ഭാരതം ജന്മദേശമായുള്ള തിപ്പലി ചിരസ്ഥായി പ്രകൃതമുള്ള വള്ളിച്ചെടിയാണ്. തിപ്പലി, വൻതിപ്പലി, ചെറുതിപ്പലി, കാട്ടുതിപ്പലി ഇങ്ങനെ പലതരത്തിൽ ഉള്ളതിൽ നല്ല തിപ്പലിയായി കണക്കാക്കപ്പെടുന്നത് 1.25-225 സെ.മീ. നീളമുള്ള ഉരുണ്ട ദൃഢമായ ഫലമുള്ള ഇനമാണ്. കുരുമുളക് ചെടിയോട് രൂപസാദൃശ്യമുള്ള ദുർബലശാഖകളോടു കൂടിയ പടർന്നു കയറുന്ന ഈ വള്ളിച്ചെടി കുരുമുളകിൻ്റെ അത്ര ഉയരത്തിൽ വളരാറില്ല.
ഔഷധപ്രാധാന്യം
തിപ്പലി, ഗ്രാംമ്പൂ, അയമോദകം, ചുക്ക്, മാങ്ങയണ്ടിപരിപ്പ് ഇവ സമം മോരിലരച്ച് കലക്കി സേവിച്ചാൽ അതിസാരം ശമിക്കും.
തിപ്പലി പൊടിച്ച് കൽക്കണ്ടമോ പഞ്ചസാരയോ കലർത്തി കഴിച്ചാൽ ഒച്ചയടപ്പിന് പ്രതിവിധിയാണ്.
തിപ്പലി തുളസിനീരിൽ കലർത്തികഴിക്കുന്നത് കാസശ്വാസത്തിൽ നിന്നും ആശ്വാസം കിട്ടും.
ആറ് തിപ്പലി രാത്രി ഒരു ഗ്ലാസ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റിൽ അരച്ചു കഴിക്കുന്നതും ആ വെള്ളം കുടിക്കുകയും ചെയ്യുന്നത് രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുവാനുള്ള ഔഷധമാണ്.
ചുക്ക്, കുരുമുളക്, തിപ്പലി മൂന്നും കൂടി ചേർക്കുന്ന കൂട്ടാണ് ത്രികടു. ഈ ചൂർണ്ണം ചുമ, പനി, ന്യൂമോണിയ എന്നീ രോഗങ്ങൾക്ക് സിദ്ധൗഷധമാണ്.
തിപ്പലി നെയ്യിൽ വറുത്ത് രണ്ടു ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിച്ചാൽ ചുമ ശമിക്കും.
തിപ്പലിപൊടി 2 ഗ്രാം വീതം തേനിൽ ചേർത്തു കഴിച്ചാൽ ഊരുസ്തംഭം എന്ന രോഗം ശമിക്കും.
പ്രസവാനന്തരം ഒരു ഗ്രാം തിപ്പലിപൊടി 3 ഗ്രാം ഉണക്ക മുന്തിരിയുമായി ഇടിച്ചു ചേർത്ത് ദിവസവും രാവിലെ കഴിക്കുന്നത് ദഹനശക്തിക്കും ആരോഗ്യത്തിനും നല്ലതാണ്.
അതിസാരത്തിന് തിപ്പലിയും കുരുമുളകും സമം അളവിലെടുത്തു പൊടിച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കലക്കി കുടിക്കുന്നത് രോഗശമനത്തിന് നല്ലതാണ്.
5 ഗ്രാം തിപ്പലി പൊടി മോരിൽ കലക്കി കുടിച്ചാൽ അതിസാരം ശമിക്കും.
തിപ്പലി, കരിനൊച്ചിവേര് ഇവ സമമെടുത്ത് കരിക്കിൻ വെള്ളത്തിൽ കലക്കി സേവിച്ചാൽ മൂത്രാശയത്തിലെ കല്ല് ദ്രവിച്ചു പോകും. തിപ്പലി പതിവായി കുറെനാൾ കഴിക്കുന്നത് നല്ലതല്ല.
ചുമ, കഫക്കെട്ട്, ശ്വാസംമുട്ട് എന്നീ രോഗങ്ങളുടെ ശമനത്തിന് ചുക്ക് 25 ഗ്രാം, തിപ്പലി 15 ഗ്രാം, കുരുമുളക് 20 ഗ്രാം, ഗ്രാമ്പൂ 10 ഗ്രാം, ഏലക്ക 5 ഗ്രാം ഇവ വറുത്ത് പൊടിച്ച് അരിച്ചെടുത്തത് 50 ഗ്രാം കർക്കണ്ടം കൂടി ചേർത്ത് തയ്യാറാക്കുക, കുഞ്ഞുങ്ങൾക്ക് ഒരു നുള്ള്, വലിയവർക്ക് 3 നുള്ള് എന്ന തോതിൽ ദിവസം 3 നേരം വീതം 7 ദിവസം കഴിച്ചാൽ മതി