എന്താണ് ട്രൈഗ്ലിസറൈഡ്?
രക്തത്തില്‍ കാണപ്പെടുന്ന ഒരു തരം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡുകള്‍. നാം ഭക്ഷണം കഴിക്കുമ്പോൾ ശരീരം അതില്‍ നിന്ന് അതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ഉൽപാദിപ്പിക്കുന്നു. ഊർജോൽപാദനത്തിനു ശേഷം മിച്ചം വരുന്ന ആവശ്യമില്ലാത്ത കാലറി ശരീരം ട്രൈഗ്ലിസറൈഡുകളായി മാറ്റുന്നു. കൊഴുപ്പ് കോശങ്ങളിലാണ് ഇവ ഇവ ശേഖരിക്കപ്പെടുക. നിത്യവും ശരീരത്തിന് ആവശ്യമുള്ളതിലും അധികം കാലറി നാം കഴിക്കുമ്പോൾ മിച്ചം വരുന്ന കാലറികളെല്ലാം ട്രൈഗ്ലിസറൈഡുകളായി മാറ്റപ്പെടും. കൊളസ്ട്രോള്‍ പരിശോധനയ്ക്കായി ലിപിഡ് പ്രൊഫൈല്‍ എടുക്കുമ്പോൾ ആകെ കൊളസ്ട്രോള്‍, എല്‍ഡിഎല്‍ കൊളസ്ട്രോള്‍, എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ എന്നിവയ്ക്കൊപ്പം ട്രൈഗ്ലിസറൈഡ് തോതും കണ്ടെത്താൻ സാധിക്കും. ട്രൈഗ്ലിസറൈഡ് തോത് ഡെസിലീറ്ററില്‍ 150 മില്ലിഗ്രാമിനും താഴെയാണെങ്കില്‍ അത് നോര്‍മലായി കണക്കാക്കുന്നു.
150നും 199നും ഇടയിലുള്ളത് ബോര്‍ഡര്‍ലൈനും അതിനും മുകളില്‍ ഉള്ളത് ഉയര്‍ന്ന തോതുമാണ്. രക്തധമനികളുടെയും അവയുടെ ഭിത്തികളുടെയും കാഠിന്യം വര്‍ധിപ്പിക്കുന്ന ട്രൈഗ്ലിസറൈഡ്, ഒരു വ്യക്തിയിൽ ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും ഹൃദ്രോഗത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുന്നു. രക്തത്തിലെ ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കുന്നതിന് ഇനി പറയുന്ന ഭക്ഷണപാനീയങ്ങള്‍ കഴിവതും ഒഴിവാക്കണം. എന്തൊക്കെയെന്ന് നോക്കാം
1. അന്നജം കൂടുതലുള്ള പച്ചക്കറികള്‍
2. പഴങ്ങള്‍.
3. മദ്യപാനം.
4. ക്യാനിലാക്കിയ മീന്‍.
5. തേങ്ങ.
6. അന്നജം അധികമടങ്ങിയ ഭക്ഷണങ്ങള്‍.
7. മധുരപാനീയങ്ങള്‍.
8. തേനും മേപ്പിള്‍ സിറപ്പും.
9. ബേക്ക് ചെയ്ത ഉത്പന്നങ്ങള്‍.
10. വെണ്ണ.
എങ്ങനെ നിയന്ത്രിക്കാം ട്രൈഗ്ലിസറൈഡ് അളവ്?
