ഒരാൾക്കു നിത്യേന ആവശ്യമുള്ളത്രയും ജീവകം സി സാധാരണ വലുപ്പമുള്ള ഒരു തക്കാളിയിൽ നിന്നു ലഭിക്കും. തക്കാളിയിലടങ്ങിയിരിക്കുന്ന ജീവകം സി പെട്ടെന്നു നശിപ്പിക്കപ്പെടുന്നില്ല; അതിലടങ്ങിയിരിക്കുന്ന അമ്ലങ്ങൾ ജീവകം സിയെ പരിരക്ഷിക്കുന്നതാണിതിനു കാരണം.
നല്ലതു പോലെ വിളഞ്ഞു പഴുക്കുമ്പോൾ തക്കാളിയിലെ ജീവകം സിയുടെ അളവ് കൂടുന്നു. കുട്ടികൾക്കും ജീവകം സി നൽകാൻ ഓറഞ്ചു നീരിനേക്കാൾ ഉത്തമം തക്കാളി നീരാണെന്നാണ് പ്രകൃതി ചികിത്സകരുടെ അഭിപ്രായം.
തക്കാളിയിൽ ജീവകം എയും (കാരൊട്ടീൻ) സമൃദ്ധമാണ്. ഒരു വ്യക്തിക്ക് നിത്യേന ആവശ്യമുള്ളതിന്റെ പകുതി ജീവകം എ 100 ഗ്രാം തക്കാളിയിൽ നിന്നു ലഭിക്കുന്നു. ലൈക്കോപീൻ എന്ന ഈ കരോട്ടീൻ മറ്റു ഭക്ഷണ വസ്തുക്കളിൽ ദുർലഭമാണ്. തക്കാളിയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ് രക്തവർദ്ധന സമർഥമാണ്. ഭക്ഷണ സംസ്കരണരീതികളിലോ, ചൂടുമൂലമോ ഇവ നഷ്ടപ്പെടുന്നില്ല.
വൻകുടലിലെ കാൻസർ ഒഴിവാക്കാൻ തക്കാളി നിത്യേന കഴിക്കുന്നത് സഹായകമാകും. രണ്ടു ഗ്ലാസ് തക്കാളിനീര് നിത്യേന കഴിക്കുന്നത് ട്രൈ ഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുമെന്നും രക്തത്തിലെ കൊഴുപ്പ് നീക്കുമെന്നും കാണുന്നു.
ഹൃദ്രോഗബാധയെ തടയുന്ന ആന്റി ഓക്സിഡന്റുകൾ തക്കാളിയിൽ അടങ്ങിയിരിക്കുന്നു. ചെറിയ രക്തധമനികളെ വികസിപ്പിക്കുകയും, കൊളസ്ട്രോൾ നില കുറയ്ക്കുകയും, കാൻസർ രോഗബാധ തടയുകയും ചെയ്യും