ആരോഗ്യഗുണങ്ങളിൽ ചില്ലറക്കാരനല്ല ഇഞ്ചി. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, രക്തസമ്മർദം കുറയ്ക്കാനുമെല്ലാം അത്യുത്തമമായ ആയുർവേദ ഒറ്റമൂലിയാണ് ഇഞ്ചി (Ginger).
മാത്രമല്ല, കറികളിലായാലും ചായ, നാരങ്ങാവെള്ളം പോലുള്ള പാനീയങ്ങളിലായാലും ഇഞ്ചി ചേർക്കുന്നത് രുചി വർധിപ്പിക്കും. ചുമ, തൊണ്ടവേദന, മറ്റ് അനാരോഗ്യ അസ്വസ്ഥതകൾ എന്നിവയെ എല്ലാം ശമിപ്പിക്കുന്നതിനുള്ള ഗുണങ്ങൾ ഇഞ്ചിയിൽ ഉൾക്കൊള്ളുന്നു. ഓക്കാനം, ആർത്തവ വേദന തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും ഇഞ്ചി വളരെ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്കയും ഇഞ്ചിയും ചേർത്ത് വ്യത്യസ്തമായൊരു ചായ: ശരീരഭാരം കുറയും, രോഗങ്ങളകറ്റും
എന്നിരുന്നാലും, ഇഞ്ചി അമിതമായി കഴിക്കുന്നതിലൂടെയും ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം (Side effects of ginger). ഇത്തരത്തിൽ ഇഞ്ചി എങ്ങനെയാണ് നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് നോക്കാം.
-
നെഞ്ചെരിച്ചിൽ (Heartburn)
ഭക്ഷണത്തിൽ ഇഞ്ചി അമിതമായി ചേർക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാകാൻ കാരണമാകും. ഇത് ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു. തുടർന്ന്, നെഞ്ചെരിച്ചിൽ, വീക്കം, വായുകോപം പോലുള്ള അവസ്ഥയിലേക്കും നിങ്ങളുടെ ശരീരത്തെ നയിച്ചേക്കാം. അതിനാൽ തന്നെ ഇഞ്ചി ഉപയോഗിക്കുന്നതിൽ അൽപം നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണ്.
-
വയറിളക്കം (Diarrhea)
ഇഞ്ചി കഴിച്ചതിന് ശേഷം ചിലർക്ക് വയറിളക്കം ഉണ്ടാകാറുണ്ട്. ഇത് കൂടുതലായി ഇഞ്ചി കഴിച്ചതിനാലാണ് സംഭവിക്കുന്നത്. ശരീരത്തിന് അസ്വസ്ഥത വരാനും ക്ഷീണം ഉണ്ടാകാനും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ ഇഞ്ചി അമിതമായി ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.
-
വയറുവേദന (stomach ache)
ഇഞ്ചി പലപ്പോഴും ദഹനത്തെയും വയറിനെയും ബാധിക്കാം. അതായത്, അധികമായി കഴിക്കുന്നതിലൂടെ ഒഴിഞ്ഞ വയറ്റിൽ ഇത് ദഹനപ്രശ്നത്തിന് കാരണമാകും. ഇത് വയറുവേദനയിലേക്ക് കൊണ്ടെത്തിക്കും. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന ഘടകം ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുന്നു. ഇങ്ങനെ ആമാശയത്തിൽ ആസിഡ് ഉത്പാദനം വർധിക്കുന്നു. അതുകൊണ്ട് തന്നെ ഗർഭിണികൾ പ്രത്യേകിച്ച് ഇഞ്ചി കഴിക്കുന്നത് നിയന്ത്രിക്കുക.
-
രക്തസ്രാവം (Bleeding)
ഇഞ്ചി കഴിക്കുന്നത് അമിതമായാൽ അത് രക്തസ്രാവ പ്രശ്നങ്ങൾ വർധിപ്പിക്കുന്നതിന് കാരണമാകും. ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ആന്റി പ്ലേറ്റ്‌ലെറ്റ് ഗുണങ്ങൾ രക്തസ്രാവമുണ്ടാക്കുന്നു. അതിനാൽ തന്നെ ഇഞ്ചി കഴിയ്ക്കുമ്പോൾ ശ്രദ്ധിക്കുക.
-
വായയിൽ അസ്വസ്ഥതകൾ (mouth problems)
ഇഞ്ചി കൂടുതലായി കഴിച്ചാൽ അത് വായിൽ ഓറൽ അലർജി സിൻഡ്രോമിന് കാരണമാകും. കൂടാതെ, പലർക്കും ഇഞ്ചി അലർജി ഉണ്ടാക്കുന്നതിന് കാരണമാകും. ഇഞ്ചി കഴിച്ചതിന് ശേഷം വായിൽ വീക്കം, പ്രകോപനം അല്ലെങ്കിൽ വേദന എന്നിവയ്ക്കും കാരണമാകും. അതിനാൽ തന്നെ ഇത് അലർജി പോലുള്ള എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നോ എന്നും ശ്രദ്ധിക്കണം. വായിൽ അസ്വസ്ഥത ഉണ്ടാകുന്നുവെങ്കിൽ ഇഞ്ചി കഴിക്കുന്നത് ഒഴിവാക്കണം.
-
ചർമത്തിന് ദോഷം (Skin problems)
ചർമത്തില്‍ തിണര്‍പ്പ്, കണ്ണിലെ ചുവപ്പ്, ചൊറിച്ചില്‍ തുടങ്ങിയ അലർജി പ്രശ്നങ്ങൾക്കും ഇഞ്ചി കാരണമാകും. ഇഞ്ചിയുടെ അമിതമായ ഉപയോഗം മൂലം ഉണ്ടാകുന്ന പാർശ്വഫലമാണിത്.
അതിനാൽ തന്നെ ഇഞ്ചി മിതമായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിനായി ശ്രദ്ധിക്കുക.