Farm Tips

വീടിനുള്ളിൽ വളർത്തിയാൽ ഈ ചെടികൾ കൊതുകിനെ തുരത്തും

mosquitoes

വീടിനുള്ളിൽ വളർത്തിയാൽ ഈ ചെടികൾ കൊതുകിനെ തുരത്തും

മൺസൂൺ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി. എന്നാൽ കാലവർഷത്തിന് മുമ്പുള്ള മഴ വേനലിൽ നിന്ന് ശമനമാകുമെങ്കിലും, പലവിധ രോഗങ്ങളെയും അത് ഒപ്പം കൂട്ടുന്നു. ഇതിൽ എടുത്ത് പറയേണ്ടത് കൊതുക് പരത്തുന്ന രോഗങ്ങൾ തന്നെയാണ്. അതിനാൽ തന്നെ ഇത്തരം പകർച്ചവ്യാധികൾക്ക് എതിരെ അതീവ ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണ്. വീടിനുള്ളിൽ നിന്ന് കൊതുകുകളെ തുരത്താൻ കൊതുക് തിരികളും സ്പ്രേകളും മറ്റും ആളുകൾ ഉപയോഗിക്കുന്നു. കൊതുക് കടി ഏൽക്കുന്നതിൽ നിന്നും താൽക്കാലിക ആശ്വാസത്തിനായി ചർമത്തിൽ പേസ്റ്റുകൾ പുരട്ടുന്നവരുമുണ്ട്.

എന്നാൽ ഇത്തരത്തിലുള്ള കെമിക്കൽ മാർഗങ്ങൾക്ക് അതിന്റേതായ പാർശ്വഫലങ്ങളുമുണ്ട്. അതിനാൽ പാർശ്വഫലങ്ങളില്ലാത്ത, എന്നാൽ കാര്യക്ഷമവും ഫലപ്രദവുമായ പല പ്രകൃതിദത്ത വഴികളും പരീക്ഷിക്കാവുന്നതാണ്. അതായത്, കൊതുകിനെ നിയന്ത്രിക്കാൻ നിങ്ങളുടെ പൂന്തോട്ടത്തിലും വീടിനകത്തും വളർത്തുന്ന ചില ചെടികൾക്ക് സാധിക്കും. ഇങ്ങനെ കൊതുകിനെതിരെ ഫലപ്രദമായ ചെടികൾ ഏതെന്ന് നോക്കാം.

1. റോസ്മേരി (Rosemary)

നിത്യഹരിത കുറ്റിച്ചെടിയായ റോസ്മേരി കൊതുകുകളെ അകറ്റി നിർത്താൻ സഹായിക്കുന്ന മികച്ച സസ്യങ്ങളിൽ ഒന്നാണ്. ഈ ഔഷധസസ്യത്തിന്റെ രൂക്ഷഗന്ധം കൊതുകുകളെ മാത്രമല്ല, മറ്റ് പ്രാണികളെയും ഈച്ചകളെയും അകറ്റുന്നു. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ ഇവ നന്നായി വളരുന്നു. വീടിനുള്ളിൽ ചെറിയ ചെടിച്ചട്ടികളിലും ഇവയെ എളുപ്പത്തിൽ പരിപാലിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: Summer Best Plants: വീടിനെ തണുപ്പിക്കുന്ന ഈ ചെടികൾ അകത്ത് വളർത്തൂ, ചൂടിൽ നിന്നും ആശ്വാസമേകും

2. ജമന്തിപ്പൂക്കൾ (Marigolds)

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വളരുന്നതും സാധാരണവുമായ പൂക്കളിലൊന്നായ ജമന്തി ഏതുതരം മണ്ണിലും വളരുന്നു. ജമന്തിപ്പൂക്കൾ വളരെ വർണ്ണാഭമായതും വളരെ പ്രത്യേകമായ സുഗന്ധമുള്ളതുമാണ്. ഇത് കൊതുകുകളെ അകറ്റാൻ സഹായിക്കുന്നു.
വീടിനകത്തും പുറത്തും ജമന്തി വളർത്താം. കൊതുകുകൾ നിങ്ങളുടെ വീട്ടിലേക്ക് കടക്കുന്നത് തടയാൻ നിങ്ങളുടെ വാതിലുകളോ ജനാലകളോ സമീപം ഇവ സൂക്ഷിക്കാം.

3. പുതിന Mint

ഔഷധഗുണങ്ങൾ നിറഞ്ഞ പുതിന കൊതുകുകളെയും മറ്റ് പ്രാണികളെയും അകറ്റുന്നതിന് മികച്ച സസ്യമാണ്. പുതിന വീട്ടിന് പുറത്ത് എവിടെയും വളർത്താൻ എളുപ്പമാണ്. പൂന്തോട്ടത്തിൽ മാത്രമല്ല വീടിനുള്ളിലോ പാത്രങ്ങളിൽ പോലും പരിപാലിക്കാം. ആവശ്യത്തിന് വെളിച്ചവും സ്ഥിരമായ ഈർപ്പവും നൽകിയാൽ ഇത് നന്നായി വളരുന്നു.

