ആലപ്പുഴ: കോവിഡ് 19 രോഗം പരിശോധനയിലൂടെ സ്ഥിരീകരിച്ച് ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് ഓക്‌സിജൻ സാച്ചുറേഷൻ റീഡിങ് 94 ശതമാനത്തിൽ കുറയുകയോ ഹൃദയമിടിപ്പ് മിനിട്ടിൽ 90ൽ കൂടുകയോ ചെയ്താൽ ആരോഗ്യപ്രവർത്തകരെ ഫോണിലറിയിച്ച് അടുത്തുള്ള പ്രധാന ആശുപത്രിയിലെ ട്രയാജ് സംവിധാനത്തിലൂടെ ചികിത്സ നേടാം.
നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കിലും സ്രവത്തിലും രക്തം, അതിയായ ക്ഷീണം, കിതപ്പ്, ശ്വാസതടസം എന്നിവയുണ്ടായാൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിച്ചശേഷം ആശുപത്രിയിലേക്ക് മാറാൻ തയാറാകണം.
തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ ഹെൽപ് ഡെസ്‌കിനെ അറിയിച്ചാൽ വാഹനസൗകര്യം ലഭ്യമാകും. ഏറ്റവും അടുത്ത് ട്രയാജ് സംവിധാനമുള്ള ആശുപത്രിയെയാണ് സമീപിക്കേണ്ടത്. നേരിട്ട് ടി.ഡി. മെഡിക്കൽ കോളജടക്കമുള്ള കോവിഡ് ആശുപത്രികളിലേക്ക് എത്തിക്കുന്നതിനു പകരം അടുത്തുള്ള ട്രയാജ് ആശുപത്രിയുടെ സേവനം ഉപയോഗിക്കണം.
ചേർത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രയാജ് സംവിധാനമുള്ളത്.
ട്രയാജ് കേന്ദ്രത്തിൽ കോവിഡ് രോഗിയെ പ്രവേശിപ്പിച്ചാൽ ആരോഗ്യനില വിലയിരുത്തി തുടർനടപടി സ്വീകരിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി തുടർചികിത്സയ്ക്ക് നടപടി സ്വീകരിക്കും.