മുതിർന്നവരെയാണ് സാധാരണയായി വാതരോഗം അഥവാ Arthritis ബാധിക്കുന്നത്. വാതരോഗം വന്നാൽ ശരീരവേദനയും കൈകാലുകളിലെ സന്ധിവേദനയുമെല്ലാം ഉണ്ടാകും. നടക്കാനോ, ജോലി ചെയ്യാനോ നിത്യജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ക്കോ എല്ലാം ബുദ്ധിമുട്ടാണ്. ഇതിന് ചികിൽസിച്ചാലും അത്ര വേഗം പരിഹാരം കാണാന്‍ സാധിക്കാറില്ല. ആയുര്‍വേദത്തിലും അലോപ്പതിയിലും ഹോമിയോയിലും എല്ലാം വാതരോഗത്തിന് ചികിത്സയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: വ്യായാമം കൊണ്ട് ആര്‍ത്രൈറ്റിസ് രോഗശമനം ഒരു പരിധിവരെ ലഭ്യമാക്കാം
'അമേരിക്കന്‍ ജേണല്‍ ഓഫ് ലൈഫ്‌സ്റ്റൈല്‍ മെഡിസിന്‍' എന്ന ആരോഗ്യ പ്രസിദ്ധികരണ പ്രകാരം ജീവിതരീതികളില്‍ കൂടി ചില മാറ്റങ്ങള്‍ വരുത്തുമ്പോള്‍ മാത്രമാണ് പലപ്പോഴും വാതരോഗത്തിനുള്ള ചികിത്സ ഫലപ്രദമാകുന്നത്. ഭക്ഷണത്തിനും വാതരോഗത്തിനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. കൊഴുപ്പ് കുറഞ്ഞ സസ്യാഹാരങ്ങൾ പിന്തുടരുന്നതിലൂടെ വാതരോഗത്തിന് ശമനം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്.
ഇതിനായി ഗവേഷകര്‍ വാതരോഗമുള്ള അമ്പതോളം പേരെ 16 ആഴ്ചയോളം പരീക്ഷണത്തിനായി ഉപയോഗിച്ചത്രേ. ഇവരുടെ ഭക്ഷണരീതികള്‍ മാറ്റി നോക്കുകയും ഒപ്പം മരുന്ന് അടക്കമുള്ള ചികിത്സകള്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ സസ്യാഹാരങ്ങൾ മാത്രം കഴിച്ചവരിൽ വാതരോഗത്തിൻറെ ലക്ഷണങ്ങൾ വലിയ രീതിയില്‍ കുറഞ്ഞതായാണ് ഇവര്‍ക്ക് കാണാനായത്.
എന്നാൽ ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ച്, മരുന്നും തുടര്‍ന്നവരില്‍ ഈ ആശ്വാസം കാണാന്‍ സാധിച്ചില്ലെന്നും ഗവേഷകര്‍ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കൊഴുപ്പ് കുറഞ്ഞ സസ്യാഹാരമാണ് പ്രധാനമായും ഡയറ്റിലുള്‍പ്പെടുത്തിയതത്രേ. വാതരോഗത്തിന് ആശ്വാസമുണ്ടായി എന്നത് മാത്രമല്ല, രോഗികളില്‍ അമിതവണ്ണമുണ്ടായിരുന്നവര്‍ക്ക് വണ്ണം കുറയ്ക്കാന്‍ ഈ ഡയറ്റ് സഹായപ്രദമായതായും ഗവേഷകര്‍ പറയുന്നു. ശരീരത്തില്‍ അടിഞ്ഞുകിടന്നിരുന്ന ചീത്ത കൊളസ്‌ട്രോള്‍ കുറഞ്ഞതോടെ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നവരില്‍ അതിന്റെ ബുദ്ധിമുട്ടുകളും കുറഞ്ഞുവത്രേ.
എന്തായാലും ഡയറ്റില്‍ മാറ്റം വരുത്തുമ്പോള്‍ അക്കാര്യം തീര്‍ച്ചയായും ഒരു ഡോക്ടറുമായോ ഡയറ്റീഷ്യനുമായോ ബന്ധപ്പെട്ട ശേഷം മാത്രമേ നടപ്പിലാക്കാവൂ. നമ്മുടെ ആകെ ആരോഗ്യാവസ്ഥ, പ്രായം, മറ്റ് അസുഖങ്ങള്‍ എന്നിവയെല്ലാം ഇതില്‍ സ്വാധീനം ചെലുത്താം. അതിനാല്‍ തന്നെ ഡയറ്റ് മാറ്റുമ്പോള്‍ നിര്‍ബന്ധമായും വിദഗ്ധരുടെ നിര്‍ദേശം തേടുക. ഗുണപരമായ ഫലം കാണുകയാണെങ്കില്‍ ശ്രദ്ധയോടെ അതേ ഡയറ്റ് തന്നെ വീണ്ടും മുന്നോട്ടുകൊണ്ടുപോകാമല്ലോ!
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.