ധനു മാസത്തിലെ തിരുവാതിര വളരെ പ്രാധാന്യമുള്ള ദിവസങ്ങളിൽ ഒന്നാണ് . പ്രധാനമായും സ്ത്രീകളുടെ ആഘോഷമാണ് തിരുവാതിര. അന്ന്
പരമശിവന്റെ പിറന്നാളായി വിശ്വസിക്കപ്പെടുന്നു. പരമശിവനും പാർവതി ദേവിയും ഒന്നിച്ച ദിവസം കൂടിയാണ് തിരുവാതിര എന്നും പറയപ്പെടുന്നു.
പണ്ടുകാലത്തൊക്കെ
സ്ത്രീകൾ തിരുവാതിര നന്നായി ആഘോഷിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
രാത്രി തിരുവാതിരകളിയും പാതിരാപ്പൂചൂടൽ ,
തിരുവാതിര പാട്ടുകളും ഒക്കെ ആയി .
പിന്നെ തേച്ച് കുളിക്കുക, പൂവാം കുറുന്നിലയുടെ നീര് എടുത്ത് വീട്ടിൽ തന്നെ ഉണ്ടാക്കിയ മഷി കൊണ്ട് കണ്ണ് എഴുതുക.
തളിർ വെറ്റിലയും കളിയടക്കയും ചേർത്ത് മുറുക്കുക.
പിന്നെ മുറ്റത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിൽ ആടുക. സ്ത്രീകൾ എല്ലാവരും കൂടി ഒരു വീട്ടിൽ ഒത്ത് ചേർന്ന് തിരുവാതിര കളി അഥവാ കൈ കൊട്ടി കളി കളിക്കുക.
ദശപുഷ്പങ്ങൾ ആണ് പാതിരാപ്പൂവ് ചൂടാൻ ആയി എടുക്കാറ്.
ഓരോ പൂ ചൂടുന്നതിനും ഓരോ കാരണം ഉണ്ട്.
തിരുവാതിര പ്രധാനമായും ആഘോഷിക്കുന്നത് പുതിയതായി വിവാഹം കഴിഞ്ഞവരാണ്.
"പൂത്തിരുവാതിര" എന്നാണ് പറയുന്നത്.
ഇതെല്ലാം കേട്ടറിഞ്ഞ കാര്യങ്ങൾ ആണ്.
പ്രായമായവർ പറയാറുള്ളത്,
ചുട്ടു തിന്നുക (കിഴങ്ങുകൾ),വെട്ടി കുടിക്കുക (കരിക്ക്), കൊട്ടി കളിക്കുക ( തിരുവാതിരകളി ) ഇങ്ങനെ ആണത്രേ പറയുക.
തിരുവാതിര നാളിൽ രാവിലെ ക്ഷേത്രത്തിൽ പോയി തൊഴുത്, വീട്ടിൽ വന്ന് , ഇളനീരിൽ അല്പം കൂവപ്പൊടി ചേർത്ത് കഴിച്ചാണ് വ്രതം തുടങ്ങേണ്ടത്. അത് കഴിഞ്ഞ് കൂവ കുറുക്കിയത് , പപ്പടവും പഴവും കൂടി കഴിക്കും.
തിരുവാതിര നോമ്പ് എടുക്കുമ്പോൾ അരിയാഹാരം കഴിക്കില്ല.
ചാമ, ഗോതമ്പ് അതെല്ലാം കഴിക്കാം . പിന്നെ നേന്ത്രക്കായ, കിഴങ്ങ് വർഗ്ഗങ്ങൾ എല്ലാം
ചേർത്ത് തയ്യാറാക്കുന്ന സ്വാദിഷ്ഠമായ തിരുവാതിരപ്പുഴുക്ക് വിശേഷമാണ്.
തിരുവാതിരക്ക് ഉണ്ടാക്കുന്ന കൂവ കുറുക്കിയതിലും, തിരുവാതിര പുഴുക്കിലും vitamins, minerals എല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല magnesium, potassium ഇതെല്ലാം ഉണ്ട്. ധാരാളം fiber അടങ്ങിയിട്ടുള്ളത് കൊണ്ട് പെട്ടെന്ന് ദഹനത്തിനും നല്ലതാണ്.
തിരുവാതിരക്ക് തയ്യാറാക്കുന്ന പുഴുക്ക് ആണ് ഇന്നത്തെ നമ്മുടെ റെസിപി.
ഇതിൽ നമ്മൾ വൻപയർ, മുതിര ഒന്നും ചേർത്തിട്ടില്ല.
പ്രധാനമായും കിഴങ്ങുവർഗങ്ങൾ തന്നെയാണ് ചേർത്തിട്ടുള്ളത്.
ഈ പുഴുക്കിന് വേണ്ടുന്നതെല്ലാം
പണ്ട് കാലത്ത് വീടുകളിൽ തന്നെ ഉണ്ടായിരുന്നു.
ഇപ്പോഴും നാട്ടിൻപുറത്തെ മിക്ക വീടുകളിലും ഇതെല്ലാം ഉണ്ട്.
അത് കൊണ്ട് തന്നെ ഒട്ടും രാസവളം ഇല്ലാത്തതിനാൽ എല്ലാവർക്കും കഴിക്കാം.
ചേരുവകൾ
ഇടിയൻ ചക്ക
കാവത്ത് അഥവാ കാച്ചിൽ
ചേമ്പ്
ചേന
കൊള്ളി അഥവാ കപ്പ
കൂർക്ക
നേന്ത്രക്കായ
നാളികേരം
ജീരകം
പച്ചമുളക്
മുളക് പൊടി
മഞ്ഞൾ പൊടി
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
കഷ്ണങ്ങളിൽ നേന്ത്രക്കായ ഒഴികെ ബാക്കി എല്ലാം തൊലി കളഞ്ഞ് നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.
ഇടിയൻ ചക്ക യും കായയും വളരെ കുറച്ച് മാത്രം മതി.
കൂർക്ക കൂടുതൽ ചേർക്കാം.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ കഷ്ണങ്ങൾ ഇടുക. അതിലേക്ക് ആവശ്യത്തിന് മുളക് പൊടി, മഞ്ഞൾ പൊടി, പാകത്തിന് ഉപ്പ് ചേർക്കുക.
കഷ്ണങ്ങൾ വേവാൻ ആവശ്യമായ വെള്ളം ചേർക്കുക. അടച്ച് വെച്ച് വേവിക്കുക. തിളച്ചാൽ തീ കുറച്ച് ഇടുക.
നാളികേരം ജീരകം ചേർത്ത് നന്നായി ചതക്കുക, അതിലേക്ക് പച്ച മുളക് ചേർത്ത് ചതക്കുക.
കഷ്ണങ്ങൾ വേവുമ്പോൾ അതിലേക്ക് അരപ്പ് ചേർത്ത് നന്നായി ഇളക്കുക.
തിളച്ചാൽ അതിലേക്ക് ചിരകിയ നാളികേരം കുറച്ച് ചേർത്ത് വീണ്ടും നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത് കറിവേപ്പില ചേർക്കുക, പച്ച വെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ടേസ്റ്റിയായ പുഴുക്ക് തയ്യാർ