നേരിട്ട് അപകടകാരിയല്ലാത്തതും, പൊതുവെ ക്യാന്‍സര്‍ പോലെയുള്ള അവസ്ഥകളിലേക്കു മാറാന്‍ സാധ്യതയില്ലാത്തതുമായ രോഗമാണിത്. എന്നാൽ ഗര്‍ഭാശയത്തിലും അണ്ഡാശയത്തിലും സ്തനങ്ങളിലും ഉണ്ടാകുന്ന അപകടകാരിയല്ലാത്ത ഈ മുഴകള്‍ അഥവാ ഫൈബ്രോയിഡുകള്‍ (Fibroids) ചികിത്സ വൈകിപ്പിച്ചാൽ മറ്റു പല ബുദ്ധിമുട്ടുകളിലേക്കും നയിക്കാം. മുപ്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയിഡുകള്‍ കൂടുതല്‍ കണ്ടു വരുന്നത്.
മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് ഫൈബ്രോയിഡുകള്‍. കട്ടി കൂടിയ ടിഷ്യൂകളാണെന്ന് പറയാം. പയറുമണി മുതല്‍ ചെറിയ ഫുട്‌ബോളിന്റെ വരെ വലുപ്പം വയ്ക്കാവുന്നവയാണിവ. . എന്നാല്‍ ദ്രാവകം നിറഞ്ഞ കോശങ്ങളെയാണ് സിസ്റ്റ് എന്ന് വിളിക്കുന്നത്. ഗര്‍ഭാശയത്തില്‍ പലതരം ഫൈബ്രോയിഡുകള്‍ വളരാറുണ്ട്. ഇവയെ ഇന്‍ട്രാമ്യൂറല്‍, സബ്സെറോസല്‍, സബ്മ്യൂകോസല്‍, സെര്‍വിക്കല്‍ ഫൈബ്രോയിഡുകള്‍ എന്ന് വേര്‍തിരിക്കാം. ഗര്‍ഭാശയ ഭിത്തിയുടെ പുറത്ത് വളരുന്ന ഇന്‍ട്രാമ്യൂറല്‍ ഫൈബ്രോയിഡുകള്‍ ആണ് വലുപ്പം കൂടാന്‍ സാധ്യതയുള്ള മുഴ.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകളിലുണ്ടാകുന്ന 'പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം' എങ്ങനെ കുറയ്ക്കാം?
എന്തെങ്കിലും ശാരീരിക കാരണങ്ങളാല്‍ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോന്‍ എന്നീ ഹോര്‍മോണ്‍ ലെവലുകളില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഗര്‍ഭപാത്രത്തിലുള്ള തടിപ്പുകളെ വളരാന്‍ സഹായിക്കുന്നതാണ് പ്രധാന കാരണം. മറ്റു ചിലരില്‍ കുടുംബ പാരമ്പര്യം ഇതിനൊരു കാരണമായി കണ്ടുവരാറുണ്ട്. അമിത ഭാരമുള്ള സ്ത്രീകളില്‍ ഫൈബ്രോയിഡുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗര്‍ഭാശയത്തില്‍ ഫൈബ്രോയിഡുകളായും അണ്ഡായശയത്തില്‍ സിസ്റ്റുകളായും രൂപപ്പെടുന്ന മുഴകള്‍ ദൈനംദിന ജീവിതത്തെ ബാധിക്കുന്നില്ലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല.
ലക്ഷണങ്ങള്‍
മാസമുറ ക്രമം തെറ്റുക, കടുത്ത രക്തസ്രാവം, മാസമുറ രക്തം കട്ടയായി കാണപ്പെടുക, മലബന്ധം, അരക്കെട്ടിന്റെ വണ്ണം വര്‍ദ്ധിക്കുക, വയറു വേദന, പുറം വേദന, കാല്‍ വേദന, വിളര്‍ച്ച ഇങ്ങനെ സാധാരണ സ്ത്രീകളിലൊക്കെ കാണപ്പെടാവുന്ന സാമാന്യ ലക്ഷണങ്ങള്‍ മാത്രമാണ് ഫൈബ്രോയിഡുകളുടെയും ലക്ഷണം.
ഗര്‍ഭപാത്രത്തിനകത്തേക്കു വളരുന്ന ഫൈബ്രോയിഡുകള്‍ ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം തടസപ്പെട്ടുകയും, ഗര്‍ഭ കാലയളവില്‍ ചിലര്‍ക്ക് മാസം തികയാതെ പ്രസവിക്കുക, ഗര്‍ഭം അലസല്‍, പ്രസവ വൈഷമ്യങ്ങള്‍ എന്നിവ ഉണ്ടാകാറുണ്ട്. ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണതയും മറ്റുചിലപ്പോള്‍ ഒട്ടും മൂത്രം ഒഴിക്കാന്‍ സാധിക്കാതെ വരികയോ ചെയ്തിട്ടു പരിശോധിക്കുമ്പോള്‍ ഫൈബ്രോയിഡുകള്‍ കണ്ടെത്താറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ആര്‍ത്തവവിരാമം: ലക്ഷണങ്ങളും, പരിഹാരങ്ങളും
ചികിത്സകള്‍
പ്രശ്‌നങ്ങള്‍ ലക്ഷണങ്ങളും ഇല്ലാത്ത ചെറിയ ഫൈബ്രോയിഡുകള്‍ക്കു ചികിത്സയുടെ ആവശ്യമില്ല. ആറു മാസം കൂടുമ്പോള്‍ ഒന്ന് ചെക്കപ്പ് നടത്തി, ഫൈബ്രോയിഡുകള്‍ വലുതാകുന്നില്ല എന്ന് ഉറപ്പു വരുത്തിയാല്‍ മതിയാകും. ഫൈബ്രോയിഡ് ജീവിതചര്യകളെ ബാധിക്കുന്നത്ര വലുപ്പം വച്ചിട്ടുണ്ടെങ്കില്‍ സര്‍ജറി ചെയ്ത് നീക്കാവുന്നതാണ്. സര്‍ജറി, മെഡിക്കല്‍ മാനേജ്‌മെന്റ് എന്നിങ്ങനെ രണ്ടു രീതിയില്‍ ഫൈബ്രോയിഡുകള്‍ ചികിത്സിക്കാം. മരുന്നുകള്‍ ഉപയോഗിച്ചും ഫൈബ്രോയിഡ് ചികിത്സിക്കാറുണ്ട്.
ഫൈബ്രോയിഡ് എങ്ങനെ തടയാം?
അമിതഭാരം വരാതെ നോക്കുകയാണ് ഫൈബ്രോയിഡ് തടയാനുള്ള പ്രധാന മാര്‍ഗം. ഉയരത്തിനനുസരിച്ച് ശരീരഭാരം നിലനിര്‍ത്തുക, ശരീരത്തിനും അരക്കെട്ടിനും വണ്ണം കൂടുമ്പോള്‍ ശരീരത്തില്‍ ഈസ്ട്രജന്‍ ഉല്‍പാദനം കൂടുതലാണെന്ന് മനസിലാക്കണം. പതിവായി വ്യായാമം ചെയ്താല്‍ ഫൈബ്രോയിഡ് ചുരുങ്ങും. നടത്തം, യോഗ, വയറു ചുരുങ്ങാനുള്ള വ്യായാമം ഇവയെല്ലാം ഫലപ്രദമാണ്. ഫൈബ്രോയിഡ് പ്രശ്‌നങ്ങളുള്ളവര്‍ സന്തുലിതമായ ജീവിതശൈലി നിലനിര്‍ത്തുക തന്നെ വേണം.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.