ലോറിക്ക് ആസിഡ്, മിറിസ്റ്റിക്ക് ആസിഡ്, ലിനൊലിയിക്ക് ആസിഡ് മുതലായ ഗുണമേന്മയേറിയ ഘടകങ്ങളുടെ കലവറയായ വെളിച്ചെണ്ണ പാചക എണ്ണയായും, ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും, ഔഷധ നിർമ്മാണത്തിനും, സൗന്ദര്യ വസ്തുകളുടെ നിർമ്മാണത്തിനും വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇന്ന് വിപണി കൈയ്യടക്കിയിരിക്കുന്ന ഉൽപ്പന്നമായ വെളിച്ചെണ്ണയുടെ ഗുണമേന്മ കണക്കാക്കുന്നതിനുള്ള മാനദണ്ഡം അതിന്റെ മേൽപ്പറഞ്ഞ ആസിഡ് മൂല്യമാണ്. 12 ശതമാനം ആണ് എണ്ണയുടെ ആസിഡ് വാല്യു. 0.1 ശതമാനം ആണ് ഈർപ്പം. വെളിച്ചം, വായു, ഈർപ്പം എന്നീ ഘടകങ്ങളാണ് വെളിച്ചെണ്ണക്ക് സ്വഭാവ വ്യത്യാസം ഉണ്ടാക്കുന്നത്.
എണ്ണ സൂക്ഷിച്ചു വയ്ക്കുന്ന പാത്രങ്ങളിൽ ജലാംശം ഉണ്ടാകാൻ പാടില്ല. വൃത്തിയുള്ള സാഹചര്യങ്ങളിൽ മാത്രമേ വെളിച്ചെണ്ണ/ഉരുക്ക് വെളിച്ചെണ്ണ നിർമ്മിക്കുവാൻ പാടുള്ളു. ഇതിനായി ഉപയോഗിക്കുന്ന പാത്രങ്ങളും, യന്ത്രങ്ങളും, അരിപ്പകളും മറ്റു വസ്തുകളും ഈർപ്പരഹിതവും, അണുവിമുക്തവുമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഈർപ്പത്തിന്റെ സാന്നിധ്യം ഫാറ്റി ആസിഡുകളും ഗ്ലിസറോളുകളും വർദ്ധിച്ച തോതിൽ ഉണ്ടാകാൻ കാരണമാകുന്നു. കൂടാതെ കുമിളുകളുടെയും ബാക്ടീരിയകളുടെയും വളർച്ചയെ സഹായിക്കുന്നു. തന്മൂലം എണ്ണ കനച്ചു പോവുകയും (റാൻസിഡിറ്റി), നിറത്തിനും മണത്തിനും വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു.
സൂക്ഷിച്ചു വയ്ക്കുമ്പോഴും, മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റിക്കൊണ്ടു പോകുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈർപ്പം പൂർണ്ണമായും ഇല്ലാത്ത, വായു കടകാത്ത വിധം അടച്ചു മൂടിയ കണ്ടെയ്നറുകളാണ് ഇതിനായും ഉപയോഗിക്കുന്നു. നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത നിറമുള്ള കുപ്പികളിൽ വെളിച്ചെണ്ണ സൂക്ഷിക്കുന്നതാണുത്തമം. മറ്റെണ്ണകളെ അപേക്ഷിച്ച് വെളിച്ചെണ്ണയ്ക്ക് സൂക്ഷിപ്പുകാലം (ഷെൽഫ്ലൈഫ്) കൂടുതലാണ്. മേൽപറഞ്ഞ കാര്യങ്ങൾ കൃത്യമായി പാലിക്കുകയാണെങ്കിൽ ഒന്നര വർഷം വരെ കേടാകാതെ സൂക്ഷിക്കാവുന്നതാണ്.
ഉരുക്ക് വെളിച്ചെണ്ണ വെർജിൻ കോക്ക നട്ട് ഓയിൽ
വളരെ പ്രചാരമുള്ള മറ്റൊരു നാളികേര മൂല്യവർദ്ധിത ഉൽപന്നമാണ് ഉരുക്ക് വെളിച്ചെണ്ണ വെർജിൻ കോക്ക നട്ട് ഓയിൽ. തേങ്ങാപ്പാൽ കടഞ്ഞ് തേങ്ങയിൽ അടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങളും, ഔഷധ മൂല്യങ്ങളും, - രുചിയും മണവും ഒന്നും തന്നെ ചോർന്നു പോകാതെ വേർതിരിച്ചെടുക്കുന്ന എണ്ണയാണിത്. ഇതിലെ പ്രധാന ഘടകമായ ലോറിക് ആസിഡ് ഈ എണ്ണയ്ക്കു മുലപാലിന്റെ ഗുണം നൽകുന്നു. 100 മി. ലി. ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയ്ക്ക് കുറഞ്ഞത് നൂറു രൂപ ലഭിക്കും. വെളിച്ചെണ്ണ സൂക്ഷിക്കുന്നതിനായെടുക്കുന്ന എല്ലാ മുൻ കരുതലുകളും ഈ ഉൽപ്പന്നത്തിനും എടുക്കേണ്ടതാണ്. വെളിച്ചം നേരിട്ട് കടക്കാത്തവിധമുള്ള കുപ്പികളിലാണ് ഇവ സൂക്ഷിക്കേണ്ടത്. ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.
കേടുവന്ന തേങ്ങകളും, വെള്ളം വറ്റിയ തേങ്ങകളും ഉരുക്ക് വെളിച്ചെണ്ണ ഉത്പാദനത്തിന് ഉപയോഗിക്കാൻ പാടില്ല. ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കുന്ന താപനിലയും അതിന്റെ ദൈർഘ്യവും, അരിപ്പകളുടെ ഗുണമേൻമയും പാകം ചെയ്യുന്ന സ്ഥലത്തിന്റെ വൃത്തിയും ഇതിന്റെ ഗുണത്തെ സാരമായ സ്വാധീനിക്കുന്നു. വളരെ ഉയർന്ന താപനിലയും, വളരെ കൂടുതലായോ, കുറവായോ ഉള്ള താപനിലയുടെ ദൈർഘ്യവും ഉരുക്ക് വെളിച്ചെണ്ണയുടെ ഗുണത്തെ പ്രതികൂലമായി ബാധിക്കുന്നു. കൃത്യമായ ഊഷ്മാവിലാണ് ഉരുക്ക് വെളിച്ചെണ്ണ സൂക്ഷിക്കേണ്ടത്. ഇതിലുള്ള വ്യതിയാനം ഉരുക്ക് വെളിച്ചെണ്ണയുടെ ഗുണമേന്മയേ ബാധിക്കുന്നു