ചെറുധാന്യങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. തിന,വരഗ്,ചാമ,കുതിരവാലി, മലഞ്ചാമ തുടങ്ങി അഞ്ച് ചെറുധാന്യങ്ങളും എട്ടു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്തിട്ട് വേണം ഉപയോഗിക്കാൻ, ആദ്യം ധാന്യങ്ങളിലെ പൊടികളയാൻ വെറുതെ ഒന്ന് കഴുകുക. പിന്നീട് കുതിർത്തിയ വെള്ളം കളയാതെ ആ വെള്ളത്തോടൊപ്പം ആവശ്യാനുസരണം (അഞ്ചോ ആറോ ഇരട്ടി) വെള്ളം ചേർത്ത് കഞ്ഞിയാക്കി എടുക്കുക. ഈ കഞ്ഞി ഏത് പ്രായക്കാർക്കും ഒരു ദിവസം എത്ര പ്രാവശ്യം വേണമെങ്കിലും കഴിക്കാവുന്നതാണ്.
2. അരി, ഗോതമ്പ് എന്നിവ കൊണ്ട് ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും ചെറുധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്നതാണ്. അഞ്ചു ധാന്യങ്ങളും പരസ്പരം കൂട്ടിച്ചേർത്ത് ഉപയോഗിക്കരുത്. ഇവ ഒരോന്നും തനിയെ ഉപയോഗിക്കേണ്ടവയാണ്. ആരോഗ്യം ഉള്ളവർക്ക് ഒരു ധാന്യം രണ്ടു ദിവസം വീതം കഴിക്കാവുന്നതാണ്. ഇങ്ങനെ അഞ്ചു ധാന്യങ്ങളും കഴിച്ച് പതിനൊന്നാമത്തെ ദിവസം ആകുമ്പോൾ ആദ്യം കഴിച്ച ധാന്യം വീണ്ടും കഴിച്ച് തുടങ്ങുക. ഇത് ഈ രീതിയിൽ ആവർത്തിച്ച് കൊണ്ടിരിക്കുക.
3. എന്തെങ്കിലും അനാരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന് അനുയോജ്യമായ ചെറുധാന്യം കൂടുതൽ ഉപയോഗിക്കുക. ഉദാഹരണത്തിന് പ്രമേഹം, കിഡ്നി രോഗം ഇങ്ങനെ ഒന്നിൽ കൂടുതൽ അസുഖങ്ങൾ ഒരാൾക്ക് ഉണ്ടെങ്കിൽ വരഗ് 3 ദിവസം, കുതിരവാലി 3 ദിവസം കഴിക്കുക. ബാക്കിയുള്ള ധാന്യങ്ങൾ ഓരോ ദിവസം വെച്ച് കഴിക്കണം. ഇതിനോടൊപ്പം പ്രോസ്റ്റേറ്റ് പ്രശ്നം കൂടി ഉണ്ടെങ്കിൽ ചാമ 3 ദിവസം കൂടി കഴിച്ച് ബാക്കി രണ്ട് മില്ലറ്റ് ഓരോ ദിവസം വച്ച് കഴിക്കേണ്ടതാണ്.
4.അരി, ഗോതമ്പ്, മൈദ, പാൽ, പഞ്ചസാര, ചായ, കാപ്പി, ശുദ്ധീകരിച്ച ഉപ്പ്, മാംസാഹാരം, ശുദ്ധീകരിച്ച എണ്ണകൾ എന്നിവ നിർബന്ധമായും ഉപേക്ഷിക്കണം. ഈ നിർദ്ദേശങ്ങൾ ജീവിതക്രമമായി പാലിക്കുക.
5. നാടൻ ഭക്ഷണം കൊടുത്തു വളർത്തുന്ന നാടൻ പശുവിന്റെ തൈരോ മോരോ ഉപയോഗിക്കാം. അയഡിൻ ഇല്ലാത്ത കല്ലുപ്പ്, ചക്കിലാട്ടിയ എള്ള് എണ്ണ, വെളിച്ചെണ്ണ, കടല എണ്ണ എന്നിവ ഉപയോഗിക്കാം.