വൈദ്യലോകത്തിന്റെ ശ്രദ്ധ ഒന്നുപോലെ പിടിച്ചുപറ്റിയിട്ടുള്ള ഔഷധസസ്യമാണ് തുമ്പ. കരിന്തുമ്പ, തുമ്പ, പെരുന്തുമ്പ ഇങ്ങനെ മൂന്നുതരമുണ്ടെങ്കിലും ഇവിടെ തുമ്പയെക്കുറിച്ചാണു വിവരിക്കുന്നത്. ഇത് ആയുർവേദത്തിൽ കദുംബകം എന്നപേരിൽ അറിയപ്പെടുന്നു.
മലം അയച്ചുവിടും. ശിരോവികാരത്തെ ശമിപ്പിക്കും. ഇതിൻറ ഇലയും പൂവും വേരും ഔഷധയോഗ്യമാണ്.
കുട്ടികൾക്ക് വിര വർദ്ധിച്ചുണ്ടാകുന്ന ഛർദ്ദിക്കും മയക്കത്തിനും തുമ്പച്ചാറ് ടീസ്പൂൺ കണക്കിനെടുത്തു ചൂടാക്കി ലേശം കായം ചേർത്തുകൊടുക്കുകയും തുമ്പ ചതച്ച് തൊണ്ടക്കുഴിയിലും ഉച്ചിയിലും തിരുമ്മുകയും ചെയ്യുന്നത് വിശേഷമാണ്.
തേൾ കുത്തിയാലുടൻ കടിവായിൽ തനിച്ചാറിൽ ലേശം ചുണ്ണാമ്പു ചാലിച്ചു പുരട്ടുന്നത് വിഷഹരമാണ്.
മാസമുറക്കാലത്തെ ഉദരവ്യഥയ്ക്ക് തുമ്പയിലയും ചുക്കും ഉണ്ടശർക്കരയും കൂടി ഇടിച്ച് 10 ഗ്രാം വീതം കാലത്തും വൈകിട്ടും സേവിക്കുന്നതു നന്ന്. കൂടാതെ തുമ്പയിലയും വെളുത്തുള്ളിയും ഇഞ്ചിയും കൂടി ചതച്ചുപിഴിഞ്ഞ നീര് 20 മില്ലി വീതം എടുത്ത് ലേശം ഇന്തുപ്പും കായവും പൊരിച്ചു പൊടിച്ചു ചേർത്തു കഴിക്കുന്നതും അതിവിശേഷമാണ്.
പ്രസവാനന്തരം തുമ്പയിട്ടു വെന്ത വെള്ളത്തിൽ ഒരാഴ്ച കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കും. ഗർഭാശയശുദ്ധിക്കും വയറ് ചുരുങ്ങുന്നതിനും തുമ്പക്കിളുന്ന് തോരനാക്കി കഴിക്കുന്നതു നന്നാണ്.
കുട്ടികൾക്കുണ്ടാകുന്ന കണയെന്ന രോഗം ബാധിക്കുന്നത് ഒരു വിധത്തിലും അറിയാൻ കഴിയുകയില്ല. ഇക്കാലത്ത് വയറ്റിൽ വേദനയെന്നു പറഞ്ഞ് രക്തം ഛർദ്ദിച്ചു മരിക്കുന്ന കുട്ടികൾ ധാരാളമായുണ്ട്. അതുകൊണ്ട് പൊതുവേ കൊച്ചുകുട്ടികൾ വയറ്റിൽ വേദന യെന്നു പറയുമ്പോൾ നാലു തുള്ളി തുമ്പച്ചാറ് നാക്കിലിറ്റിച്ചു കൊടുക്കുന്നത് നന്നായിരിക്കും. കൊതുകിന്റെ ശല്യമുള്ള സ്ഥലങ്ങളിൽ തുമ്പ് പിഴുതു കെട്ടുന്നത് ഫലപ്രദമാണ്.