ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഔഷധസസ്യമാണ് വയമ്പ്. ഭാരതത്തിൻറെ മിക്കയിടങ്ങളിലും വ്യാവസായിക അടിസ്ഥാനത്തിൽ വയമ്പ് കൃഷിചെയ്യുന്നുണ്ട് നെല്ലിനു സമാനമായ രീതിയിൽ തന്നെയാണ് ഇതിൻറെ കൃഷിയും.
നെല്ല് പോലെ തന്നെ ഇതിൻറെ ഇലകൾക്ക് നല്ല കട്ടിയാണ്. 40 സെൻറീമീറ്റർ വരെ ഈ സസ്യം ഉയരം വയ്ക്കും. സംസ്കൃത നാമമായ "വച" യിൽ നിന്നാണ് വയമ്പ് എന്ന പേരു ഉണ്ടായതെന്ന് കരുതപ്പെടുന്നു. ഇംഗ്ലീഷിൽ ഇതിനെ 'സ്വീറ്റ് ഫ്ലാഗ്' എന്ന പേരിൽ അറിയപ്പെടുന്നു. നമ്മുടെ നാട്ടിൽ കുഞ്ഞുങ്ങൾക്ക് വയമ്പ് അരച്ച് നാവിൽ കൊടുക്കാറുണ്ട്. അതിനോടൊപ്പം സ്വർണ്ണവും ചേർക്കാറുണ്ട് വയമ്പും സ്വർണ്ണവും ബുദ്ധിക്ക് അത്യുത്തമമാണ്.വയമ്പ് നാവിൽ പുരട്ടുമ്പോൾ കുട്ടിക്ക് വേഗത്തിൽ സംസാരിക്കാൻ കഴിയും എന്നാണ് വിശ്വാസം.
ഇത് കഴിക്കുമ്പോൾ കുട്ടികൾക്ക് മതിയായ വിശപ്പ് ഉണ്ടാകുകയും ചെയ്യുന്നു. വയമ്പ് ബ്രഹ്മി, കടുക്, തിപ്പലി, ഇന്തുപ്പ്,കോട്ടം, നറുനീണ്ടിക്കിഴങ്ങ് എന്നിവ കൽക്കമാക്കി കാച്ചിയെടുത്ത നെയ്യ് കുട്ടികൾക്ക് കൊടുക്കുന്നത് വഴി ബുദ്ധിയും ഓർമശക്തിയും വർധിപ്പിക്കുമെന്ന് പഴമക്കാർ പറയുന്നു. വയമ്പിന്റെ കിഴങ്ങ് പൊടിയാക്കി ചെറുനാരങ്ങാനീര് ചേർത്ത് നെറ്റിത്തടത്തിൽ ഇട്ടാൽ തലവേദന മാറി കിട്ടും. കൂടാതെ ഇതിൻറെ കിഴങ്ങ് തേൻ ചേർത്ത് കഴിച്ചാൽ ശർദ്ദി മാറുന്നതായിരിക്കും.
ഇതിൻറെ ഇല പൊടിച്ച് ജൂസുകളിൽ ചേർക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുവാൻ ഗുണം ചെയ്യും. കേശ സംരക്ഷണത്തിനും ഇതിൻറെ ഇലയുടെ ഉപയോഗം നല്ലതാണ്. ഇത് താളിയാക്കി ഉപയോഗിക്കാം. വയമ്പും കുരുമുളകും ചേർത്ത് വീടുകളിൽ പുകക്കുന്നതും ആ പുക അപസ്മാര രോഗികൾ മൂക്കിലൂടെ വലിച്ചുകയറ്റുന്നത് രോഗം മാറുവാൻ നല്ലതാണ്. ഇതിൻറെ ഉണങ്ങിയ കിഴങ്ങ് അലമാരികളിലും മറ്റും സൂക്ഷിച്ചാൽ ഉപദ്രവകാരികളായ കീടങ്ങൾ ഇല്ലാതാകും. ഇത് ചേർത്ത് വരുന്ന ലായനി ഉപയോഗിക്കുന്നത് വീടുകളിൽ ബാക്ടീരിയകളെ നശിപ്പിക്കുന്നു.
പാട്ട് പഠിക്കുന്ന കുട്ടികൾക്ക് സ്വരശുദ്ധി ഉണ്ടാക്കുവാൻ വയമ്പ് നല്ലതാണ്. മുലപ്പാലിൽ വയമ്പ് അരച്ച് കുഞ്ഞുങ്ങളുടെ നാവിൽ നൽകുന്നത് വയറു വേദന മാറ്റുവാനുള്ള ഒറ്റമൂലിയാണ്. തേനിൽ ചേർത്ത് വയമ്പ് പ്രഭാതത്തിൽ കഴിക്കുന്നത് അപസ്മാരം ശമിപ്പിക്കുന്നു. വിരശല്യം, മൂത്രതടസ്സം എന്നീ പ്രശ്നങ്ങൾക്കും വയമ്പിന്റെ ഉപയോഗം നല്ലതാണ്. വയമ്പും ഇരട്ടി മധുരവും കൂടി കഷായംവെച്ച് കുട്ടികൾക്ക് നൽകുന്നത് പനി, ചുമ എന്നിവ മാറുവാൻ ഗുണം ചെയ്യും. ചെറിയ അളവിൽ അളവിൽ ഇത് കഴിക്കുന്നത് വഴി അസിഡിറ്റി ഇല്ലാതാകും. എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ വയമ്പ് നട്ടുപിടിപ്പിക്കുക.