നാട്ടിൻ പുറത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം. എന്നാൽ വാഴയിൽ നിന്ന് വാഴപ്പഴം മാത്രമല്ല നമുക്ക് ഉപയോഗപ്രദമായത്. അതിലെ എല്ലാ ഭാഗവും ഉപയോഗപ്രദമാണ്. വാഴപ്പഴം, വാഴയില, പിണ്ടി എന്നിങ്ങനെ പല ഭാഗങ്ങളും ഉപയോഗപ്രദമാണ്.
ഇതിലെ ഔഷധപ്രദമായ ഭാഗമേതാണ് എന്ന് ചോദിച്ചാൽ അതിന് ഉത്തരം വാഴപ്പിണ്ടി എന്നായിരിക്കും. കാരണം നാരുകളാൽ സമ്പന്നമാണ് വാഴപ്പിണ്ടി. പല അസുഖങ്ങൾക്കുമുള്ള പ്രകൃതിദത്ത മരുന്ന് കൂടിയാണ് വാഴപ്പിണ്ടി. വാഴയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നത് വാഴപ്പിണ്ടിയിലൂടെയാണ്, അത്കൊണ്ടാണ് ഏറ്റവും ആരോഗ്യകരമായ ഭാഗമായി വാഴപ്പിണ്ടിയെ അറിയപ്പെടുന്നത്. വാഴപ്പിണ്ടി കൊണ്ട് നമുക്ക് തോരനും, കറിയുമൊക്കെ ഉണ്ടാക്കാൻ സാധിക്കും.
അയേൺ, വൈറ്റമിൻ ബി6, എന്നിങ്ങനെയുള്ള ധാതുക്കൾ വാഴപ്പിണ്ടിയിൽ ധാരാളമായി ഉണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും പ്രമേഹത്തിനെ നിയന്ത്രിക്കുന്നതിനുമൊക്കെ സഹായിക്കുന്നു.
എന്തൊക്കെയാണ് വാഴപ്പിണ്ടിയുടെ ഗുണങ്ങൾ
പ്രമേഹത്തിന്
വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നത് പ്രമേഹത്തിനെ തടയുന്നതിന് സഹായിക്കുന്നു. കാരണം ഇതിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നു, മാത്രമല്ല ഇത് ബിപിയും നിയന്ത്രിക്കാൻ സഹായിക്കുന്നു.
അൾസർ തടയുന്നതിന്
വെറും വയറ്റിൽ വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നത് ഒഴിവാക്കും, അങ്ങനെ വയറ്റിലുണ്ടാക്കുന്ന അൾസർ തടയുന്നു. മാത്രമല്ല വയറ്റിലുണ്ടാകുന്ന ക്യൻസറടക്കമുള്ള രോഗങ്ങൾക്ക് വളരെ നല്ലതാണ് ഇത്.
വിളർച്ച തടയുന്നതിന്
വാഴപ്പിണ്ടിയിൽ അയേൺ അടങ്ങിയിരിക്കുന്നു. അത് വിളർച്ച തടയുന്നതിന് സഹായിക്കുന്നു. ആർത്തവ സമയത്ത് ശരീരത്തിലെ രക്തം നഷ്ടപ്പെടുന്നത് ബാലൻസ് ചെയ്യാൻ വാഴപ്പിണ്ടി ജ്യൂസ് കഴിക്കാവുന്നതാണ്. ആഴ്ച്ചയിൽ 2 അല്ലെങ്കിൽ 3 തവണ വാഴപ്പിണ്ടി ജ്യൂസ് കുടിക്കാവുന്നതാണ്.
യൂറിനറി ഇൻഫെക്ഷൻ തടയുന്നു
വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നത് മൂത്രനാളിയിൽ അടിക്കടി ഉണ്ടാകുന്ന അണുബാധകളെ പ്രതിരോധിക്കുന്നു. മാത്രമല്ല ഇത് കിഡ്ണി സ്റ്റോണിനും വളരെ നല്ലതാണ്.
കൊളസ്ട്രോൾ തടയുന്നതിന്
ധാരാളമായി നാരുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇതിൽ കലോറി കുറവാണ്. അമിത വണ്ണം ഒഴിവാക്കുന്നതിനും ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്കും നല്ലൊറു ഭക്ഷണമാണ് വാഴപ്പിണ്ടി.
ആരോഗ്യകരമായ വാഴപ്പിണ്ടി തോരൻ എങ്ങനെ ഉണ്ടാക്കാം?
ആവശ്യമുള്ള സാധനങ്ങൾ
വാഴപ്പിണ്ടി ചെറുതായി അരിഞ്ഞെടുത്തത്
തേങ്ങ ചിരകിയത്
പച്ചമുളക്
വെളുത്തുള്ളി
മഞ്ഞൾപ്പൊടി
കടുക്
എണ്ണ
കറിവേപ്പില
ഉപ്പ്
വറ്റൽമുളക്
ചെറിയ ഉള്ളി
തയ്യാറാക്കുന്ന വിധം
വാഴപ്പിണ്ടി അരിഞ്ഞതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ച് വറ്റിച്ചെടുക്കുക. തേങ്ങയും പച്ചമുളകും വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും ചെറുതായി ചതച്ചെടുക്കുക, ഇത് വറ്റിച്ചെടുത്ത വാഴപ്പിണ്ടിയിലേക്ക് ഇട്ട്, ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ച് എടുക്കാം. ശേഷം ഒരു പാനിലേക്ക് എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, ഉള്ളി അരിഞ്ഞതും വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് വാഴപ്പിണ്ടി തോരൻ ചേർക്കാം. സ്വാദിഷ്ടമായ തോരൻ റെഡി...
ബന്ധപ്പെട്ട വാർത്തകൾ: ദിവസവും ഒരു വാഴപ്പഴം; ആരോഗ്യത്തിന് അത് മതി!