കാന്തല്ലൂർ - വട്ടവട വെളുത്തുള്ളിക്ക് അധികം വലിപ്പമില്ല. ഉത്തരേന്ത്യയിൽ നിന്നും ചൈന പോലുള്ള വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന വെളുത്തുള്ളികളെക്കാൾ ചെറുതാണ് കാന്തല്ലൂർ വട്ടവട വെളുത്തുള്ളി. ഈ വെളുത്തുള്ളി വിളവെടുത്ത ശേഷം ഉണക്കി പുക ഏൽപ്പിച്ചാണ് സൂക്ഷിക്കുന്നത്. അതുകൊണ്ട് ഈ വെളുത്തുള്ളിക്ക് ഒരു പുക നിറം ഉണ്ടാകും. ഒരു ഉള്ളിക്ക് 20 - 40 ഗ്രാം തൂക്കമുണ്ടാകും. 6 - 8 ഗ്രാം മാത്രം തൂക്കം വരുന്ന ചെറിയ ഉള്ളികളുമുണ്ടാകും.
ഒരു ഉള്ളിയിൽ 7 മുതൽ 25 വരെ അല്ലികൾ ഉണ്ടാകും, മേൽപ്പറഞ്ഞ രണ്ടിനങ്ങളിലും ചിലപ്പോൾ ഒറ്റ അല്ലി മാത്രമുള്ള ഉള്ളികൾ ഉണ്ടാകും. ഇതിനെ 'ഒറ്റപ്പുണ്ട്' എന്നാണ് പറയുന്നത്. ഒറ്റപ്പുണ്ടിന് ഔഷധ വീര്യം കൂടുതലുണ്ടെന്നാണ് വിശ്വാസം. തന്മൂലം ഇതിന് വിലയും കൂടുതലാണ്.
മലയപൂണ്ട് , സിഗപ്പുപൂണ്ട് എന്നീ രണ്ട് ഇനങ്ങളുടെയും ഉള്ളിയുടെ പുറംതൊലി യിൽ ഇളം ചുവപ്പു രാശിയുണ്ടാകും. പുക ഏൽപ്പിക്കുന്നതിന് മുൻപ് ഈ ചുവപ്പ് നിറം കൂടുതൽ തെളിഞ്ഞു കാണാം. തൊലിയിൽ ചുവപ്പ് നിറത്തിലുള്ള നേരിയ വരകളും കാണാം. സിഗപ്പു പൂണ്ടിന്റെ തൊലിയിലെ ചുവപ്പുനിറം കൂടുതൽ തെളിഞ്ഞു കാണാം.
വെളുത്തുള്ളിയുടെ വലിപ്പമനുസരിച്ചാണ് കമ്പോളത്തിൽ വില നിശ്ചയിക്കുന്നത്. അതിനാൽ ഗ്രേഡ് ചെയ്താണ് വെളുത്തുള്ളി കമ്പോളത്തിലെത്തിക്കുന്നത്. പുകയിട്ട ഒരു കിലോ കാന്തല്ലൂർ വട്ടവട വെളുത്തുള്ളിക്ക് ഇപ്പോൾ കമ്പോളത്തിൽ 300 - 400 രൂപ വിലയുണ്ട്. വെളുത്തുള്ളിയുടെ വിളവെടുപ്പ് കാലം എത്തുന്നതോടെ വില കുറയും,വെളുത്തുള്ളി കൃഷിയിൽ അല്ലികളാണ് വിത്തായി ഉപയോഗിക്കുന്നത്. വിത്ത് നടുന്നതു മുതൽ വിളവെടുക്കുന്നത് വരെ സിഗപ്പു പൂണ്ടിൽ 120-130 ദിവസമെടുക്കും.
മലയ് പൂണ്ട് വിത്തിട്ട് 100- 120 ദിവസം കൊണ്ട് വിളവെടുക്കാം. രണ്ടിനും വെളുത്തുള്ളിയുടെ തനത് ഗന്ധവും രുചിയും വേണ്ടുവോളം ഉണ്ട്. എന്നിരിക്കി ലും പരമ്പരാഗതയിനമായ മലയ് പൂണ്ടിന് ഔഷധഗുണം കൂടുതൽ ഉണ്ടെന്ന് പറയപ്പെടുന്നു. ഒരു ഏക്കറിന് 2800 - 3100 കിലോയാണ് വിളവ് കിട്ടുന്നത്.
വിളവെടുത്ത് ഉണക്കി പുക ഏൽപ്പിച്ച് ശരിയാം വിധം സൂക്ഷിച്ചാൽ ഈ വെളുത്തുള്ളി 10 - 12 മാസം വരെ കേടുകൂടാതെ ഇരിക്കും. പുക ഏൽപ്പിച്ച വെളുത്തുള്ളിക്ക് കമ്പോളത്തിൽ കൂടുതൽ വില ലഭിക്കും, ഉണക്കി പുകയേൽപ്പിച്ച് കാന്തല്ലൂർ വട്ട വട വെളുത്തുള്ളി, തണ്ടോടുകൂ ടിയ കെട്ടുകളായി കാന്തല്ലൂരിലെ യും വട്ടവടയിലേയും കടകളിൽ വാങ്ങാൻ കിട്ടും.