മണിമരുതിന്റെ ഇല നാട്ടുവൈദ്യത്തിൽ പ്രമേഹരോഗത്തിനും കിഡ്നി സംബന്ധമായ അസുഖങ്ങൾക്കും ഫലപ്രദമെന്ന് പറയുന്നു. വായിലുണ്ടാകുന്ന അൾസറിന് ഇതിന്റെ കായകൾ ഉപയോഗിച്ച് ചികിത്സിച്ചാൽ രോഗശമനമുണ്ടാകുമെന്ന് പാരമ്പര്യവൈദ്യത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ തൊലി വയറുവേദന മാറ്റുന്നതിനായി ഉപയോഗിച്ചുവരുന്നു. മണിമരുതിൽ ആവശ്യമൂലകങ്ങളായ സോഡിയം, പൊട്ടാസ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു എന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഔഷധവ്യക്ഷം കൂടിയാണ് മണിമരുത്. കൊറോസോളിക് ആസിഡിന്റെ ഉയർന്ന ഉള്ളടക്കം ഇതിനെ ഫലപ്രദമായ പ്രമേഹവിരുദ്ധ മരുന്നാക്കി മാറ്റുന്നു. വൃക്ക, മൂത്രാശയ പ്രശ്നങ്ങൾ, രക്താതിമർദ്ദം എന്നിവയ്ക്കും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ഇത് ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കുന്നതിനും ഇതിന്റെ ഇലകൾ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നു.
ആന്റിബാക്ടീരിയൽ, ആന്റിവൈറൽ, ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഡയബറ്റിക് ഗുണങ്ങൾ ഇലയുടെ സത്തിനുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതേസമയം പൂക്കളിൽ ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബിയൽ പ്രവർത്തനങ്ങൾ പോലുള്ള ചില ഫാർമക്കോളജിക്കൽ ഗുണങ്ങളും ഉണ്ടെന്ന് ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. പഴങ്ങളുടെ സത്തിൽ ആന്റി നോസിസെപ്റ്റീവ്, ആന്റിഡയേറിയ മുതലായ ഗുണങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
മണിമരുതിൽ നിന്നും ചായ
ഇതിന്റെ ഇലയും ഫലവും രണ്ടാഴ്ചയോളം ഉണക്കി, ഫലത്തിന്റെ തൊണ്ട് ചെറിയ കഷണങ്ങളാക്കി ഇവ രണ്ടും വെള്ളത്തിലിട്ട് മുപ്പതു മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. ഒരു ദിവസം മൂന്ന് നാല് പ്രാവശ്യം ഈ ചായ ഉപയോഗിച്ചാൽ പ്രമേഹരോഗികൾക്ക് ഫലപ്രദമായ ഒരു ഔഷധം കൂടിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രമേഹ ഔഷധത്തിലെ ചേരുവ
AMPALAYA - Plus എന്ന പ്രമേഹരോഗികൾക്കുള്ള ഹെർബൽ സപ്ലിമെന്റിൽ പാവയ്ക്ക, മഞ്ഞൾ എന്നിവ കൂടാതെ മണിമരുതും ഉൾപ്പെട്ടിരിക്കുന്നു.
പരിസ്ഥിതി പ്രാധാന്യം
തണൽ വൃക്ഷമായി നട്ടുവളർത്തുന്നതിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് മണിമരുത്, കൂടാതെ കാർഷികവനവത്കരണത്തിന്റെ ഭാഗമായി പിടിപ്പിക്കാൻ ഉത്തമമായ ഒരു വ്യക്തവുമാണ്. മണ്ണാലിപ്പ് തടയുന്നതിന് മണിമരുതിന് കഴിയുമെന്നത് ഇതിന്റെ പരിസ്ഥിതി പ്രാധാന്യത്തെ വ്യക്തമാക്കുന്നു.