ഏതാണ്ടെല്ലാതരം മണ്ണിനങ്ങളിലും വ്യത്യസ്ത കാലാവസ്ഥയിലും വളരുവാൻ കെല്പുള്ള ഒരു അർദ്ധ ഹരിതവൃക്ഷമാണ് ഉങ്ങ് (പൂങ്ക്). അതിനാൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇത് വളരുന്നു. ഇതിന്റെ ശാസ്ത്രനാമം പൊങ്ഗാമിയ പിന്നേറ്റ എന്നാണ്. ഈ മരം പുഴയോരങ്ങളിൽ നന്നായി വളർന്നു കാണുന്നു. എന്നാൽ വരൾച്ചയെ അതിജീവിക്കാൻ വലിയൊര ളവു വരെ കഴിവുള്ള ഇത് മഴ കുറവായ പ്രദേശങ്ങളിലും വളരുന്നു.
പുഴയോരങ്ങളിൽ സ്വാഭാവികമായി വളർന്നു നില്ക്കുന്നതിനു പുറമേ വയലിറമ്പുകളിലും മറ്റും കർഷകർ ഉങ്ങ് നട്ടുപിടിപ്പിക്കാറുണ്ട്. പച്ചിലവളമെന്ന നിലയിൽ ഇതിന്റെ ഇല ഒന്നാന്തരമാണ്. വർഷം തോറും കൊമ്പുകൾ വെട്ടിയിറക്കി ഇലകൾ വയലിൽ ഉഴുതുചേർക്കാം. കൊമ്പുകൾ മുറിച്ചാലും മരം സമൃദ്ധമായി തളിർക്കും.
തണലിലും വളരാൻ ശേഷിയുള്ള മരമായതിനാൽ മറ്റു വൃക്ഷങ്ങൾക്കൊപ്പവും ഉങ്ങ് നട്ടു വളർത്താം. മറ്റു വിളകൾക്ക് ശല്യമാകാതിരിക്കാൻ ആവശ്യാനുസരണം കൊമ്പുകൾ കോതി ഇതിന്റെ വളർച്ചയെ നിയന്ത്രിക്കാം. ഇങ്ങനെ മുറിച്ചുമാറ്റുന്ന കൊമ്പുകൾ പുതയിടാനും പച്ചിലവളമായും ഉപയോഗിക്കാം.
ജലാംശം ഉള്ള സ്ഥലങ്ങളിൽ പൂങ്ക് വളരുന്നു. പുങ്കിന്റെ തൊലിയും ഇലയും കുരുവും എണ്ണയും വേരും ഔഷധയോഗ്യമാണ്.
വളരെ പഴകി ദുർഗന്ധത്തോടു കൂടിയ കുഷ്ഠവണങ്ങൾക്കും രക്തദുഷ്യത്തിനും ചൊറിച്ചിലിനും പുങ്കില, വേപ്പില, കരിനൊച്ചിയില, ചെത്തിപൂവ്. 50 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിലിടിച്ചു പിഴിഞ്ഞ് 500 മില്ലി വെളിച്ചെണ്ണ ചേർത്ത് കല്ക്കമായിട്ടു പൂങ്കരി, കാർകോലരി, കൊട്ടം, അങ്കോലത്തരി ഇവ 10 ഗ്രാം വീതം അരച്ചു യോജിപ്പിച്ച് സാവധാനം കാച്ചി മണൽ പാകത്തിലരിച്ച് വെച്ചിരുന്ന് ദേഹത്ത് ലേപനം ചെയ്യുന്നത് അതിവിശേഷമാണ്.
കുഷ്ഠരോഗത്തിന് പുങ്കിലനീര്, കൊടുവേലിക്കിഴങ്ങ്, ഇന്തുപ്പ് ഇവ അരച്ച് നെല്ലിക്കാ വലിപ്പത്തിൽ ഗുളികയാക്കി ദിവസവും പ്രാതക്കാലത്ത് മോരിൽ കലക്കി സേവിക്കുന്നത് നന്നാണ്. ഇരട്ടി പുങ്കില നീരിൽ കൊടുവേലിയും ഇന്തുപ്പും കല്ക്കമാക്കി നെയ്യ് കാച്ചി സേവിക്കുന്നതും ഫലപ്രദമണ്. പുങ്കിന്റെ അരി അരച്ച് പച്ചവെള്ളത്തിൽ കലക്കി തിളപ്പിച്ച് ആറിയതിനു ശേഷം അതിൽ തങ്ങിക്കിടക്കുന്ന തൈലം പ്രത്യേകം കാച്ചി വെള്ളം വറ്റിച്ചു ശുദ്ധമാക്കി കുഷ്ഠവണങ്ങളിൽ പുരട്ടുന്നത് വിശേഷമാണ്.
പുങ്കിന്റെ പട്ടയിട്ട് കഷായം വെച്ചു കുടിക്കുകയും പട്ട അരച്ച് വെളിച്ചെണ്ണ കാച്ചി ദേഹത്തു തലോടുകയും ചെയ്യുന്നത് കേടു തട്ടി രക്തം ദുഷിച്ചുണ്ടാകുന്ന നീർക്കെട്ടിനും വേദനയ്ക്കും നന്നാണ്. പുങ്കരി ആട്ടിയുണ്ടാക്കുന്ന എണ്ണയും നാഗമരത്തിന്റെ അരിയാട്ടി ഉണ്ടാക്കുന്ന എണ്ണയും സമം മരോട്ടി എണ്ണയും ചേർത്ത് വെയിലത്തുവച്ചു ചൂടാക്കി കുഷ്ഠത്തടിപ്പുകളിൽ ലേപനം ചെയ്യുന്നത് വിശേഷമാണ്.