അസിഡിറ്റി പ്രശ്‌നം അനുഭവിക്കാത്തവർ വളരെ ചുരുങ്ങും. വയറ്റിൽ ആസിഡ് കൂടുതലായി ഉൽപ്പാദിപ്പിക്കുന്നത് കൊണ്ടാണ് ഈ ആരോഗ്യപ്രശ്‌നം ഉണ്ടാകുന്നത്. ആമാശയത്തിലെ ഗ്രന്ഥികളാണ് ഈ ആസിഡ് ഉത്പാദിപ്പിക്കുന്നത്. അസിഡിറ്റി പ്രശ്നം ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ആഹാരപദാർത്ഥങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
* അയമോദകം ആസിഡ് പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള സജീവ എൻസൈമുകളും ബയോകെമിക്കൽ തൈമോളും ആണ് വയർ സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്നത്. ദിവസവും ഒരു നുള്ള് അയമോദകം ചവച്ചരച്ച് കഴിക്കുക. അല്ലെങ്കിൽ ഇതിന് പകരമായി ഒരു ടേബിൾ സ്പൂൺ അയമോദകം വെള്ളത്തിൽ രാത്രി മുഴുവൻ മുക്കിവയ്ക്കാം. രാവിലെ ഈ വെള്ളം കുടിക്കുക.
* ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ആമാശയത്തിലെ ആസിഡ് നിർവീര്യമാക്കി നിങ്ങളുടെ വയറിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ ഇത് സഹായിക്കുന്നു. ഒരു കപ്പ് വെള്ളത്തിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് കുടിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഗുണങ്ങളാൽ നിറഞ്ഞ ആപ്പിൾ സിഡെർ വിനെഗർ
* അസിഡിറ്റിക്കുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത പ്രതിവിധിയാണ് തുളസി. ഔഷധഗുണങ്ങൾക്ക് പേരുകേട്ട തുളസിയിലയ്ക്ക് നെഞ്ചെരിച്ചിൽ, ഗ്യാസ് എന്നിവയിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകുന്നു. ഈ ഇലകളിലെ അൾസർ വിരുദ്ധ ഗുണമാണ് ആമാശയത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത്. ദിവസവും തുളസി ഇല ചവയ്ക്കുകയോ അല്ലെങ്കിൽ തുളസി വെള്ളം കുടിക്കുകയോ ചെയ്യാം.
* അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് ആശ്വസം കിട്ടാൻ മികച്ചതാണ് പെരുംജീരകം. ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്ത് കഴിക്കാം.
* ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകളാണ് ഇഞ്ചിയിൽ ഉള്ളത്. ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്യാവുന്നതാണ്.