വയലോരങ്ങളിൽ വളരുന്ന വയൽച്ചുള്ളി ആയുർവേദത്തിൽ കോകിലാക്ഷം എന്നാണ് അറിയപ്പെടുന്നത്. ഔഷധഗുണത്തിൽ വാതപിത്തശമനം വയൽച്ചുള്ളി അരി ലൈംഗികാസക്തി വർദ്ധിപ്പിക്കും; ശരീരശക്തി ഉണ്ടാക്കും.
ആയുർവേദ ശാസ്ത്രപ്രകാരം വയൽച്ചുള്ളി അരി പ്രമേഹം. അതിസാരം, ശരീരത്തിലുണ്ടാകുന്ന പുകച്ചിൽ ഇവ ശമിപ്പിക്കും. വയൽച്ചുള്ളി വേര് പനിയും നീരും കുറയ്ക്കും. മൂത്രം വർദ്ധിപ്പിക്കും; വാതരക്തരോഗങ്ങൾക്ക് വളരെ ഫലം ചെയ്യും.
വയൽച്ചുള്ളിവേര് എട്ടിരട്ടി വെള്ളത്തിൽ കഷായം വെച്ച് നേർപകുതിയാക്കി അരിച്ച് 30 മില്ലി വീതം കാലത്തും വൈകിട്ടും പതിവായി കഴിക്കുന്നത് സോമരോഗങ്ങൾക്കും മഞ്ഞപ്പിത്തത്തിനും ശരീരമാകെയുണ്ടാകുന്ന വിളർച്ചയ്ക്കും വാതവികാരങ്ങൾക്കും നന്ന്. വയൽച്ചുള്ളിരി പൊടിച്ച് നാലു ഗ്രാം വീതം പാലിൽ കാച്ചി പഞ്ചസാര ചേർത്ത് ദിവസം രണ്ടു നേരം കഴിക്കുന്നത് പുരുഷന്മാരിൽ കാണുന്ന ഷണ്ഡത്വം മാറുന്നതിനു നന്നാണ്.
ഗാണോറിയയ്ക്ക് വയൽച്ചുള്ളി അരി അരച്ചു പാലിൽ കലക്കി കഴിക്കുകയോ പാലിൽ കാച്ചി ആറിയതിനു ശേഷം തേൻ ചേർത്തു കഴിക്കുകയോ ചെയ്യുന്നതു നന്നാണ്. വയൽച്ചുള്ളി സമൂലം ഉണക്കി തീകൊടുത്ത ചാമ്പലാക്കി വെള്ളത്തിൽ കലക്കി വെച്ചിരുന്ന് ഒരു രാത്രി കഴിഞ്ഞ കുറേശ്ശേ ദിവസം മൂന്നു നേരം കഴിക്കുന്നത് എല്ലാവിധ നീർക്കെട്ടിനും വിശേഷമാണ്. വയൽച്ചുള്ളി സമൂലം ഉണക്കിപ്പൊടിച്ച് ചാരായത്തിൽ കലക്കി നാലു മണിക്കൂറിടവിട്ട് വീണ്ടും വീണ്ടും കലക്കി വെച്ചിരുന്ന് ഒരു ദിവസം കഴിഞ്ഞതിനു ശേഷം 15 മില്ലി വീതം കാലത്തും ഉച്ചയ്ക്കും വൈകിട്ടും കഴിക്കുന്നത് മൂത്രാശ്മരിക്കും മൂത്രതടസ്സത്തിനും നന്ന്. അതിസാരത്തിന് വയൽച്ചുള്ളി അരി അരച്ച് മോരുകാച്ചി കഴിക്കുന്നത് വിശേഷമാണ്.
വയൽച്ചുള്ളി വേര് കഷായമാക്കി 25 മില്ലി വീതം തേൻ മോടിയാക്കി കഴിക്കുന്നത് എല്ലാവിധ വാതരക്തത്തിനും നന്ന്. ഇതിന്റെ ഇല തോരനാക്കി ദിവസവും ഭക്ഷണത്തിന്റെ കൂടെ കഷായം സേവിക്കുന്ന കാലത്ത് കഴിക്കുന്നത് ഏറ്റവും പ്രയോജനപ്രദമാണ്.