3. തുളസി (Tulsi -Holy basil)

തുളസി കൊതുകിന്റെ ലാർവകളെ നശിപ്പിക്കുന്നതിനുള്ള മികച്ച പ്രതിവിധിയാണ്. തുളസിയുടെ സുഗന്ധം വെള്ളീച്ചകൾ, ശതാവരി വണ്ടുകൾ, ഈച്ചകൾ തുടങ്ങിയ പ്രാണികളെ അകറ്റി നിർത്തും. കർപ്പൂര തുളസി, കൃഷ്ണ തുളസി എന്നിങ്ങനെ കൊതുകിനെ തുരത്താൻ ഒരുപോലെ ഫലപ്രദമാകുന്ന തുളസിയുടെ വ്യത്യസ്ത ഇനങ്ങളുണ്ട്.

4. ഇഞ്ചിപ്പുല്ല് (Lemongrass)

കൊതുകുകളെ തുരത്താൻ സഹായിക്കുന്ന ഫലപ്രദമായ മറ്റൊരു സസ്യമാണ് ഇഞ്ചിപ്പുല്ല്. ഇതിന്റെ സവിശേഷമായ ഗന്ധം കൊതുകിനെ അകറ്റി നിർത്തുന്ന പ്രകൃതിദത്ത മാർഗമാണ്. ഇത് മെഴുകുതിരികളിലും സ്പ്രേകളിലും ലോഷനുകളിലും ഉപയോഗിക്കുന്നു. ഇതിന്റെ ശക്തമായ സുഗന്ധം കൊതുകുകളെ തടയുന്നു. തണുപ്പ് കാലത്ത് ഇഞ്ചിപ്പുല്ല് വീടിനുള്ളിൽ സൂക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ ഇവയെ വീടിനുള്ളിൽ വളർത്തുന്നതും നല്ലതാണ്.

6. വെളുത്തുള്ളി (Garlic)

വെളുത്തുള്ളി കൊതുകിനെയും മറ്റ് പ്രാണികളെയും അകറ്റാൻ വളരെ ഫലപ്രദമാണ്. വെളുത്തുള്ളി കഷ്ണങ്ങളാക്കി കൊതുകുകൾ കടക്കാൻ സാധ്യതയുള്ള വിവിധ സ്ഥലങ്ങളിൽ സൂക്ഷിക്കാം. കൂടാതെ, കീടങ്ങളെ അകറ്റാൻ വെളുത്തുള്ളി സത്ത് വീടിനുള്ളിലെയും മുറ്റത്തെയും ചെടികളിൽ തളിക്കാവുന്നതാണ്. ഇതുകൂടാതെ, വീട്ടുപറമ്പിൽ വെളുത്തുള്ളി നട്ടുവളർത്തുന്നത് കീടങ്ങളെ തുരത്താൻ സഹായിക്കും.

7. സിട്രോനെല്ല ഗ്രാസ് (Citronella Grass)

ഇഞ്ചിപ്പുല്ലിനോട് സാമ്യമുള്ള സിട്രോനെല്ല ഗ്രാസിന്റെ സുഗന്ധം കൊതുകുകളെയും വെള്ളീച്ചകളെയും തുരത്തുന്നു. അതിനാലാണ് മിക്ക കൊതുകുനിവാരണ പദാർഥങ്ങളിലും സിട്രോനെല്ല ഗ്രാസ് ചേരുവയായി ഉപയോഗിക്കുന്നത്. ഈ ചെടി വീടിനുള്ളിൽ എവിടെയും വളരാൻ എളുപ്പമാണ്. എന്നാൽ ഇത് തണുത്ത സ്ഥലങ്ങളിൽ വയ്ക്കുന്നതിനും നേരിയ രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്നതിനും ശ്രദ്ധിക്കുക.

8. ജടാമാഞ്ചി (Lavender)

കൊതുകുകൾ ഉൾപ്പെടെ നിരവധി പ്രാണികളെ തുരത്താനുള്ള കഴിവ് ജടാമാഞ്ചി അതവാ ലാവെൻഡർ എന്നറിയപ്പെടുന്ന സസ്യത്തിൽ നിന്നുള്ള ഗന്ധത്തിനുണ്ട്. ഇലകളിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ പ്രാണികളെ അകറ്റുന്നതിന് ഉതകുന്നു.

വെയിലിനെ പ്രതിരോധിക്കാനുള്ള ശേഷി ഉള്ളതിനാൽ തന്നെ നല്ല വെയിൽ കിട്ടുന്ന സ്ഥലത്തും നല്ല നീർവാർച്ചയുള്ള അന്തരീക്ഷത്തിലും ഇവ വളർത്താം.

ബന്ധപ്പെട്ട വാർത്തകൾ: ആരാമങ്ങൾക്ക് അഴകേകുന്ന പുഷ്പ സുന്ദരി ബിഗോണിയ


Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine