ഗുഗ്ഗുലു പൊതുവേ വാതരോഗങ്ങളെ ശമിപ്പിക്കും. വേദന കുറയ്ക്കും. കഫത്തെ ഇല്ലാതാക്കും. ആയുർവേദത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരൗഷധമാണ്. ഗുഗ്ഗുലു, (സാധാരണയായി ഗുൽഗുലു എന്നാണ് പറയാറ്). 165 ഇനം ഗുഗ്ഗുലവൃക്ഷങ്ങളുണ്ടെന്നാണ് സസ്യശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.
ഇവിടെ കിട്ടുന്നതും ഉപയോഗിച്ചുവരുന്നതും ഗുഗ്ഗുലുമരത്തിന്റെ കറയാണ്. ഉള്ളിലേക്കു കഴിക്കുന്നതിന് ഗുഗ്ഗുലു, മഞ്ഞളിടിച്ചു പിഴിഞ്ഞ നീരിൽ തിളപ്പിച്ചു കഴുകി വൃത്തിയാക്കി വേണം എടുക്കേണ്ടത്. ചിലയിടങ്ങളിൽ മഞ്ഞൾപൊടിയും വേപ്പിലയും കൂടി ഇടിച്ച് വെള്ളത്തിൽ കലക്കി അതിൽ ഗുഗ്ഗുലു പുഴുങ്ങിയതിനു ശേഷം നെയ്ക്കും ഗുളികകൾക്കും അരിഷ്ടത്തിനും മറ്റും ഉപയോഗിച്ചുവരുന്നു.
ഇത് രസത്തിൽ തിക്തകടുമധുരവും ഗുണത്തിൽ ലഘുവും രൂക്ഷവും തീക്ഷ്ണവും വീര്യത്തിൽ ഉഷ്ണവുമാകുന്നു. വിപാകത്തിൽ എരിവായും പരിണമിക്കുന്നു. ഗുഗ്ഗുലു ശുദ്ധി ചെയ്ത് ഓരോ ഗ്രാംവീതം ദിവസം രണ്ടുനേരം പശുവിൻപാലിൽ കലക്കി കഴിക്കുന്നത് എല്ലാവിധ വാതരോഗങ്ങൾക്കും നന്നാണ്.
ഗുഗ്ഗുലു അരച്ച് തുണിക്കഷണത്തിൽ തേച്ചുപിടിപ്പിച്ച് നിഴലിലുണക്കി തിരിയാക്കി തെറുത്ത് നെയ്യിൽ മുക്കി കത്തിച്ച് മൂക്കിൽ പ്ലാവിലക്കുമ്പിൾ വെച്ചു പുകവലിക്കുന്നത് പീനസരോഗത്തിനും (ട്യൂമറിനും) തന്നിമിത്തമുണ്ടാകുന്ന തലവേദനയ്ക്കും നന്നാണ്.
ഗുഗ്ഗുലുവും മണിക്കുന്തിരിക്കവും ഭൂതവർഗവും കൂടി ചതച്ചിട്ട് തീക്കനലിൽ വച്ചു പുകയേൽപ്പിക്കുന്നത് കൊച്ചുകുട്ടികൾക്കുണ്ടാകുന്ന ബാലപീഡയ്ക്ക് ഏറ്റവും വിശേഷമാണ്. ഗുഗ്ഗുലു നെയ്യിൽ വറുത്തുപൊടിച്ച് ടീസ്പൂൺ കണക്കിനു തേനിൽ സേവിക്കുന്നത്, മുഖത്തുണ്ടാകുന്ന രോഗങ്ങൾക്കും രക്തദൂഷ്യത്തിനും ഫലപ്രദമാണ്.
പ്രസിദ്ധമായ ഗുഗ്ഗുലുതിക്തകഘൃതം 10 ഗ്രാം വീതം കാലത്തും വൈകിട്ടും കഴിക്കുന്നത് ഗുഹ്യരോഗങ്ങൾക്കും ആമവാതത്തിനും ത്വരോഗങ്ങൾക്കും വാതത്തിനും നന്നാണ്. ഉള്ളിൽ സേവിക്കുമ്പോൾ നല്ല പഥ്യം ആചരിക്കണം. മത്സ്യം, മാംസം, മുട്ട, പച്ചവെള്ളം തുടങ്ങിയവ വർജിക്കണം.