ഗോതമ്പ് മാവിന്റെ കൂടെ റാഗി മാവ് 7:3 എന്ന അനുപാതത്തിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ അവയിൽ “ഗുട്ടെൻ' കുറയുന്നു. എന്നാൽ തീരെ ഉണങ്ങി പോവുകയുമില്ല. ഈ അടുത്ത കാലത്തായി ഗുട്ടെൻ അടങ്ങുന്ന ആഹാരങ്ങൾ ആരോഗ്യത്തിന് ദോഷകരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഈ ചപാത്തി കഴിക്കുന്നത് കൊണ്ട് രക്തത്തിലെ ഗ്ലൂക്കോസ്' ഉണ്ടാകുന്ന തോത് കുറവായി കാണുന്നു. അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്ക് ഉചിത വിഭവമാകുന്നു. പതുക്കെ ദഹിക്കുന്നത് കൊണ്ട് വിശപ്പകറ്റാൻ പറ്റുന്നു. അതിനാൽ അമിതമായി ദഹിക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നു. പൊണ്ണത്തടിക്കാർക്ക് റാഗി ചപ്പാത്തി ഈ കാരണത്താൽ ഗുണം ചെയ്യുന്നു. മലബന്ധം ശമിക്കാനും ഈ വിഭവം സാഹായകമാകുന്നു.
ഉഴുന്നോ, പയറോ, അരിയോ, ചേർത്തുണ്ടാക്കുന്ന പപ്പടം 20% വരെ വേവിച്ച റാഗി ചേർത്ത് ഉണ്ടാക്കിയപ്പോൾ രുചിയും, ഗുണവും. ഏറിയതായി കാണപ്പെട്ടു.
കുതിർത്ത കൂവരക്, ചൂട് മണലിൽ വറുക്കുമ്പോൾ, നല്ല കൊതിയൂറും മണമുള്ള വിഭവം തയ്യാറാക്കുന്നു. ഇത് പൊടിച്ചെടുത്ത് ഉണ്ടാക്കുന്ന മാവിൽ നിന്നും, വിവിധതരം പലഹാരങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഉയർന്ന ചൂടിൽ സംസ്കരിക്കുന്നത് കൊണ്ട് അന്നജവും, മാംസ്യവും വിഘടിച്ച് വേഗം ആഗിരണം ചെയ്യാൻ പറ്റുന്ന രൂപത്തിൽ ആകുന്നു. വാണിജ്യ അടിസ്ഥാനത്തിൽ, മണലിൽ വറക്കുന്നതിന് പകരം യന്ത്രങ്ങൾ വഴി റോസ്റ്റ് ചെയ്യാൻ സാധിക്കുന്നു.
കുഞ്ഞുങ്ങൾക്കും പ്രായമേറിയവർക്കും
കുതിർത്ത് ഉണക്കിയ റാഗി മാവ് (മാൾട്ട്), ദഹിക്കാൻ എളുപ്പത്തിലും, രുചിയേറിയ രൂപത്തിലുമാണ് രൂപാന്തരപ്പെടുന്നത്. കൂടാതെ ദീർഘനാൾ കേടാകാതെയും ഇരിക്കുന്നു. ഇത് കുഞ്ഞുങ്ങൾക്കും പ്രായമേറിയവർക്കും കുറുക്കി കഴിക്കാൻ അതിവിശിഷ്ടമാകുന്നു; മാത്രമല്ല ഈ പൊടി ഏത് പ്രായക്കാർക്കും പാലിലോ ശർക്കര ചേർത്തോ കഴിക്കാവുന്നതാണ്.
ന്യൂഡിൽസ്, പാസ്ത, സേമിയ, ദോശ, ഇഡലി, സൂപ്പ്
ആധുനിക രുചികൾക്കുതകുന്ന വിഭവങ്ങളായ ന്യൂഡിൽസ്, പാസ്ത, സേമിയ എന്നീ വിഭവങ്ങൾ ഗോതമ്പും. സോയയും മറ്റുമായി റാഗിയെ മിശ്രിതപ്പെടുത്തി കമ്പോളത്തിൽ ഇറക്കുന്നുണ്ട്.
നമ്മുടെ പരമ്പരാഗതമായ പ്രാതൽ വിഭവങ്ങളായ ദോശ, ഇഡലി എന്നിവയിലും റാഗി കൂടി ചേർക്കുമ്പോൾ അവ പോഷകങ്ങളുടെ കലവറയാകുന്നു. പ്രോട്ടീൻ, നാരുകൾ, കാൽസ്യം എന്നിവയുടെ തോത് കൂടുന്നു.
റാഗി കുറുക്കിയതിനുശേഷം പുളിയില്ലാത്ത തൈരും, ഉപ്പും, കുരുമുളകും ചേർത്ത് കുടിക്കുന്നത് നല്ല സൂപ്പാകുന്നു. റാഗി ചേർത്ത വട, പക്കോട, ബിസ്ക്കറ്റ് എന്നിവയും ഉണ്ടാക്കി വരുന്നുണ്ട്.