ഹൈന്ദവാരാധനകൾക്ക് അങ്ങേയററം അംഗീകരിക്കുന്ന ഒരൗഷധ ച്ചെടിയാണ് തുളസി. ഇതു രണ്ടുതരത്തിലുണ്ട് - കറുത്തതും വെളുത്തതും. കറുത്തതിനെ കൃഷ്ണതുളസിയെന്നും വെളുത്തതിനെ രാമതുളസിയെന്നും പറയുന്നു. എന്നാൽ കൃഷ്ണതുളസിക്കാണ് ഔഷധവീര്യം കൂടുതലുള്ളത്.
രസത്തിൽ എരിവും കയ്ക്കും ചവർപ്പുമുള്ളതും ഗുണത്തിൽ ലഘുവും രൂക്ഷവും വീര്യത്തിൽ ഉഷ്ണവും വിപാകത്തിൽ എരിവുമാണിത്.
ഔഷധപ്രയോഗത്തിൽ ജ്വരത്തെ ശമിപ്പിക്കും; കൃമിയെ നശിപ്പിക്കും. രുചി ഉണ്ടാക്കും. തേൾ, ചിലന്തി, പാമ്പ് ഇവയുടെ വിഷത്തിനെതിരെ ഒരു പ്രതിവിഷം എന്ന നിലയിൽ പ്രവർത്തിക്കും. കഫത്തെ തള്ളും. മൂത്രത്തെ വർദ്ധിപ്പിക്കും.
മസൂരി തുടങ്ങിയ വിഷപ്പനികൾക്ക് തുളസിയിലച്ചാറിൽ ലേശം മഞ്ഞൾ പൊടിയും തേനും ചേർത്തു കഴിക്കുകയും ദേഹത്തു പ്രത്യക്ഷപ്പെടുന്ന കുരുക്കളിൽ മഞ്ഞൾപൊടി ചേർത്തു പൂശുകയും ചെയ്യുന്നതു നന്നാണ്.
സ്ഥിരമായുണ്ടാകുന്ന ഇസ്നോഫീലിയയ്ക്കും കാസശ്വാസങ്ങൾക്കും ഹൃദ്രോഗത്തിനും തുളസിനീര് തേൻ ചേർത്തു കഴിക്കുന്നതു നന്നാണ്.
തുളസിയില കാലത്തു ചവച്ചരച്ചു തിന്നുന്നത് രോഗപ്രതിരോധത്തിനും ജീർണജ്വരത്തിനും പഴകിയ കാസരോഗങ്ങൾക്കും അതിവിശേഷമാണ്.
വിഷജന്തുക്കൾ കടിച്ചാൽ തുളസിപ്പൂവും ഇലയും മഞ്ഞളും തഴുതാമയും സമമായെടുത്ത് അരച്ചു മുറിവായിൽ പുരട്ടുകയും അതുതന്നെ ആറുഗ്രാം വീതം മൂന്നുനേരം എന്ന കണക്കിൽ ഏഴു ദിവസം തുടരെ കഴിക്കുന്നതും നന്നാണ്.
മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ അസുഖങ്ങൾക്ക് തുളസിയിലനീര് 10 മില്ലി വീതം കാലത്തും വൈകിട്ടും സേവിക്കുന്നത്. ഗുണകരമാണ്.
തുളസിയില ഉണക്കിപ്പൊടിച്ച് നേർപകുതി കോഴിമുട്ടയോടു ചേർത്ത് വീണ്ടും മർദ്ദിച്ച് നാസികാചൂർണം പാനമായി കഴിക്കുന്നത് ആയുസ്സിനും ആരോഗ്യത്തിനും നന്നാണ്. സാംക്രമികാണുക്കൾ പകരാതിരിക്കാൻ പരിസരങ്ങളിൽ തുളസി നട്ടുപിടിപ്പിക്കുന്നത് നന്നാണ്.