ത്വക്ക് രോഗത്തിനും അതിസാരത്തിനും ഗൊണോറിയയ്ക്കും അതിവിശേഷമാണ് തെറ്റി അഥവാ ചെത്തി. തെറ്റി നാലുവിധത്തിലുണ്ടെങ്കിലും ചുവന്ന പൂവുള്ള കാട്ടുതെറ്റിയിലാണ് ഔഷധവീര്യം കൂടുതലായിട്ടുള്ളത്.
ഔഷധഗുണങ്ങളിൽ ഉദരജന്യമായ രോഗാണുക്കളെ ഇല്ലാതാക്കുന്നതിനുള്ള ശക്തിവിശേഷം ഇതിലടങ്ങിയിട്ടുണ്ട്. കൂടാതെ വ്രണങ്ങളേയും മുറിവുകളേയും കരിക്കുകയും പഴുപ്പിക്കാതെ സൂക്ഷിക്കുകയും ചെയ്യുന്നു. അതിസാരം, ഗ്രഹണി, ആമാതിസാരം തുടങ്ങിയവയ്ക്ക് ചെത്തി വേരും പത്തിലൊരുഭാഗം കുരുമുളകും ചതച്ചു കഷായം വെച്ച് കല്ലുപ്പും കായവും അനത്തിപ്പൊടിച്ച് മേമ്പൊടി ചേർത്ത് കാലത്തും വൈകിട്ടും സേവിക്കുന്നതു നന്നാണ്.
ചെത്തിവേര്, ചീനപ്പാവ്, കൊത്തമല്ലി ഇവ കഷായം വെച്ച് തേൻ മേമ്പൊടി ചേർത്ത് കാലത്തും വൈകിട്ടും കഴിക്കുന്നത് ഗൊണോറിയ എന്ന രോഗത്തിനുള്ള ഔഷധമാണ്. പഥ്യം ആചരിക്കണം. തെറ്റി മൊട്ടും അരിയും കൂടി അരച്ച് കരിപ്പുകട്ടി ചേർത്തു കുറുക്കിക്കഴിക്കുന്നത് സാവരോഗങ്ങൾക്കു വിശേഷമാണ്. തെറ്റിപ്പൂവും തേങ്ങാപ്പീരയും ചേർത്തിടിച്ചു വെന്ത് പാലെടുത്ത് കാച്ചി വെളിച്ചെണ്ണ പാകത്തിലരിച്ചുവെച്ചിരുന്ന് ദേഹത്തു തലോടുന്നത് കൊച്ചുകുട്ടികൾക്കു കരപ്പൻ വരാതിരിക്കുന്നതിനും വന്നിട്ടുള്ളതു ശമിക്കുന്നതിനും വിശേഷമാണ്.
തെറ്റിവേരിലെ തൊലി, ചീനപ്പാവ് പാലിൽ പുഴുങ്ങി വറ്റിച്ചത്, കൊട്ടം ഇവ സമമായെടുത്ത് ഉണക്കി ഇടിച്ചു ശീലപ്പൊടിയാക്കി പാലിൽ കുറുക്കി കഴിക്കുന്നത് നാഡീവ്രണങ്ങൾക്കു നന്നാണ്. തെറിമൊട്ട് അരിയും കൂട്ടി വറുത്ത് ചുവന്നു കരിയുന്ന പാകത്തിൽ അരച്ചു ചാന്താക്കി വെരുകിൻ പുഴു കൂട്ടി നെറ്റിയിൽ പൊട്ടിടുന്നത്.
തെറ്റിമൊട്ട് ജീരകവും കൂട്ടി ചതച്ച് പനിനീരിലിട്ടിരുന്ന് ഒരു രാത്രി കഴിഞ്ഞ് അരച്ച് കണ്ണിൽ ധാരകോരുകയോ ഒഴിക്കുകയോ ചെയ്താൽ, കണ്ണിലെ നീരും കണ്ണിലെ ചുവപ്പും വേദനയും ശമിക്കും. തെറ്റിവേര്, പച്ചമഞ്ഞൾ, പുളിയാറില, കാട്ടുതൃത്താവ് (കാട്ടുതുളസി), തെറ്റിപ്പൂവ്, തുമ്പവേര് ഇവ കലമാക്കി കാച്ചിയെടുക്കുന്ന നെയ്യ് ഉദരത്തിലുണ്ടാകുന്ന വ്രണങ്ങൾ ശമിപ്പിക്കും.