സൂര്യരശ്മി തട്ടുമ്പോൾ നമ്മുടെ ശരീരത്തിനു് 'വൈറ്റമിൻ-ഡി' എന്ന ജീവക വസ്തു ഉല്പാദിപ്പിക്കാൻ കഴിയുമെന്നു കണ്ടിട്ടുണ്ടു്. നമ്മുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള 'എർഗോസ്റ്റിറോൾ' എന്ന വസ്തുവിനെ വൈറ്റമിൻ-ഡി ആയി പരിവർത്തിപ്പിക്കാൻ സൂര്യരശ്മിക്കു് കഴിയും. നാമറിയാതെ നമ്മുടെ ശരീരം ഈ പ്രക്രിയ അനുസ്യൂതം നടത്തുന്നുണ്ടു്. ആകെക്കൂടി വേണ്ടതു് നമ്മുടെ ശരീര ചർമ്മം സൂര്യരശ്മികളേൽക്കാൻ പാകത്തിൽ അനാച്ഛാദിതമായിരിക്കണം എന്നതു് മാത്രമാണു്. അതായതു് ദിവസത്തിൽ കുറച്ചു സമയമെങ്കിലും നമ്മുടെ നഗ്നശരീരം വെയിൽ കൊണ്ടിരിക്കണം.
വീടിനകത്തിരുന്നാൽ നമുക്കിതു് സാധ്യമാവില്ല. പക്ഷേ പുറത്തിറങ്ങുമ്പോഴെല്ലാം നാം ശരീരത്തെ വസ്ത്രങ്ങൾ കൊണ്ടു് പൊതിയുന്നു. ഇത്തരം ആളുകൾക്കാണു് വൈറ്റമിൻ-Dയുടെ അഭാവം കൊണ്ടുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതു്.
നമ്മുടെ ശരീരത്തിൽ എല്ലുകൾ രൂപം കൊള്ളുന്നതു് കാൽസിയം, ഫോസ്റസ് എന്നീ രണ്ടു് മൂലകങ്ങളുടെ സഹായത്താലാണു്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും നമ്മുടെ ശരീരത്തിനാവശ്യമായ കാൽസിയവും ഫോസ്ഫറസും ആഗിരണം ചെയ്യപ്പെടണമെങ്കിൽ വൈറ്റമിൻ Dയുടെ സാന്നിദ്ധ്യം അത്യാവശ്യമാണു്. കാരണം, വൈറ്റമിൻ-Dയാണു് നമ്മുടെ ശരീരത്തിലെ അമ്ല ക്ഷാര സൂചിക, കാൽസിയം ഫോസ്ഫറസ്സ് ആഗിരണത്തെ സഹായിക്കും വിധം ഒരു പ്രത്യേക സന്തുലനാവസ്ഥയിൽ നിലനിർത്തുന്നതു്. ശരീരം കൂടുതൽ അമ്ലമയമാകുമ്പോൾ കാൽസിയം ഫോസ്ഫറസ്സ് ആഗിരണം തടസ്സപ്പെടുന്നു.
ഭക്ഷണത്തിൽ ധാരാളം കാൽസിയവും ഫോസ്ഫറസ്സും അടങ്ങിയിരുന്നാൽപ്പോലും അതു് നമുക്കു് ഉപകാരപ്പെടാതെ പോകാൻ വൈറ്റമിൻ Dയുടെ കുറവു് കാരണമാകും. വളരുന്ന കുട്ടികൾക്കും ഗർഭിണികളായ സ്ത്രീകൾക്കുമാണു് കാൽസിയവും ഫോസ്ഫറസ്സും കൂടുതൽ വേണ്ടി വരുന്നതു്. കുട്ടികൾ വെയിലത്ത് ഓടിച്ചാടി വളരേണ്ടതിന്റെ ആവശ്യകതയും ഗർഭിണികളെ സൂര്യ പ്രകാശമേൽക്കാതെ വീട്ടിനകത്ത് അടച്ചുപൂട്ടി ഇരുത്തുന്നതിന്റെ അപകടവും നമുക്കു് ബോധ്യപ്പെടണമെങ്കിൽ സൂര്യപ്രകാശം നമ്മുടെ ശരീരത്തിനു നൽകുന്ന സംഭാവനകളെക്കുറിച്ച് വ്യക്തമായ അറിവു് നമുക്കുണ്ടാകണം.
ഇളംവെയിൽ കൊള്ളൽ
രാവിലെയും വൈകിട്ടും ഉള്ള ഇളംവെയിലാണു് ആരോഗ്യപരിപാലനത്തിനു് ഏറ്റവും യോജിച്ചത്. വൈറ്റമിൻ Dയുടെ നിർമ്മിതി മാത്രമല്ല സൂര്യരശ്മി ചെയ്യുന്നതു്. നമ്മുടെ ചർമ്മകോശങ്ങളിൽ ഉന്മേഷദായകങ്ങളായ അനവധി രാസപ്രവർത്തനങ്ങൾക്കു് സൂര്യരശ്മി കാരണമാകുന്നുണ്ടു്. രക്തത്തിലെ ഹീമോ ഗ്ലോബിൻ (ഇരുമ്പ് അടങ്ങിയ ഒരു സവിശേഷമാംസ്യം) വർദ്ധിക്കാനും തന്മൂലം ഭക്ഷണവസ്തുക്കളിൽ നിന്നും രക്തത്തിലേയ്ക്കു പകരാനിടയുള്ള വിഷവസക്കളെ നിർവീര്യപ്പെടുത്താനും സൂര്യരശ്മികൾ സഹായിക്കും. മനുഷ്യശരീരത്തിലെ അന്തസ്രാവഗ്രന്ഥികളിൽ പ്രമുഖമായ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് സൂര്യ രശ്മികൾക്ക് പങ്കുണ്ട്