സൂപ്പർസ്റ്റാർ പവിത്ര
വിവിധ മരച്ചീനി ഇനങ്ങൾക്കിടയിൽ കൊല്ലം കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ താരതമ്യ പഠനത്തിൽ ശ്രീ പവിത്ര സൂപ്പർസ്റ്റാറായി.
സ്വാദ് , വിളവ്, മണ്ണിൽ നിന്ന് പോഷകങ്ങൾ സ്വീകരിക്കാനുള്ള കഴിവ് എന്നിവയാണ് ശ്രീ പവിത്ര ഇനത്തിൽപ്പെട്ട മരച്ചീനിയെ മുന്നിലെത്തിച്ചത്. മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഈ മരച്ചീനിയുടെ കൃഷി വ്യാപിപ്പിക്കുകയാണ് അടുത്ത ഘട്ടം. ഇതിനായി ഈ വർഷം തന്നെ മുൻനിര പ്രദർശന തോട്ടങ്ങൾ ഉണ്ടാകും.
മരച്ചീനിയുടെ താരതമ്യപഠനം
കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ശ്രീ പവിത്ര 7 ഇ ത്രീ 35, സി ഐ 905 എന്നീ ഇനങ്ങളും പരമ്പരാഗത മരച്ചീനി ഇനങ്ങളുമാണ് താരതമ്യ പഠനത്തിന് വിധേയമാക്കിയത്. ഒരു മൂട്ടിൽ ശരാശരി 9.97 കിലോഗ്രാം മരച്ചീനി വിളഞ്ഞ 7 ഇ ത്രീ 35 ഇനത്തിലാണ് കൂടുതൽ വിളവ് ലഭിച്ചത്. എന്നാൽ ശ്രീ പവിത്ര ആണ് രുചി പരീക്ഷണത്തിൽ ജയിച്ചത്. ഒരു മുട്ടിൽ നിന്ന് ശരാശരി 8.17 കിലോഗ്രാം മരച്ചീനി കിട്ടുകയും ചെയ്തു.
വളപ്രയോഗത്തിലെ മേന്മ
എല്ലാ ഇനങ്ങളും 9-10 മാസം മൂപ്പ് വരുന്നവയാണ്. മൂന്ന് ഇനങ്ങൾക്കും മണ്ണിൽ നിന്ന് പരമാവധി പോഷകങ്ങൾ വലിച്ചെടുക്കാൻ ശേഷിയുണ്ട്. അതിനാൽ കൃത്രിമ വളപ്രയോഗം തീരെ കുറച്ചു മതിയാകും. മുൻനിര പ്രദർശനങ്ങൾ കഴിയുന്നതോടെ ശ്രീ പവിത്രയെ കർഷകരുടെ പ്രിയപ്പെട്ട മരച്ചീനി ആകാമെന്ന് പ്രതീക്ഷയിലാണ് കൃഷി വിജ്ഞാന കേന്ദ്രം. നേരത്തെ കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോക്ടർ സൂസൻ ജോർജിന്റെ നേതൃത്വത്തിലാണ് ശ്രീ പവിത്ര വികസിപ്പിച്ചെടുത്തത്.
കൊല്ലം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോക്ടർ ബിനി സാം, ശാസ്ത്രജ്ഞ ഡോക്ടർ പൂർണിമ യാദവ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു താരതമ്യപഠനം. ഇതിനായി കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ കരവാളൂർ ചാത്തന്നൂർ വെട്ടിക്കവല പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കർഷകരുടെ കൃഷിയിടങ്ങളിൽ പരീക്ഷണ കൃഷി നടത്തിയിരുന്നു.