അന്നജം കൂടുതലുള്ള പച്ചക്കറികള്‍ പരിമിതപ്പെടുത്തണം, കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ധാരാളം പച്ചക്കറികള്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ചോളം, ഗ്രീന്‍പീസ് പോലെ അന്നജം കൂടുതലുള്ള പച്ചക്കറികള്‍ പരിമിതപ്പെടുത്തണം. പകരം കോളിഫ്ളവര്‍, കെയ്ല്‍, തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. ട്രൈഗ്ലിസറൈഡ് തോത് കൂടുതലുള്ളവര്‍ ദിവസം 2-3 കഷ്ണത്തിലധികം പഴങ്ങള്‍ ഒരു ദിവസം കഴിക്കരുത് പഴങ്ങള്‍ ശരീരത്തിന് നല്ലതാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. പഴങ്ങളിലെ പ്രകൃതിദത്ത പഞ്ചസാര അമിതമായാല്‍ ട്രൈഗ്ലിസറൈഡായി മാറ്റപ്പെടുമെന്നതാണ് കാരണം. ഉണക്കിയ പഴങ്ങളാണെങ്കിലും നാല് ടേബിള്‍സ്പൂണിലും കൂടുതല്‍ ദിവസം കഴിക്കരുത്. ട്രൈഗ്ലിസറൈഡ് തോത് അധികമുള്ളവര്‍ മദ്യപാനം പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലത്. മീന്‍ കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. ക്യാനിലാക്കി വച്ചിരിക്കുന്ന മീന്‍ കഴിക്കുന്നത് ട്രൈഗ്ലിസറൈഡ് വര്‍ധിപ്പിക്കുമെന്നതിനാല്‍ അതും ഒഴിവാക്കേണ്ടതാണ്. തേങ്ങാപാല്‍, തേങ്ങ വെള്ളം, തേങ്ങ ചിരകിയത്, വെളിച്ചെണ്ണ എന്നിവയിലെല്ലാം ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ട്രൈഗ്ലിസറൈഡ് തോത് കൂടുതല്‍ ഉള്ളവര്‍ ഇത് പരിമിതപ്പെടുത്തേണ്ടതാണ്. പാസ്ത, ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിങ്ങനെയുള്ളതെല്ലാം അമിതമായി കഴിച്ചാല്‍ ശരീരം അതിനെ ട്രൈഗ്ലിസറൈഡായി മാറ്റും.
മധുരമിട്ട ചായ, ജ്യൂസ്, കോള എന്നിങ്ങനെ മധുരം ചേര്‍ത്ത പാനീയങ്ങള്‍ എല്ലാം ട്രൈഗ്ലിസറൈഡ് തോത് വര്‍ധിപ്പിക്കുന്നതാണ്. ഇതിനാല്‍ ഇവയെല്ലാം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതാണ്. റിഫൈന്‍ ചെയ്ത പഞ്ചസാരയേക്കാള്‍ പ്രകൃതിദത്തവും ആരോഗ്യപ്രദവുമാണ് തേനും മേപ്പിള്‍ സിറപ്പുമെല്ലാം. പക്ഷേ, പഞ്ചസാരയെ പോലെ ഇവയും ട്രൈഗ്ലിസറൈഡ് വര്‍ധിപ്പിക്കും. ഇതിനാല്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ധാരാളമായി ഉപയോഗിച്ചേക്കാം എന്നും കരുതരുത്. ബേക്ക് ചെയ്യുന്ന രുചികരമായ പല ഭക്ഷണവിഭവങ്ങളും ട്രൈഗ്ലിസറൈഡ് കുറയ്ക്കാന്‍ വേണ്ടി ഒഴിവാക്കേണ്ടതുണ്ട്. ട്രാന്‍സ്ഫാറ്റ് അടങ്ങിയ വറുത്തതും പൊരിച്ചതുമായ വിഭവങ്ങളും വേണ്ടെന്ന് വയ്ക്കണം. പച്ചക്കറിയോ മാംസമോ പാകം ചെയ്യുമ്പോൾ വെണ്ണയ്ക്കും മാര്‍ഗരൈനും പകരം ഒലീവ് എണ്ണ ഉപയോഗിക്കുക. വെണ്ണയില്‍ സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ്ഫാറ്റും അധികമാണ്. കനോള, വാള്‍നട്ട്, ഫ്ളാക്സ് വിത്ത് എണ്ണകളും വെണ്ണയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. സംസ്കരിച്ച മാംസവിഭവങ്ങളും കഴിവതും ഒഴിവാക്കുക. ഭക്ഷണനിയന്ത്രണത്തിന് പുറമേ ദിവസവും അരമണിക്കൂര്‍ വ്യായാമവും ട്രൈഗ്ലിസറൈഡ് കുറയ്ക്കാന്‍ പിന്തുടരേണ്ടതാണ്. ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് തോത് തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുന്ന ഹൈപോതൈറോയ്ഡിസം എന്ന രോഗത്തിന്‍റെയും ലക്ഷണമാകാമെന്നതിനാല്‍ ആ സാധ്യതയും പരിശോധിക്കേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ന് ലോക പക്ഷാഘാത ദിനം, പ്രതിരോധിക്കാം
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.