അമിതമായ തടി ഇന്നത്തെക്കാലത്ത് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. നമ്മുടെ ആഹാര രീതിയും ജീവിതശൈലിയും അതിന് പ്രധാന കാരണമാണ്. അമിതവണ്ണം കാരണം ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളാണ് ഇവർ നേരിടേണ്ടി വരുന്നത്. കൂടാതെ ബോഡി ഷെമിങ് കാരണം മനസികമായി ബുദ്ധിമുട്ടുന്നവരും കുറവല്ല. അമിത വണ്ണം കുറയ്ക്കാനായി ചിലർ കാണുന്ന വഴി പട്ടിണി കിടന്ന് തടി കുറയ്ക്കുക എന്നതാണ്, മരുന്ന് കഴിക്കുന്നവരും കുറവല്ല. എന്നാൽ ഇത് നല്ല ഒരു മാർഗമായി കാണാൻ കഴിയില്ല. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇത് കാരണം പിന്നീട് വരുന്നു.
എന്നാൽ ഇതൊക്കെ ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. കൃത്യമായ പ്ലാനിങ്ങിലൂടെ നമ്മുടെ അമിത വണ്ണം കുറയ്ക്കാം. പ്രഭാത ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രാവിലെയുള്ള ഭക്ഷണം ഒഴിവാക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് കൂടുകയും അത് വഴി തടി കൂടുകയും ചെയ്യുന്നു. അത് പോലെ തന്നെ രാത്രി ഭക്ഷണവും ഒഴിവാക്കാൻ പാടില്ല, കഴിച്ച ഉടനെ തന്നെ ഉറങ്ങുന്നതും ആരോഗ്യത്തിന് നല്ലതല്ല.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് അടുത്തത്. പുറമെ, നാരുള്ളതും തവിട് കളയാത്തതുമായ ധാന്യങ്ങളും ആഹാരത്തിനായി തെരഞ്ഞെടുക്കാം. ശുദ്ധ ജലം ആവശ്യത്തിന് കുടിക്കുക, വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ജംഗ് ഫുഡ്, കോള പോലെയുള്ള ശീതളപാനീയങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക. ഭക്ഷണത്തിൽ അമിതമായ എണ്ണ ഉപയോഗിക്കുന്നത് എപ്പോഴും ആരോഗ്യത്തിന് പ്രതികൂലമായി ബാധിക്കും. പാക്കറ്റ് വരുന്ന ലെയ്സ് പോലെയുള്ള ആഹാരങ്ങളും പൂർണമായി ഒഴിവാക്കണം. പച്ചക്കറികൾ ധാരാളമായി കഴിക്കുക.
കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തെ പരമാവധി കൺട്രോൾ ചെയ്യാൻ നമുക്ക് കഴിയും. അതിരാവിലെയും വൈകുന്നേരങ്ങളിലും നടക്കുന്നതും, ഓടുന്നതും ശരീരത്തിന് നല്ലതാണ്. യോഗ ചെയ്യുന്നതും ഏറ്റവും നല്ലൊരു മാർഗമാണ് ശരീരഭാരം കുറയ്ക്കാൻ.