കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. എന്നാൽ നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുത്ത പാട് ഉണ്ടാകുന്നു. മാനസിക സമ്മർദം, ഉറക്കമില്ലായ്മ, അലർജി എന്നീ കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും കറുത്ത പാട് വരുന്നത്. ഈ പ്രശ്നത്തിനുള്ള ഏറ്റവും മികച്ച പരിഹാരമാണ് പുതിനയില (Mint leaves). ദഹനസംബന്ധമായ രോഗങ്ങൾക്കും പനി, ചുമ, തലവേദന എന്നിവ അകറ്റാനും പുതിനയില ഗുണം ചെയ്യും. കൂടാതെ മുഖക്കുരു, വരണ്ട ചർമം എന്നിവയ്ക്കും പുതിനയില വളരെ ഫലപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചിക്കനാണോ മട്ടനാണോ ആരോഗ്യത്തിന് നല്ലത്?
പുതിനയില പ്രയോഗം
- പുതിനയിലയുടെ നീര് കണ്ണിന് ചുറ്റും തേയ്ച്ച് പിടിപ്പിച്ച് 15 മിനിട്ടിന് ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകി കളയാം.
- നാരങ്ങാനീരിൽ പുതിനയിലയുടെ നീര് ചേർത്ത് മുഖത്തിടാം. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ഇത് ഉത്തമമാണ്.
- പുതിനയിലയുടെ നീര്, മഞ്ഞൾ പൊടി, ചെറുപയർ പൊടി എന്നിവ മിക്സ് ചെയ്ത് കണ്ണിന് താഴെ ഇടുന്നത് നല്ലതാണ്. ശേഷം ചെറുചൂട് വെള്ളത്തിലോ, തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയാം.
- മുട്ടയുടെ വെള്ളയും പുതിനയില നീരും മിക്സ് ചെയ്ത് കണ്ണിന് താഴെ മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.
എന്തുകൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നു?
- കൂടുതൽ സൂര്യപ്രകാശം ഏൽക്കുന്നത് കണ്ണിന് ചുറ്റും കറുപ്പ് നിറം വരുത്തും.
- അലർജികൾ ഉള്ളവർക്ക് പ്രധാനമായും കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകും.
- നിർജലീകരണം, മലബന്ധം, വരണ്ട ചർമം എന്നിവയും ഇതിന് കാരണമാകും.
- അധികമായി ടിവി കാണുന്നത്, ഫോൺ ഉപയോഗിക്കുന്നത് എന്നിവ മൂലം കണ്ണിന് സ്ട്രെസ് അനുഭവപ്പെടും.
- തൈറോയ്ഡ്, വൃക്ക തകരാർ, ഉദര പ്രശ്നങ്ങൾ എന്നിവ മൂലവും കണ്ണിന് ചുറ്റും കറുപ്പ് നിറം വരാം.
പുതിനയിലയുടെ മറ്റ് ആരോഗ്യ ഗുണങ്ങൾ
ഭക്ഷണത്തിന് രുചിയും മണവും കൂടാനാണ് പുതിനയില വ്യാപകമായി ഉപയോഗിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ പുതിനയില വളരെ നല്ലതാണ്. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ മുഖക്കുരു തടയാനും സാധിക്കും.
ചമ്മന്തി, റായ്ത, കൂൾ ഡ്രിങ്ക്സ് എന്നിവ ഉണ്ടാക്കാനാണ് പുതിനയില പ്രധാനമായും ചേർക്കുന്നത്. ഔഷധ സസ്യമായതിനാലും മണം ഉള്ളതുകൊണ്ടും പുതിനയിലകളെ മൗത്ത് റിഫ്രഷ്നറായി ഉപയോഗിക്കും. പുതിനയില ചായ ഇന്ത്യയിൽ മാത്രമല്ല, അറേബ്യയിലും ആഫ്രിക്കയിലും വരെ പ്രശസ്തമാണ്.
പുതിനയിലയുടെ ആയുർവേദ ഗുണങ്ങൾ
ആരോഗ്യപരമായ ഗുണങ്ങൾ കൂടാതെ പുതിനയില നല്ലൊരു അണുനാശിനിയാണ്. പ്രധാനമായും പിത്ത ദോഷത്തെ നിയന്ത്രിക്കാൻ ഇവ നല്ലതാണ്. പുതിനയില നീരിന് കുടലിലെ മോശം വിരകളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.