹൃദയത്തിന്‍റെ നല്ല ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. ഹൃദയത്തെ സംരക്ഷിക്കാൻ നമ്മുടെ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം:
ഈ ലോക ഹൃദയ ദിനത്തിൽ ഹൃദയത്തെ എങ്ങനെയെല്ലാം സംരക്ഷിക്കാമെന്ന് നോക്കാം
* ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
* സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.
ഹൃദയസ്തംഭനവും ആയുർവേദ ചികിത്സയും
* ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വേണ്ട മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും, ഒമേഗ-3 ഫാറ്റി ആസിഡുകളും ഫൈബറുമെല്ലാം ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
* ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നു പറയുന്നത് വെറുതേയല്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് ആപ്പിള്‍. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വിറ്റാമിൻ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം മറ്റ് മിനറൽസും ഇവയില്‍ അടങ്ങിയിരിക്കുന്നു.
* തക്കാളിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ പതിവായി തക്കാളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
* ഹൃദയത്തിന്‍റെ ആകൃതിയിലുളള സ്ട്രോബെറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
* പോഷകങ്ങള്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
* വിറ്റാമിന്‍ എ, ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ പപ്പായ നാരുകളാല്‍ സമ്പന്നമാണ്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പപ്പായ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും.
* ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.
* ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് മത്സ്യങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മത്തി, അയല, ചൂര എന്നിവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡും കൊഴുപ്പ് കുറച്ച പ്രോട്ടീനും ഹൃദയത്തെ സംരക്ഷിക്കുന്നു.
* വാൾനട്‌സ്, ബദാം തുടങ്ങിയ നട്സ് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.