തുറസായ പ്രദേശങ്ങളിൽ കാട്ടുചെടിയായി വളരുന്ന ലഘുസസ്യമാണ് തുമ്പ. ഓണക്കാലത്ത് സമൃദ്ധമായി പുഷ്പിക്കുന്ന തുമ്പയുടെ പൂക്കൾ പൂക്കളം തയ്യാറാക്കുവാനായി ഉപയോഗിച്ചുവരുന്നു. 30-60 സെ.മീ. വരെ ഉയരത്തിൽ ലംബമായി വളരുന്ന ഈ ലഘുസസ്യത്തിലുടനീളം രോമങ്ങൾ കാണാം. കൂർത്ത അഗ്രഭാഗമുള്ള ഇലകൾക്ക് കടുംപച്ചനിറമാണ്. തണ്ടുകളുടെ പുറംഭാഗത്തിന് സമചതുരാകൃതിയാണുള്ളത്. പുഷ്പങ്ങൾ ശാഖാഗ്രങ്ങളിലോ ഇലകളുടെ മുട്ടുകളിലോ കുലകളായി ഉണ്ടായി വരുന്നു.
പൂങ്കുലയ്ക്ക് ഗോളാകൃതിയാണ്. തൂവെള്ള നിറമാണ് തുമ്പപ്പൂക്കൾക്കുള്ളത്. തുമ്പപ്പൂവിന്റെ നിറമുള്ള അരിയെന്ന നാടൻ പ്രയോഗം ഈ പുഷ്പത്തിന്റെ വെൺമയെ സൂചിപ്പിക്കുന്നു. വിത്തുകൾ വളരെ ചെറുതും നാലെണ്ണം ഒരുമിച്ചുമാണ് കാണപ്പെടുക. വിത്തുവഴി സ്വാഭാവികപ്രജനനം നടത്തുന്ന തുമ്പച്ചെടി വിത്തുപയോഗിച്ചുതന്നെയാണ് വളർത്തിയെടുക്കുക. നന്നായി നീർവാർച്ചയുള്ളതും നേരിട്ടു സൂര്യപ്രകാശം കിട്ടുന്നിടങ്ങളിലുമാണ് തുമ്പ വളർത്തുവാൻ യോജിച്ചത്.
ഔഷധപ്രാധാന്യം
- ഏഴര ഗ്രാം തുമ്പപൂവ് അരച്ച് 60 മി.ലി, കരിക്കിൻ വെള്ളത്തിൽ കലക്കി കുടിച്ചാൽ അതിസാരം ശമിക്കും.
- തുമ്പയില കുത്തിപ്പിഴിഞ്ഞെടുത്ത നീര് 2 തുള്ളി കണ്ണിൽ ഇറ്റിക്കുന്നത് കണ്ണിനുണ്ടാകുന്ന ചതവിന് പ്രതിവിധിയാണ്.
- തുമ്പയില, തുളസിയില, വെറ്റില, കുരുമുളക് ഇവ നാലും ചേർത്ത് കഷായം വെച്ച് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് കഫശല്യം ശമിപ്പിക്കും.
- തുമ്പയിലയും കുരുമുളകും വെളുത്തുള്ളിയും ചേർത്തരച്ച് ദിവസം 2 നേരമെന്ന കണക്കിൽ 3 ദിവസം സേവിച്ചാൽ തൊണ്ടവീക്കം മാറും.
- പതിവായി ദിവസവും രാവിലെ അല്പം തുമ്പനീര് കുടിക്കുന്നത്. വായുകോപം മാറികിട്ടാൻ ഗുണം ചെയ്യും.
- തുമ്പപ്പൂവ്, മുത്തങ്ങ, അയമോദകം ഇവ ഉണക്കിപൊടിച്ച് പാലിൽ ചേർത്തുകഴിക്കുന്നത് ഗ്രഹണിക്ക് ഫലപ്രദമാണ്.
- തുമ്പയില തിരുമ്മി അതിന്റെ നീര് കഴിച്ചാൽ കുട്ടികളിലെ പനി മാറികിട്ടും.
- തേൾ കടിച്ചാൽ ഉടൻ തന്നെ തുമ്പ പറിച്ചെടുത്ത് കഴുകി വൃത്തിയാക്കിയശേഷം പിഴിഞ്ഞുനീരെടുത്ത് കടിച്ച ഭാഗത്ത് പുരട്ടിയാൽ തേൾ വിഷത്തിന് ശമനമുണ്ടാകും.
- തുമ്പ, കശുമാവില, കീഴാർനെല്ലി, പപ്പായ ഇല, കയ്യുണ്ണി എന്നിവ അരച്ച് കുഴമ്പു പരുവത്തിലാക്കി ശരീരത്തിൽ പാണ്ടുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുന്നത് പാണ്ട് മാറുവാൻ നല്ലതാണ്.