ആയുർവേദത്തിൽ ഉദരകൃമിക്കുള്ള ഒരുത്തമ ഔഷധമാണ് വിഴാലരി. അധികം കഴിച്ചാൽ ശോധന ഉണ്ടാക്കും. കഫവാതരോഗങ്ങളെയും കുഷ്ഠത്തെയും കുറയ്ക്കും; സ്ത്രീകൾ പുരുഷന്മാരുമായി ബന്ധപ്പെട്ടാലുടൻ വിഴാലരി കഴിച്ചാൽ ഗർഭം നഷ്ടപ്പെട്ടു പോകും.
ഉദരകൃമിക്ക് വിഴാലരി തോടുകളഞ്ഞ് ഉണക്കിപ്പൊടിച്ച് മൂന്നു മുതൽ ആറു ഗ്രാംവരെ പ്രായാനുസരണം രാവിലെയും വൈകിട്ടും തേങ്ങാപ്പാലിൽ കഴിക്കണം. മൂന്നു മുതൽ ഏഴു ദിവസംവരെ തുടർന്നു ചെയ്യുന്നതു നന്ന്. ത്വക്കിലുള്ള നിറവ്യത്യാസത്തിനും മുഖത്തുണ്ടാകുന്ന പാടുകൾക്കും വിഴാലരി മരോട്ടിക്കുരുവുമായി അരച്ച് വെയിലത്തു വെച്ചു ചൂടാക്കി ലേപനം ചെയ്യുന്നതു നന്നാണ്. ഇത് മരോട്ടിയെണ്ണയിൽ വറുത്തരച്ചു പുരട്ടുന്നതും വിശേഷമാണ്.
പീനസം, ശിരോരോഗം, തലവേദന എന്നിവയ്ക്ക് വിഴാലരിക്കാനെടുത്ത്, നാലിരട്ടി കോഴിമുട്ടത്തോടും ചേർത്ത് പൊടിച്ചു വെച്ചിരുന്ന് ചൂർണ്ണനസ്യമായി ഉപയോഗിക്കുന്നതു നന്ന്.
രക്തത്തിൽ കൊഴുപ്പുണ്ടാകുന്നവർക്കും ശരീരം തടിക്കുന്നവർക്കും വിഴാലരിക്കാമ്പിന്റെ ചൂർണ്ണം രണ്ടു ഗ്രാം വീതം ദിവസവും പുളിച്ച മോരിൽ കലക്കി കഴിക്കുന്നത് ഗുണകരമാണ്. കുഷ്ഠരോഗം, ചർമ്മരോഗം തുടങ്ങിയ അസുഖങ്ങൾക്ക് വിഴാലരിക്കാമ്പ്, ത്രികോല്പക്കൊന്ന, കടുക്കാത്തോട് ഇവ പൊടിച്ച് ആറു മുതൽ 10 ഗ്രാം വരെ പ്രായാനുസരണം ശർക്കരത്തളിയിൽ കുഴച്ച് ഒന്നരാടം ദിവസം കഴിക്കുന്നതു നന്ന്.
ഇത് മലമിളക്കുന്നതിനും വിശേഷമാണ്; എല്ലാ വിധ ത്വക്ക് രോഗങ്ങൾക്കും തുടരെ കഴിച്ചു വയറിളക്കി കോഷ്ഠശുദ്ധി വരുത്തിയതിനു ശേഷം അടുത്ത ചികിത്സ ചെയ്യുന്നത് ഉത്തമമായിരിക്കും.