നീലപ്പൂക്കളുമായി നിലത്തു പടർന്നുകിടക്കുന്ന വിഷ്ണുക്രാന്തി തണുപ്പുപ്രദേശങ്ങളിൽ ധാരാളമായി വളരുന്നു. ഇത് ബുദ്ധിശക്തി ഉണ്ടാക്കുവാനും പനി കുറയ്ക്കുന്നതിനും സന്താനോല്പാദനശേഷി വർദ്ധിപ്പിക്കുന്നതിനും രക്തശുദ്ധിക്കും തലമുടി വളരുന്നതിനും സഹായിക്കുന്നു.
വിഷ്ണുക്രാന്തി 25 ഗ്രാം 200 മില്ലി വെള്ളത്തിൽ കഷായം വെച്ച് 50 മില്ലിയാക്കി അരിച്ച് 25 മില്ലി വീതം കാലത്തും വൈകിട്ടും 15 ദിവസം തുടരെ കഴിക്കുന്നത് എല്ലാ വിധ ജ്വരങ്ങൾക്കും ഫലപ്രദമാണ്. വിഷ്ണുക്രാന്തിയും കരിംജീരകവും സമം കഷായം വച്ച് 25 മില്ലി വീതം കാലത്തും വൈകിട്ടും തുടരെ കഴിക്കുന്നത് സ്ഥിരമായുണ്ടാകുന്ന പനിക്ക് വിശേഷമാണ്.
ബുദ്ധിമാന്ദ്യത്തിനും ഓർമ്മക്കുറവിനും മൂന്നു ഗ്രാം വീതം അരച്ച് ദിവസവും വെണ്ണയിൽ ചാലിച്ച് അതിരാവിലെ ആദ്യാഹാരമായി കഴിച്ചു ശീലിക്കുന്നത് ഏറ്റവും നന്ന്. വിഷ്ണുക്രാന്തി നീരിൽ വിഷ്ണുക്രാന്തി കലമാക്കി കാച്ചിയെടുക്കുന്ന നെയ്യ്, ടീസ്പൂൺ കണക്കിനു കഴിക്കുന്നത് ഓർമ്മശക്തിക്കും തലച്ചോറിന്റെ ബലഹീനതയെ ദൂരീകരിക്കാനും സഹായിക്കുന്നു.
വിഷ്ണുക്രാന്തി ഇടിച്ചുപിഴിഞ്ഞ നീരിൽ കൊട്ടം, ഇരട്ടിമധുരം, അഞ്ജനക്കല്ല് ഇവ കല്ക്കമാക്കി ശീലാനുസരണം എണ്ണയോ വെളിച്ചെണ്ണയോ ചേർത്തു കാച്ചി തലയിൽ തേയ്ക്കുന്നത് മുടി വളരുന്നതിനു നന്ന്.
വിഷ്ണുക്രാന്തി, കുരുമുളക് ഇവ കഷായം വെച്ച് കഴിക്കുന്നത് എല്ലാ വിധ ഈസ്നോഫീലിയയ്ക്കും ഏറ്റവും ഫലപ്രദമാണ്.