വാളൻപുളി, ഇഫ്താർ വിരുന്നിലെ ഒഴിച്ചുകൂടാനാവാത്ത പാനീയമാണ്. പുളി ജ്യൂസില്ലാത്ത ഒരു ഇഫ്‌താറിനെക്കുറിച്ച് ഈജിപ്തുകാർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. നോമ്പുകാലത്ത് ഈ പാനീയത്തിന് വൻ ഡിമാൻഡാണ്.
പഴുത്ത പുളി പത്തുമണിക്കൂറിലേറെ കുതിർത്തുവയ്ക്കലാണ് ആദ്യ പടി. ഇത് കൈ കൊണ്ട് നന്നായി ഉടച്ചെടുത്ത് നേർത്ത തുണിയിൽ അരിച്ചെടുക്കണം. ഇങ്ങനെ അരിച്ചെടുത്ത പാനീയത്തിൽ പഞ്ചസാര ചേർത്ത് തിളപ്പിക്കും. ഇതിലേക്ക് ആവശ്യത്തിന് നാരങ്ങാനീരും ചേർക്കും. പാകമായാൽ അടുപ്പിൽ നിന്ന് വാങ്ങിവച്ച് തണുപ്പിച്ചതിനു ശേഷം നല്ല അടച്ചുറപ്പുള്ള കുപ്പികളിലാക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. ആവശ്യത്തിന് വെള്ളം ചേർത്ത് ഇതുപയോഗിക്കാം.
ഗുണങ്ങൾ ഏറെ
വാളൻപുളി ജ്യൂസ് നല്കുന്ന ആരോഗ്യഗുണങ്ങൾ നോക്കാം.
ദഹനസഹായി
ദഹനക്കേട്, മലബന്ധം, ദുർമേദസ് എന്നിവയ്ക്ക് പരിഹാരമാണ് പുളിജ്യൂസ്. മൂത്രവിസർജനം ത്വരിതപ്പെടുത്താനുള്ള കഴിവ്, ദഹനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി ദഹനപ്രശ്നങ്ങൾ തടയും. അതിസാരവും ഛർദിയും പരിഹരിക്കാനും ഈ പ്രകൃതിദത്തരീതി സഹായിക്കും.
ശരീരഭാരം കുറയ്ക്കും
പുളിജ്യൂസ് ദിവസവും കുടിക്കുന്നത് ദുർമേദസ് കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ഫ്ലേവനോയ്‌ഡുകൾ വിശപ്പ് നിയന്ത്രിക്കാൻ ഉപകരിക്കും.
കരളിലെ വിഷാംശം നീക്കും
കരളിൻ്റെ ആരോഗ്യം നിലനിർത്താനും ആരോഗ്യകരമായി സംരക്ഷിക്കാനും പുളിക്ക് കഴിയും.
പ്രമേഹം തടയും
അന്നജം ആഗിരണം ചെയ്യാനുള്ള കഴിവ് പുളി ജ്യൂസിനുണ്ട്. ഭക്ഷണത്തിനു ശേഷം പ്രമേഹബാധിതരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും.
ചർമസംരക്ഷണം
പുളിജ്യൂസിന്റെ ഉപയോഗം ചർമത്തിലെ വടുക്കൾ, പുള്ളികൾ, പൊള്ളലേറ്റ പാടുകൾ തുടങ്ങിയവയ്ക്ക് പരിഹാരമാണ്. തിളക്കവും ആരോഗ്യവുമുള്ള ചർമം നിലനിർത്താൻ ഇത് ഉപകരിക്കും. മുഖക്കുരു, വസൂരിക്കലകൾ തുടങ്ങിയവ നീക്കാനും സഹായകം.
രോഗപ്രതിരോധം മെച്ചപ്പെടുത്തും
പുളിജ്യൂസിൽ അടങ്ങിയിട്ടുള്ള നിരോക്സീകാരകങ്ങൾ ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. ജലദോഷം, പനി, ചുമ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരവുമാണ്.