ഉന്മാദം ഉണ്ടാക്കുന്നതുകൊണ്ട് ആയുർവേദത്തിൽ ഉന്മത്ത എന്ന പേരുള്ള ഈ ചെടി നാട്ടിൽ ഉമ്മം എന്ന പേരിലും അറിയപ്പെടുന്നു. പേപ്പട്ടി വിഷത്തിനും മറ്റു വിഷങ്ങൾക്കും സ്ഥാവര വിഷമായ ഔഷധസസ്യത്തെ പ്രയോഗിച്ചു വരുന്നു. ഉമ്മം വെളുത്തതും കറുത്തതും ഉണ്ടെങ്കിലും കറുത്ത (നീല) ഉമ്മം ആണ് ഔഷധയോഗ്യമായിട്ടുള്ളത്.
കൂടുതൽ വിഷാംശം അടങ്ങിയിരിക്കുന്നതു കൊണ്ട് ക്രമത്തിലധികം കഴിച്ചാൽ മയക്കത്തിനും മരണത്തിനും കാരണമാകും. വൈദ്യനിർദ്ദേശം സ്വീകരിച്ചു മാത്രമേ ഉപയോഗിക്കാവൂ. ഉമ്മത്തിൻകാ ഉണങ്ങിയത് ഒരു ഭാഗവും തമിഴാമവേര്, മൂന്നു ഭാഗവും ചേർത്ത് കഷായം വച്ചു കഴിക്കുന്നത് പേപ്പട്ടിവിഷത്തിനു നന്ന്.
ആമവാതം, സന്ധിവാതം എന്നീ രോഗങ്ങൾക്ക് അനുബന്ധമായി വരുന്ന നീർക്കെട്ടിന് ഉമ്മത്തിന്റെ പച്ച കായെടുത്തു മുറിച്ച് അതിലെ അരി കളഞ്ഞിട്ട് കടുകും എള്ളും കൂടി നിറച്ച് അമൃതിന്റെ ഇലയിൽ പൊതിഞ്ഞ് അമൃതിന്റെ വള്ളിയോ കറുകവള്ളിയോ കൊണ്ടു കെട്ടി പന്തുപോലാക്കി കാടിവെള്ളത്തിൽ ഇട്ടു പുഴുങ്ങി വെന്തു കഴിഞ്ഞാൽ അരച്ച് വേപ്പെണ്ണയിൽ കുറുക്കി പൂച്ചു പരുവമാകുമ്പോൾ സൂക്ഷിച്ചു വെച്ചിരുന്ന് ലേപനം ചെയ്യുന്നത് അതിവിശേഷമാണ്.
മുലയിൽ ഉണ്ടാകുന്ന നീർക്കെട്ടിന് (സ്തനവിദ്രധിക്ക്) മേൽപ്പറഞ്ഞതുപോലെ ഉമ്മത്തിൻകാ മുറിച്ച് അരി കളഞ്ഞ് എള്ളും മഞ്ഞൾ പൊടിയും കൂടി നിറച്ച് പുഴുങ്ങി അരച്ചു പൂശുന്നത് വളരെ നന്നാണ്. ഉമ്മത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് അതിൽ ഉമ്മത്തരി അരച്ചു കലമാക്കി എണ്ണകാച്ചി തലയിൽ തേക്കുന്നത് മുടികൊഴിച്ചിലിനും താരൻ മാറുന്നതിനും നല്ലതാണ്.