പച്ചക്കറികൾ, ചെറുസസ്യങ്ങൾ, ധാന്യങ്ങൾ, പുഷ്‌പങ്ങൾ എന്നിവയുടെ വിത്തുകൾ പാകി മുളപ്പിച്ചു രണ്ടില പ്രായമാകുമ്പോൾ വിളവെടുക്കുന്നതാണു മൈക്രോഗ്രീൻ കൃഷി. റാഡിഷ്, ബീറ്റ്റൂട്ട്, കാബേജ് (ഗ്രീൻ-റെഡ്), സൺഫ്ളവർ, ചീര (അമരാന്തസ്), ഉലുവ കോളിഫ്ളവർ, വീറ്റ് ഗ്രാസ്, കടുക്, ബേസിൽ, ബ്രോക്കോളി, ചെറുപയർ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
വിത്ത് പാകി ഏഴു ദിവസം മുതൽ പന്ത്രണ്ട് ദിവസം വരെയാണ് വളർച്ച കാലം. എങ്കിലും പച്ചക്കറി ഇനങ്ങൾക്ക് അനുസരിച്ച് സമയക്രമത്തിൽ മാറ്റം വരാം. റാഡിഷിനു ആറു ദിവസം മുതൽ വിളവെടുപ്പ് നടത്താം. ബീറ്റ് റൂട്ടിനു 14 ദിവസം വേണം. റാഡിഷ് കൃഷിയാണ് ഏറ്റവും എളുപ്പം. ഉലുവയിൽ ഫംഗസ് ബാധ വരാതെ ശ്രദ്ധിക്കണം. മൈക്രോഗ്രീനുകളുടെ പോഷക ഔഷധഗുണങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്.
ഭക്ഷണത്തിൽ ചേർക്കുമ്പോൾ
ഉപയോഗിക്കും മുമ്പ് നന്നായി കഴുകണം. സലാഡുകൾ, സാൻഡ് വിച്ചു കൾ, സൂപ്പുകൾ, കറികൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം. പാകം ചെയ്‌താൽ ഇവയുടെ ഗുണം നഷ്ടമാകുമെന്നതിനാൽ പച്ചയ്ക്കു കഴിക്കുന്നതാണ് ഗുണകരം.
കറികൾ പാകം ചെയ്‌ത ശേഷം മല്ലിയില ഇടുന്നതു പോലെ ചേർക്കാൻ നല്ലതാണ്. ദോശ, ഇഡ്ഡലി, ചപ്പാത്തി, പുട്ട് എന്നിവ ഉണ്ടാക്കുമ്പോൾ അതിലും ചേർക്കാം. പുട്ടോ ദോശയോ ആണെങ്കിൽ പാകം ചെയ്‌തു കഴിഞ്ഞ് ചൂട് കുറയും മുമ്പ് അരിഞ്ഞ മൈക്രോഗ്രീനുകൾ ഇട്ടു കൊടുക്കാം. ഇഡ്ഡലിയിലോ ചപ്പാ ത്തിയിലോ ചേർക്കുമ്പോൾ വിഭവങ്ങൾ പകുതി വെന്ത ശേഷമാണ് ചേർക്കേണ്ടത്. മാവിൽ വേണമെങ്കിലും ചേർത്തിളക്കാം. (വെന്തുകഴിയുമ്പോൾ ഗുണം കുറയും) ഒരു ദിവസം 20 ഗ്രാം വരെ കഴിക്കാമെന്നാണ് നിഗമനം.