വിറ്റാമിൻറെ കുറവ് മൂലം പല രോഗങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ അധികമാളുകളും ഇത് ശ്രദ്ധിക്കാറില്ല. മാനസിക ശാരീരിക ആരോഗ്യത്തിന് എല്ലാ വിറ്റാമിനുകളും അടങ്ങിയ സമീകൃതാഹാരം ആവശ്യമാണ്. പോഷകങ്ങളും ജീവകങ്ങളും ധാതുക്കളും എല്ലാമടങ്ങിയ ഭക്ഷണത്തിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാലും ചിലപ്പോൾ പല പ്രധാനപ്പെട്ട ധാതുക്കളും വൈറ്റമിനുകളും ലഭിച്ചില്ലെന്നു വരാം. ഇവയുടെ അഭാവം ചില സൂചനകളായി ശരീരം പ്രകടിപ്പിക്കും. വിറ്റാമിന്റെ കുറവ് മൂലമുണ്ടാകുന്ന ചില ലക്ഷണങ്ങളാണ് പങ്ക് വയ്ക്കുന്നത്.
- വായ്പ്പുണ്ണ് ഉണ്ടാകുന്നത് ചില വിറ്റാമിനുകളുടെയോ ധാതുക്കളുടെയോ കുറവ് കൊണ്ടാണ്. ഇരുമ്പ് അല്ലെങ്കിൽ വിറ്റാമിൻ ബിയുടെ കുറവ് മൂലമാണ് വായ്പ്പുണ്ണ് വരുന്നതെന്ന് വിദഗ്ധർ പറയുന്നത്. ചില ആൻറിബയോട്ടിക്കുകളും വേദനാസംഹാരികളും ക്യാൻസർ ചികിത്സയിലും ഹൃദ്രോഗത്തിെന്റെ ചികിത്സയിലും ഉപയോഗിക്കുന്ന ചില മരുന്നുകളും ചിലരിൽ വായ്പുണ്ണ് ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഈ മരുന്നുകൾ നിർത്തുന്ന മുറയ്ക്ക് ഇവ മാഞ്ഞുപോകാറുമുണ്ട്.
- കാലിനടിയിൽ പുകച്ചിൽ അനുഭവപ്പെടാം. ഇടയ്ക്കിടെ ഇങ്ങനെ വന്നാൽ വൈദ്യസഹായം തേടണം. വൈറ്റമിൻ ബി 12 ന്റെ അഭാവം മൂലമാണിത്. ഹീമോഗ്ലോബിന്റെ ഉൽപ്പാദനത്തിന് സഹായിക്കുന്ന വൈറ്റമിൻ ആണിത്. സ്ഥിരമായി ഈ വൈറ്റമിൻ ഡഫിഷ്യൻസി വന്നാൽ അത് നാഡീവ്യവസ്ഥയെ തന്നെ തകരാറിലാക്കും.
- കവിൾ, കൈ, തുടകൾ എന്നിവിടങ്ങളിൽ കാണുന്ന ചുവപ്പോ വെളുപ്പോ നിറത്തിലുള്ള ചെറിയ മുഴകൾ അല്ലെങ്കിൽ പാടുകൾ. ഇതിനെ കെരാറ്റോസിസ് പിലാരിസ് എന്നാണ് വിളിക്കുന്നത്. സാധാരണ ഈ പാടുകൾ കുട്ടിക്കാലത്ത് കാണുമെങ്കിലും മുതിരുമ്പോൾ താനേ അപ്രത്യക്ഷമാകും. ചിലപ്പോൾ ഇത് ജനിതക പ്രശ്നമാകാം. എന്നാൽ ചിലപ്പോൾ ജീവകം എ, സി എന്നിവയുടെ അഭാവം മൂലവും ഇങ്ങനെ ഉണ്ടാകാം. പാലുൽപ്പന്നങ്ങൾ, ഇറച്ചി, മുട്ട, മത്സ്യം, കടുംപച്ചനിറത്തിലുള്ള ഇലക്കറികൾ, മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
- പലരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് നഖം പൊട്ടിപ്പോകുന്നത്. ബയോട്ടിൻ അഥവാ ജീവകം ബി 7 ന്റെ അഭാവം മൂലമാണ് നഖം പൊട്ടുന്നത്. വൈറ്റമിൻ ബി 7 ന്റെ അഭാവം മൂലം കടുത്ത ക്ഷീണം, പേശിവേദന ഇവയും ഉണ്ടാകാം. മുട്ടയുടെ മഞ്ഞ, ഇറച്ചി, മാംസ്യം, പാലുൽപന്നങ്ങൾ, നട്സ്, പച്ചച്ചീര, ബ്രോക്കോളി, കോളിഫ്ലവർ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാവും.
ബന്ധപ്പെട്ട വാർത്തകൾ: കോഴി വളർത്തൽ ബിസിനസ്സ് വിജയകരമായി തുടങ്ങുന്നതെങ്ങനെ? ഏറ്റവും പുതിയ രീതികളും, നേട്ടങ്ങളും, ആർക്കുമറിയാത്ത ചില സത്യങ്ങളും
- വിറ്റാമിൻറെ കുറവുമൂലമുണ്ടാകുന്ന വേറൊരു പ്രശ്‌നമാണ് വരണ്ട ചർമവും താരനും. തലയിലെ താരനും ചർമത്തിന്റെ വരൾച്ചയും ജീവകം ബി 3, ജീവകം ബി2 ഇവയുടെ അഭാവം മൂലമാകാം. റൈബോഫ്ലേവിൻ, പിരിഡോക്സിൻ മുതലായവ ധാരാളമായടങ്ങിയ ഭക്ഷണങ്ങൾ അതായത് മുഴുധാന്യങ്ങൾ, പൗൾട്രി, ഇറച്ചി, മത്സ്യം, മുട്ട, പാലുൽപന്നങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
- പല്ല് തേയ്ക്കുമ്പോൾ മോണയിൽ നിന്ന് ചിലർക്ക് രക്തസ്രാവമുണ്ടാകാറുണ്ട്. വിറ്റാമിൻ സിയുടെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. മുറിവ് ഉണക്കുന്നതിലും പ്രതിരോധശേഷിയിലും വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു, മാത്രമല്ല ഇത് ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന വ്യക്തികളിൽ വിറ്റാമിൻ സി യുടെ കുറവ് അപൂർവമാണ്. വിറ്റാമിൻ സി കുറയുമ്പോൾ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും പേശികളെയും അസ്ഥികളെയും ദുർബലപ്പെടുത്തുകയും അമിതമായ ക്ഷീണവും അലസതയും അനുഭവപ്പെടുകയും ചെയ്യാമെന്നും വിദഗ്ധർ പറയുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.